|    Nov 20 Mon, 2017 1:20 pm
Home   >  Todays Paper  >  page 12  >  

അട്ടിമറിനീക്കവുമായി കമ്പനി ലോബികളും ഡോക്ടര്‍മാരും

Published : 12th August 2017 | Posted By: fsq

 

സമദ് പാമ്പുരുത്തിജന്‍

ഔഷധി മരുന്നുവില്‍പനശാല ഡല്‍ഹിയിലാണ് ആദ്യം തുറന്നത്. 178 ഔട്ട്‌ലെറ്റുകളായിരുന്നു ആദ്യഘട്ടത്തില്‍. പിന്നീട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ രാജ്യത്തുടനീളം 2,149 ജന്‍ഔഷധി സ്‌റ്റോറുകളുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍- 301. കേരളത്തില്‍ 261. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അലോപ്പതി ജനറിക് മരുന്നുകള്‍ ഇതിലൂടെ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. രാജ്യാന്തര ഗുണനിലവാര മാനദണ്ഡമായ നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബ്രേഷന്‍ (എന്‍എബിഎല്‍) സാക്ഷ്യപ്പെടുത്തിയ ജനറിക് മരുന്നുകള്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്, ബംഗാള്‍ കെമിക്കല്‍സ് എന്നിവ ഉല്‍പാദിപ്പിക്കുന്ന ബ്രാന്‍ഡ് നാമമില്ലാത്ത മരുന്നുകളാണ് ജന്‍ഔഷധി വഴി വില കുറച്ചു നല്‍കുന്നത്. പൊതു-സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ജനറിക് മരുന്നുകള്‍ സര്‍ക്കാര്‍ ലാബില്‍ ഗുണനിലവാരം പരിശോധിച്ചശേഷം ‘ജന്‍ഔഷധി’ എന്ന ബ്രാന്‍ഡിലും വിതരണം ചെയ്യുന്നുണ്ട്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ക്കെല്ലാം രാജ്യത്തെവിടെയും ഏകീകൃത വിലയാണ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. വിവിധതരം ജീവന്‍രക്ഷാ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 757 ഉല്‍പന്നങ്ങള്‍ 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ജന്‍ഔഷധി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. എന്നുകരുതി അവിടെ ചെന്നാലുടന്‍ ആവശ്യമുള്ള ഔഷധങ്ങള്‍ ലഭിക്കണമെന്നില്ല. ഡോക്ടര്‍മാരുടെ കുറിപ്പടിയിലാണ് കാര്യങ്ങള്‍. ജനറിക് മരുന്നുകളായാണ് ജന്‍ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകളുടെ വില്‍പന. എന്നാ ല്‍, മിക്ക ഡോക്ടര്‍മാരും കുറിക്കുന്നതാവട്ടെ ബ്രാന്‍ഡ്് നാമത്തിലുള്ള മരുന്നുകളും. ജനറിക് മരുന്നുകള്‍ മരുന്നുകമ്പനികളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ പുറത്തുവരുമ്പോഴാണ് അവയ്ക്ക് കമ്പനി തിരിച്ചുള്ള പേരുകള്‍ ലഭിക്കുന്നത്. മരുന്നു കുറിപ്പടിയില്‍ ബ്രാന്‍ഡ് നാമത്തിനു പകരം ജനറിക് പേരുകള്‍ എഴുതണമെന്നും മരുന്നുകളുടെ പേരുകള്‍ വ്യക്തമായി മനസ്സിലാവുന്നതരത്തില്‍ എഴുതണമെന്നുമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഇതു ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. സൗജന്യ ജനറിക് മരുന്നുകള്‍ ലഭ്യമായ റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍പ്പോലും കേന്ദ്രനിയമം നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പോലും ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും ബ്രാന്‍ഡഡ് മരുന്നുകളാണ് പ്രിയം. എന്നിട്ടല്ലേ ജന്‍ഔഷധി. വില കുറഞ്ഞ ജനറിക് മരുന്നുകള്‍ ഉപയോഗിച്ചും രോഗം ഭേദപ്പെടുത്താമെന്നാണ് ലോകാരോഗ്യസംഘടനപോലും പറയുന്നത്. എന്നാല്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയേറിയ മരുന്നുകള്‍ ഗുണമേന്മയുടെ കാര്യത്തിലും മികച്ചതായിരിക്കുമെന്നാണ് ഇപ്പോഴും ജനങ്ങളുടെ തെറ്റായ ധാരണ. ഇത് മുതലെടുക്കാന്‍ മരുന്നുകമ്പനി ലോബികളും അവരുടെ ഇടനിലക്കാരായ ഡോക്ടര്‍മാരും യഥേഷ്ടം രംഗത്തുള്ളപ്പോള്‍ അവര്‍ എങ്ങനെ ജനറിക് മരുന്നുകള്‍ പ്രോല്‍സാഹിപ്പിക്കും. ഗുണനിലവാരത്തെക്കുറിച്ച് ഉറപ്പുലഭിക്കാതെ രാസനാമത്തില്‍ മരുന്നെഴുതാനാവില്ലെന്നാണ് ഒരുവിഭാഗം ഡോക്ടര്‍മാരുടെ വാദം. കേരളത്തില്‍ ഒരുവര്‍ഷം 10,000 കോടിക്ക് മുകളിലാണ് മരുന്നുവിപണനം. എന്നാല്‍, ഗുണനിലവാരം ഉറപ്പാക്കിയ ജനറിക് മരുന്നുകള്‍ വ്യാപകമായാല്‍ ഈ കച്ചവടം 6,000 കോടിയിലേക്ക് കൂപ്പുകുത്തും. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ബിസിനസിനെയാണ് ഇതു ബാധിക്കുക. ഇതു വഴി നേട്ടമുണ്ടാക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വരുമാനവും ഇടിയും. അപ്പോള്‍ പിന്നെ ജനറിക് മരുന്നുകള്‍ തേടി രോഗികള്‍ ഒരിക്കലും ജന്‍ഔഷധി സ്‌റ്റോറുകളെ സമീപിക്കില്ലെന്നു ചുരുക്കം. പിന്നെ എങ്ങനെ ഈ പദ്ധതി ജനകീയമാവും. കമ്പനിയുടെ പേര് ഡോക്ടര്‍ എഴുതുന്നതിനാല്‍ രോഗികള്‍ വലിയ വില നല്‍കി മരുന്ന് പുറമേ നിന്നു വാങ്ങേണ്ട അവസ്ഥയാണ്. അതിനാല്‍, സാധാരണക്കാരായ രോഗികളുടെ ക്യൂ ഇപ്പോഴും സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കു മുന്നിലാണ്. മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെ. കോഴിക്കോട് ജില്ലയില്‍ രോഗികള്‍ക്ക് ആശ്രയമാവേണ്ടിയിരുന്ന ജന്‍ഔഷധി മെഡിക്ക ല്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നത് മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജിലെ രണ്ടാംനിലയില്‍. അഡ്മിറ്റായ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത്, ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് നല്‍കിയാണ്. ജന്‍ഔഷധിയില്‍നിന്ന് മരുന്നു വാങ്ങി ബില്ല് ആശുപത്രിയിലെ ഫാര്‍മസിയില്‍ രേഖപ്പെടുത്തുന്ന രീതിയാണ് മാനേജ്‌മെന്റ് നടത്തുന്നത്. കണ്ണൂരിലും സ്ഥിതി മറ്റൊന്നല്ല. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് എതിര്‍വശത്ത് റാബി ടവറിലാണ് ജന്‍ഔഷധി മരുന്നുശാലയുടെ പ്രവര്‍ത്തനം. എന്നാല്‍, സാധാരണക്കാരില്‍ ഏറെപേര്‍ക്കും ഇതേക്കുറിച്ച് ഇപ്പോഴും യാതൊരു തിട്ടവുമില്ല.നാളെ: മരുന്നിനുപോലും മരുന്നില്ല; നോക്കുകുത്തികളായി ജന്‍ഔഷധി

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക