|    Oct 24 Wed, 2018 6:56 am
FLASH NEWS

അട്ടിമറിക്കാന്‍ ശ്രമമെന്ന ആക്ഷേപവുമായി സിപിഐ അനുകൂല സംഘടന

Published : 20th December 2017 | Posted By: kasim kzm

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും കാബിനറ്റും അംഗീകരിച്ച റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് സിപിഐ അനുകൂല റേഷന്‍ വ്യാപാര സംഘടനരംഗത്ത.്് റേഷന്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച പാക്കേജ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍  നവംബര്‍ 10ന് ദേശീയഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തെ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് മിനിമം കമ്മീഷന്‍ ഉറപ്പാക്കിക്കൊണ്ടുള്ള പാക്കേജ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പാക്കേജ് പ്രകാരം 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന റേഷന്‍ കടകള്‍ക്ക് പ്രതിമാസം 16,000 രൂപ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ക്വിന്റലിന് 220 രൂപ കമ്മീഷനും 6100 രൂപ അനുബന്ധചെലവായി സര്‍ക്കാര്‍ നല്‍കുന്നതും കൂട്ടിയാണ് ഈ തുക പാക്കേജില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ ഒരു റേഷന്‍ കടപോലും നിര്‍ത്തലാക്കില്ലെന്ന ഉറപ്പും വ്യാപാരികള്‍ക്ക് നല്‍കിയിരുന്നു. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ കഴിയാത്ത റേഷന്‍ കടകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകള്‍ പുനക്രമീകരിക്കുമെന്നും എല്ലാ കടകളിലും കുറഞ്ഞത് 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണത്തിനായി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഈ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. റേഷന്‍ കടകളില്‍ പ്രതിമാസം 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്ന അളവ് 75 ക്വിന്റലാക്കി ഉയര്‍ത്താനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ അനൗപചാരികമായി ഉദ്യോഗസ്ഥര്‍ ഈ വിവരം വ്യാപാരികളെ അറിയിച്ചിട്ടുമുണ്ട്. ഉദ്യോഗസ്ഥ നീക്കം സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനും കാബിനറ്റ് തീരുമാനത്തിനും വിരുദ്ധമാണെന്നും വിവരം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, സെക്രട്ടറി എസ് സുരേന്ദ്രന്‍, എന്‍ ഷിജീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss