|    Apr 21 Sat, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അട്ടിമറിശ്രമം പരാജയപ്പെടുത്തല്‍; തുര്‍ക്കി ജനതയെ അഭിനന്ദിച്ച് യില്‍ദിരിം

Published : 17th July 2016 | Posted By: SMR

അങ്കറ: സൈന്യത്തിന്റെ അട്ടിമറിശ്രമം പരാജയപ്പെടുത്തുന്നതിനായി ഒരുമിച്ചുനിന്ന തുര്‍ക്കി ജനതയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം. അട്ടിമറിശ്രമത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൈനിക സംവിധാനം പൂര്‍ണമായും അട്ടിമറിയെ അനുകൂലിച്ചിരുന്നില്ല. സമാന്തര സര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരു വിഭാഗമാണ് അട്ടിമറിക്കു പിന്നിലുള്ളത്. തുര്‍ക്കി പോലിസിനും ഈ അവസരത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു, സൈന്യത്തിലെ വിമത വിഭാഗത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിന്. കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും കാരണമായവര്‍ അറസ്റ്റിലായിട്ടുണ്ട്. അവര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു.
വധശിക്ഷ പരിഗണിക്കും: അതേസമയം, തുര്‍ക്കിയില്‍ സൈനിക അട്ടിമറിശ്രമം നടത്തിയവര്‍ക്ക് വധശിക്ഷ നല്‍കുന്നതു പരിഗണിക്കുമെന്ന് ഭരണകക്ഷി ജസ്റ്റിസ് ആന്റ് ലേബര്‍ പാര്‍ട്ടി ഉപനേതാവ് മെഹ്മൂദ് മുവെസ്സിനൊഗ്ലു. തുര്‍ക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ വിമത സൈനികരുടെ വധശിക്ഷ നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിക്കും.
അട്ടിമറിശ്രമം നടത്തിയതിന് 2,839 സൈനികരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഞ്ചു ജനറല്‍മാരും 29 കേണല്‍മാരുമടക്കം സമാന്തര ഭരണകൂടത്തിനു ശ്രമിച്ച സൈനിക ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അട്ടിമറിശ്രമത്തില്‍ പങ്കാളികളായ 700ഓളം സൈനികര്‍ തലസ്ഥാനമായ അങ്കറയില്‍ പോലിസിനു കീഴടങ്ങിയിരുന്നു.
എട്ടു സൈനികര്‍ ഗ്രീസില്‍ അഭയം തേടി: തുര്‍ക്കി അട്ടിമറിയെ അനുകൂലിച്ച എട്ടു സൈനികര്‍ ഗ്രീസില്‍ അഭയം തേടി. രാജ്യത്തെ വടക്കന്‍ നഗരം അലക്‌സാന്‍ഡ്രിയയിലെ വിമാനത്താവളത്തിലാണ് സൈനികരെത്തിയതെന്ന് ഗ്രീസ് പോലിസ് അറിയിച്ചു.
അതേസമയം, സൈനികരെ വിട്ടുതരണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവൂസൊഗ്ലു ഗ്രീസ് അധികൃതരോടാവശ്യപ്പെട്ടു. എട്ടുപേരെ ഉടന്‍ തന്നെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായി അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രീസ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് പ്രതികരിച്ചിരുന്നു.
2745 ജഡ്ജിമാരെ പിരിച്ചുവിട്ടു: അതേസമയം അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് രാജ്യത്തെ 2,745 ജഡ്ജിമാരെ പിരിച്ചുവിട്ടതായി തുര്‍ക്കിയിലെ ഹൈ കൗണ്‍സില്‍ ഫോര്‍ ജഡ്ജസ് ആന്റ് പ്രോസിക്യൂട്ടേഴ്‌സ് (എച്ച്എസ്‌വൈകെ) അറിയിച്ചു. രാജ്യത്തെ ഉന്നത ജുഡീഷ്യല്‍ സംവിധാനമായ എച്ച്എസ്‌വൈകെയിലെ അഞ്ചംഗങ്ങളും പുറത്താക്കിയവരിലുള്‍പ്പെടുന്നു.
ഗുലനെ തിരിച്ചയക്കുന്നതിന് അനുകൂലമെന്ന് യുഎസ്: തുര്‍ക്കി അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ഇസ്‌ലാമിക പണ്ഡിതന്‍ ഫത്തഹുല്ലാ ഗുലനെ രാജ്യത്തുനിന്നു തിരിച്ചയക്കാന്‍ തുര്‍ക്കി ആവശ്യപ്പെട്ടാല്‍ അനുകൂലമായി പ്രതികരിക്കാമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു. സൈന്യത്തിലെ ഗുലന്‍ അനുയായികളാണ് അട്ടിമറിശ്രമത്തിനു പിറകിലെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. പോലിസിലും കോടതിയിലും സൈനികവിഭാഗങ്ങളിലുമുള്ള അനുയായികളെ ഉപയോഗിച്ച് ഗുലന്‍ തുര്‍ക്കിയില്‍ സമാന്തര സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിക്കുന്നതായിട്ടാണ് ഗുലെന്‍ ഇന്നലെ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss