|    Oct 19 Fri, 2018 4:24 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അട്ടിമറിയിലെ വിദേശ പങ്കാളിത്തം

Published : 13th August 2016 | Posted By: SMR

ഡോ. സി കെ  അബ്ദുല്ല

രണ്ടാം ലോകയുദ്ധത്തിനുശേഷം സംജാതമായ ശീതയുദ്ധ പരിതസ്ഥിതിയില്‍ വിവിധ രാജ്യങ്ങളില്‍ നടന്ന ഭരണകൂട അട്ടിമറികളില്‍ സിഐഎയുടെ പങ്ക് സ്ഥാപിക്കുന്ന ധാരാളം പഠനങ്ങളുണ്ട്. തുര്‍ക്കി റിപബ്ലിക്കായതിനുശേഷം നടന്ന നാല് സൈനിക അട്ടിമറികളിലും സ്ഥിതി വ്യത്യസ്തമല്ല.  പശ്ചിമേഷ്യയിലെ കലു്വഷിത സാഹചര്യത്തില്‍ ഇസ്രായേലുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്ന ഒരു ഭരണകൂടം തുര്‍ക്കിയില്‍ പ്രതിഷ്ഠിക്കാന്‍ അമേരിക്കന്‍-ഇസ്രായേല്‍ സഖ്യം പദ്ധതിയിട്ടിരുന്നുവെന്ന് മില്ലിയത് ഗസീറ്റ പത്രം നിരീക്ഷിക്കുന്നുണ്ട്. യുഎസ് ആര്‍മിയും സിഐഎയുമായി ബന്ധപ്പെട്ട ചില സുപ്രധാന വ്യക്തികളുടെ പേരുകളും അവരുടെ പങ്കും വ്യക്തമാക്കുന്ന റിപോര്‍ട്ടുകള്‍ യെനിസഫാക് പത്രം പുറത്തുവിട്ടു. സഫാരി എന്ന പേരില്‍ ആസൂത്രണം ചെയ്യപ്പെട്ട തുര്‍ക്കി അട്ടിമറിയുടെ മുഖ്യ ആസൂത്രകന്‍ യുഎസ് ആര്‍മിയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ചുമതല വഹിക്കുന്ന ജനറല്‍ ജോണ്‍ കാംബെല്‍ ആണെന്നു പത്രം പറയുന്നു. അന്താരാഷ്ട്ര ഇടപെടലുകള്‍ക്കുവേണ്ടി യുഎസ് ആര്‍മി രൂപീകരിച്ച ഐസാഫ് വിഭാഗത്തിന്റെ തലവനായി കഴിഞ്ഞ രണ്ടുവര്‍ഷം ചുമതല വഹിച്ചിരുന്ന ഇയാള്‍ ഇക്കാലത്ത് പലതവണ തുര്‍ക്കിയില്‍ ക്യാംപ് ചെയ്തിരുന്നുവെന്നും തുര്‍ക്കി സൈനികരിലെ തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി 2015 മുതല്‍ പലതവണ രഹസ്യ യോഗങ്ങള്‍ നടത്തിയിരുന്നുവെന്നും തുര്‍ക്കി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് പത്രം പറയുന്നു. മെയ് 2016ല്‍ ഔദ്യോഗിക ചുമതല ഒഴിഞ്ഞ ശേഷവും ഇയാള്‍ രണ്ടുതവണയെങ്കിലും തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അട്ടിമറിയില്‍ പങ്കെടുത്ത തുര്‍ക്കി സൈനികര്‍ക്ക് പ്രതിഫലമായി നല്‍കിയ 200 കോടി ഡോളര്‍ നൈജീരിയയിലെ യുബിഎ ബാങ്ക് വഴി 80 സിഐഎ ഉദ്യോഗസ്ഥരുടെ പേരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനും പിന്‍വലിച്ച് തുര്‍ക്കി സൈനികര്‍ക്ക് വീതിച്ചുനല്‍കിയതിനും നേതൃത്വം കൊടുത്തത് ഇയാളാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
വാഷിങ്ടണിലെ വില്‍സണ്‍ സെന്റര്‍ പോളിസി സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടറായ ഡോ. ഹെന്റി ബര്‍കി എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ് അട്ടിമറിയില്‍ പങ്കുള്ളതായി യെനിസഫാക് പുറത്തുവിട്ട രണ്ടാമത്തെ അമേരിക്കന്‍ കഥാപാത്രം. ഫത്ത്ഹുല്ലാ ഗുലനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ സിഐഎ വൈസ് ചെയര്‍മാന്‍ ഗ്രഹാം ഫുള്ളറുമായി ചേര്‍ന്ന് രചിച്ച തുര്‍ക്കിയുടെ കുര്‍ദ് പ്രശ്‌നം’ എന്ന കൃതിയാണ് ബര്‍കിയുടെ മാസ്റ്റര്‍പീസ്. ഗുലനെ തുര്‍ക്കിക്ക് വിട്ടുകൊടുക്കരുതെന്ന് ഗ്രഹാം ഫുള്ളര്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു റിപോര്‍ട്ടുമുണ്ട്. അട്ടിമറിശ്രമത്തിന്റെ അതേദിവസം ഇസ്താംബൂളിനടുത്തുള്ള പ്രിന്‍സസ് ദ്വീപിലെ സ്‌പ്ലെന്‍ഡിഡ് ഹോട്ടലില്‍ അടച്ചിട്ട മുറിയില്‍ ബര്‍കിയും മറ്റു 17 വിദഗ്ധരും (അവരില്‍ അധികവും വിദേശികളായിരുന്നു) മണിക്കൂറുകള്‍ നീണ്ട യോഗം ചേര്‍ന്നിരുന്നുവെന്നും യോഗത്തിനിടെ അവര്‍ അട്ടിമറി സംഭവങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നുവെന്നും ബര്‍കി നിരന്തരമായി ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ജൂലൈ 16 പ്രഭാതം വരെ ഈ യോഗം തുടര്‍ന്നിരുന്നുവെന്നും തുര്‍ക്കി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് യെനിസഫാക് പറയുന്നു.
സിറിയയിലെ ഐഎസ് വിരുദ്ധ ആക്രമണത്തിന്റെ മറവില്‍ അമേരിക്കന്‍ ഐക്യസേന ഉപയോഗിക്കുന്ന തുര്‍ക്കിയിലെ ഇനിക്രിലിക് വ്യോമതാവളത്തില്‍നിന്ന് അട്ടിമറിയെ പിന്തുണയ്ക്കുന്ന നീക്കങ്ങളുണ്ടായതായുള്ള റിപോര്‍ട്ടുകള്‍ ഒന്നിലധികം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് ഉര്‍ദുഗാന്റെ വിമാനത്തെ ആക്രമിക്കാന്‍ നിയുക്തമായിരുന്ന തുര്‍ക്കി വ്യോമസേനയുടെ രണ്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ക്ക് ഇസ്താംബൂള്‍ വിമാനത്താവളത്തിനു മുകളില്‍ മണിക്കൂറുകള്‍ തങ്ങിനില്‍ക്കാന്‍ ആവശ്യമായ ഇന്ധനവും സാങ്കേതിക പിന്തുണയുമായി ഈ വ്യോമതാവളത്തില്‍നിന്ന് അമേരിക്കന്‍ സേനയുടെ നാല് ബോയിങ് കെസി-135 വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. വ്യോമതാവളത്തിലെ തുര്‍ക്കി കമാന്‍ഡര്‍ അട്ടിമറിക്കാരിലെ പ്രധാന കണ്ണിയായിരുന്നു. ഇയാളടക്കമുള്ള സൈനികര്‍ക്കെതിരേ തുര്‍ക്കി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഫോഴ്‌സ് തലവന്‍ ജനറല്‍ ജോസഫ് വോട്ടേല്‍ നടത്തിയ പരാമര്‍ശത്തിനെതിരേ തുര്‍ക്കി പ്രസിഡന്റ് തന്നെ രംഗത്തുവന്നിരുന്നു. തുര്‍ക്കി സൈന്യത്തില്‍ നാം ഇടപാട് നടത്തിയിരുന്ന പല ശ്രേഷ്ഠരും ഇരുമ്പഴിക്ക് പിന്നിലാവുകയോ സൈന്യത്തില്‍നിന്ന് പുറത്താവുകയോ ചെയ്തത് വേദനിപ്പിക്കുന്നതാണ് എന്നായിരുന്നു വോട്ടേലിന്റെ സങ്കടം. അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാരിനെ തകര്‍ത്തതും  ഇറാഖില്‍ സദ്ദാം സര്‍ക്കാരിനെ തകര്‍ത്തതുമടക്കം പല മുസ്‌ലിംലോക വിമോചനങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വോട്ടേലിന്റെ തൊപ്പിയിലെ പ്രധാന പൊന്‍തൂവല്‍ 2013ല്‍ ഉസാമ ബിന്‍ ലാദിനെ പിടികൂടിയതിന് നേതൃത്വം കൊടുത്തതാണ്. ഇപ്പോള്‍ സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പരിശീലനം കൊടുക്കുന്ന പ്രത്യേക ‘മോഡറേറ്റ്’ സേനയെ നിയോഗിച്ചതും ഇനിക്രിലിക് വ്യോമതാവളത്തില്‍നിന്നുയരുന്ന യുദ്ധവിമാനങ്ങള്‍ വടക്കന്‍ സിറിയയിലെ ജനകീയ കേന്ദ്രങ്ങളില്‍ ബോംബിടാന്‍ തുടങ്ങിയതും വോട്ടേല്‍ നേരിട്ട് സിറിയ സന്ദര്‍ശിച്ചതിനുശേഷമായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. സിറിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം കാണിക്കുന്ന തുര്‍ക്കിക്കെതിരേ ജനവികാരം ഉയരാന്‍ ഈ ആക്രമണങ്ങള്‍ കാരണമായിരുന്നു. ഏതായാലും അട്ടിമറിയുടെ ഗൂഢാലോചനാകേന്ദ്രമായി വര്‍ത്തിച്ച ഇനിക്രിലിക് വ്യോമതാവളം അടച്ചുപൂട്ടണമെന്ന് തുര്‍ക്കികള്‍ മുറവിളി കൂട്ടുന്നുണ്ട്.
ജൂലൈ 15ന് രാത്രി അങ്കാറയിലെ അമേരിക്കന്‍ എംബസി ഇറക്കിയ ഒരു അടിയന്തര ആഭ്യന്തര അറിയിപ്പില്‍ ഇസ്താംബൂള്‍ കേന്ദ്രീകരിച്ച് ഏതാനും മണിക്കൂറുകള്‍ മുമ്പ് ‘ജനകീയ വിപ്ലവം’ തുടങ്ങിയിട്ടുണ്ടെന്നും അമേരിക്കന്‍ പൗരന്മാര്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അട്ടിമറിനീക്കം പരാജയപ്പെട്ടതോടെ, തങ്ങള്‍ മാധ്യമറിപോര്‍ട്ടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ അംബാസഡര്‍ നല്‍കിയ വിശദീകരണം. തുര്‍ക്കിയിലെ ഔദ്യോഗിക വാര്‍ത്താ ചാനലായ ടിആര്‍ടി അട്ടിമറിക്കാര്‍ പിടിച്ചെടുത്ത പ്രഖ്യാപനത്തിന്റെ മുമ്പ് അത്തരമൊരു വാര്‍ത്തയും ആഭ്യന്തര മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്നാല്‍, ഫോറിന്‍ സ്‌കൂപ്പുകള്‍ പ്രധാന വാര്‍ത്തകളാക്കിയ അറബ് ലോകത്തെ ചില മാധ്യമങ്ങള്‍ ജൂലൈ 16ലെ പ്രഭാതപത്രങ്ങള്‍ നേരത്തേ പ്രിന്റ് ചെയ്ത് തുര്‍ക്കിയിലെ ജനാധിപത്യത്തിന് വെള്ളപുതയ്ക്കുന്നത് സ്വപ്‌നംകണ്ടുറങ്ങിയെങ്കിലും നേരം പുലര്‍ന്നപ്പോള്‍ ലോകം വേറെ ചര്‍ച്ചയിലായിരുന്നു. തുര്‍ക്കി അട്ടിമറിശ്രമത്തിന്റെ ഒരാഴ്ച മുമ്പ് ഈജിപ്ത് അട്ടിമറി ആസൂത്രണം ചെയ്യപ്പെട്ട ഒരു അറബ് കൊട്ടാരത്തില്‍ ഫത്ത്ഹുല്ലാ ഗുലന്‍ സന്ദര്‍ശകനായിരുന്ന വാര്‍ത്തയും ചില സാമൂഹികമാധ്യമങ്ങള്‍ ഉദ്ധരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, തുര്‍ക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വന്‍ പദ്ധതി ലോകത്തെ പലരും അറിഞ്ഞപ്പോഴും തുര്‍ക്കികള്‍ മാത്രം അവസാന മണിക്കൂറുകള്‍ വരെ ഒന്നുമറിഞ്ഞില്ല.
പാളിയ അട്ടിമറിയില്‍ അമേരിക്കയുടെയോ മറ്റ് വൈദേശിക ശക്തികളുടെയോ പങ്കിനെ കുറിച്ച് തുര്‍ക്കി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും ഉന്നയിച്ചിട്ടില്ലെങ്കിലും തുര്‍ക്കി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോടുള്ള വാഷിങ്ടണിന്റെ പ്രതികരണങ്ങളില്‍ അസ്വസ്ഥത നിറയുന്നുണ്ട്. ഫത്ത്ഹുല്ലാ ഗുലനെ തുര്‍ക്കിക്ക് കൈമാറാതെ പരമാവധി കരുക്കള്‍ ഇനി കളിക്കളത്തില്‍ നിരക്കും.    അതിനിടെ, റഷ്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ തുര്‍ക്കി തീരുമാനിച്ചത് പുതിയൊരു സംഭവവികാസമാണ്. ആഗസ്ത് ഒമ്പതിന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന പുടിന്‍-ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നേരത്തേ തീരുമാനിച്ചതായിരുന്നുവെങ്കിലും പാളിയ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ അതിനു പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. 2015 നവംബറിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പരസ്പര സഹകരണം പുനസ്ഥാപിക്കുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തുര്‍ക്കി സൈന്യത്തിലെ ഗുലനിസ്റ്റുകളെ ഉപയോഗിച്ച് റഷ്യക്കും തുര്‍ക്കിക്കുമിടയില്‍ യുദ്ധത്തിന് കോപ്പുകൂട്ടാന്‍ പദ്ധതിയിട്ട നീക്കത്തിനു പിന്നിലെ ശക്തിയെ തുര്‍ക്കിക്ക് അറിയാമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. അട്ടിമറിയുമായി ബന്ധപ്പെട്ട പല വിവരങ്ങളും റഷ്യന്‍ കെജിബി തുര്‍ക്കി ഇന്റലിജന്‍സിനു കൈമാറിയിട്ടുണ്ടെന്ന് ചില തുര്‍ക്കി പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മറുവശത്ത്, തുര്‍ക്കി-ഇറാന്‍-റഷ്യ അച്ചുതണ്ടിന്റെ ഒരു പുതിയ സഖ്യം ശക്തിപ്പെടാനുള്ള സാധ്യത സൂചിപ്പിച്ച ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഇബ്രാഹീം റഹീം ബുര്‍, സിറിയന്‍ പ്രശ്‌നത്തില്‍ മൂന്നു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു പരിഹാരം സാധ്യമാണെന്നും പറയുന്നത് കേട്ടു. തുര്‍ക്കിയാവട്ടെ, പഴയ നിലപാടില്‍നിന്ന് വ്യത്യസ്തമായി സിറിയന്‍ പ്രശ്‌നപരിഹാരത്തിനു റഷ്യയുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാവില്ല എന്നാണിപ്പോള്‍ പറയുന്നത്. ബശ്ശാറുല്‍ അസദ് പടിയിറങ്ങുക എന്നത് സിറിയന്‍ പ്രശ്‌നത്തില്‍ തുര്‍ക്കിയുടെ മുന്‍ഗണനയല്ലാതായിട്ടുണ്ടെന്നു ഖബര്‍ തുര്‍ക് പത്രം പറയുന്നു. എന്റെ പേര് ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ച് സിറിയന്‍ സ്വേച്ഛാധിപതി പയ്യെ എഴുന്നേല്‍ക്കുന്നത് നോക്കിനില്‍ക്കേണ്ട അവസ്ഥയാണ് സിറിയയില്‍ ബിനാമി യുദ്ധങ്ങള്‍ നടത്തുന്നവര്‍ നേരിടാന്‍ പോവുന്നതെന്നു തോന്നുന്നു.

    (അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss