|    Nov 17 Sat, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അട്ടപ്പാടി വികസനം: സര്‍ക്കാര്‍ വാക്കു പാലിക്കണം

Published : 22nd March 2018 | Posted By: kasim kzm

അട്ടപ്പാടിയില്‍ സംഭവിക്കുന്നത് – 6 – പി എച്ച് അഫ്‌സല്‍

ഭരണവര്‍ഗവും മനസ്സു നഷ്ടപ്പെട്ട ബ്യൂറോക്രസിയും ഭൂമാഫിയയുമാണ് അട്ടപ്പാടിയെ ദുരന്തഭൂമിയാക്കിയത്. തലതിരിഞ്ഞ വികസന പദ്ധതികള്‍ കാടിന്റെ മക്കളെ പുറമ്പോക്കിലേക്ക് തള്ളി. രാഷ്ട്രീയക്കാര്‍ കൈയേറ്റ മാഫിയകളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് വിശാലമായ കൃഷിഭൂമിയില്‍ നിന്ന് ഗോത്രവര്‍ഗത്തെ കുടിയിറക്കി. കൃഷിഭൂമിയില്‍ കൂര കെട്ടി താമസിച്ചവരെ കോളനിയിലേക്ക് പറിച്ചുനട്ടു. ഊരു വികസന പദ്ധതികളുടെ പേരില്‍ കോടികളാണ് അട്ടപ്പാടിയിലേക്ക് ഒഴുകിയത്.
ഭവനനിര്‍മാണങ്ങളുടെ പേരില്‍ നടന്ന വന്‍ തട്ടിപ്പുകളുടെ കഥയാണ് ഷൊളയൂര്‍ പഞ്ചായത്തിലെ വെള്ളികുളം ഊരിനു പറയാനുള്ളത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കോഴിക്കൂട് പോലുള്ള 148 വീടുകള്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ കെ ബാലന്‍ മന്ത്രിയായിരുന്നപ്പോ ള്‍ വച്ചുനല്‍കിയതാണ് അതിലെ 107 വീടുകള്‍. സാറേ, ഞങ്ങള്‍ക്ക് നല്ല വീട് കെട്ടിത്തന്നില്ല. മഴ വന്നാല്‍ എല്ലാം ചോരും. പാവപ്പെട്ട ആദിവാസികളായതു കൊണ്ടല്ലേ ഇങ്ങനെ പറ്റിക്കുന്നത്. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ കൂരയ്ക്കുള്ളിലാണെന്ന് ഊരുനിവാസി റാണി പറയുന്നു. കുട്ടികളെ എടുത്ത് ഉറങ്ങാതെ കാത്തിരിക്കേണ്ട ഗതികേടാണ് ഞങ്ങള്‍ക്ക്.
വീടിന്റെ ജനലുകളും വാതിലുമെല്ലാം തകര്‍ന്നു. 1,25,000 രൂപയാണ് ഓരോ വീടിനും സര്‍ക്കാര്‍ അനുവദിച്ചത്. വീട് പുനര്‍നിര്‍മിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു കൊല്ലം മുമ്പ് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സമാനമാണ് മൂലഗംഗല്‍ ഊരിലെയും അവസ്ഥ. 60 വീടുകളാണ് ഊരിലുള്ളത്. ഇതില്‍ 26 എണ്ണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ചോര്‍ന്നൊലിക്കുന്ന വീടുകള്‍. പകുതിയിലധികം വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ തികയുന്നില്ലെന്ന് ഊരുമൂപ്പന്‍ സുരേഷ് പറഞ്ഞു.
സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കിയ മിക്ക കക്കൂസുകളും ഉപയോഗശൂന്യമാണെന്ന് ആദിവാസികള്‍ പരാതിപ്പെട്ടു. വാതിലുകളും മേല്‍ക്കൂരയും തകര്‍ന്ന കക്കൂസുകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.
അട്ടപ്പാടിയിലെ 192 ഊരുകളിലെ ആദിവാസികളും സമാന പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ചാല്‍ ബോധ്യമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചൂഷണാത്മക പദ്ധതികള്‍ ഊരുനിവാസികളുടെ നടുവൊടിച്ചുകഴിഞ്ഞു. വഞ്ചനയുടെ നൂറുനൂറു കഥകളാണ് ഓരോ ആദിവാസിക്കും പറയാനുള്ളത്.
ആദിവാസികള്‍ക്ക് വീട് പണിയുന്നതിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. 2011 മുതല്‍ 2016 വരെ 24,314 വീടുകള്‍ പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ചെങ്കിലും 6,640 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടപ്പാടിയിലെ 2,957 വീടുകളുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
16 വര്‍ഷം മുമ്പ് ആദിവാസി പുനരധിവാസ മിഷന്റെ രൂപവത്കരണം ആദിവാസികളില്‍ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അതും ഫലം കണ്ടില്ല. ഭൂരഹിതര്‍ക്കും ഒരേക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ക്കും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ നല്‍കി പുനരധിവസിപ്പിക്കാനുള്ളതായിരുന്നു പദ്ധതി. ഇതു പ്രകാരം നടത്തിയ കണക്കെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ 27,491 ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ലെന്നും 30,981 കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ താഴെ മാത്രമാണ് ഭൂമിയുള്ളതെന്നും കണ്ടെത്തി. ഇതില്‍ 7719 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഭൂമി നല്‍കാനായത്. ആദിവാസികള്‍ക്കു വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന എല്ലാ പദ്ധതികളുടെയും ഗതി ഇതുതന്നെയാണ്. പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന പദ്ധതികള്‍ ആദിവാസികളുടെ വികസനം മുരടിപ്പിച്ചു.
ഗോത്രവര്‍ഗത്തിന്റെ സ്വര്‍ഗഭൂമിയായിരുന്നു മല്ലീശ്വരന്‍ മുടിയുടെ താഴ്‌വര. പശ്ചിമഘട്ട മലനിരകളും നിശ്ശബ്ദ താഴ്‌വരയും ഭവാനി പുഴയുമെല്ലാം ആദിവാസികളെ ചേര്‍ത്തുനിര്‍ത്തിയ ഇടം. വനവും കാട്ടരുവികളും പുഴയും അവര്‍ക്ക് ജീവനോപാധികള്‍ നല്‍കി. 1951നു ശേഷം കുടിയേറ്റം തുടങ്ങിയതോടെയാണ് അട്ടപ്പാടിയുടെ മുഖച്ഛായ മാറുന്നത്.
ജീവിതമാര്‍ഗം തേടിയെത്തിയ ക്രൈസ്തവ കുടിയേറ്റക്കാര്‍ അട്ടപ്പാടിയെ പൊന്നു വിളയിക്കുന്ന ഇടമാക്കി. ഗോത്രവര്‍ഗത്തിന്റെ പരമ്പരാഗത വിളകള്‍ക്കു പകരം കുടിയേറ്റ കര്‍ഷകര്‍ കാപ്പിയും കുരുമുളകും കപ്പയുമെല്ലാം അട്ടപ്പാടിയില്‍ വിളയിച്ചെടുത്തു. ആറു പതിറ്റാണ്ടിനിടെ മലയോര കര്‍ഷകരുടെ വന്‍തോതിലുള്ള കുടിയേറ്റമാണ് അട്ടപ്പാടിയിലേക്ക് ഉണ്ടായത്. 1951ല്‍ 1,100 ഉണ്ടായിരുന്ന കുടിയേറ്റ കര്‍ഷകരുടെ ജനസംഖ്യ 2018 ആയതോടെ 34,473 ആയി. കുടിയേറ്റം വ്യാപകമായിട്ടും ആദിവാസികളും കുടിയേറ്റ കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, കൈയേറ്റക്കാരും ഭൂമാഫിയയും അട്ടപ്പാടിയെ ലക്ഷ്യമാക്കിയതോടെയാണ് ആദിവാസികളുടെ ദുരിതകാലം തുടങ്ങുന്നത്.
കാടിനു പുറത്തു ലോകം വികസിക്കുമ്പോഴും ആദിവാസികള്‍ സ്വന്തം കാട്ടില്‍ അന്യരാക്കപ്പെടുകയാണ്. ആദിവാസികള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. അടച്ചുറപ്പുള്ള വീടോ കൃഷി ചെയ്യാന്‍ ഭൂമിയോ ഇല്ലാത്തതാണ് നിലവില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കുമുള്ള മികച്ച സൗകര്യങ്ങളും അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ പട്ടയവും മറ്റു രേഖകളുമില്ലാതെ നെട്ടോട്ടമോടുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം. കാടു കൈയേറി നിയമലംഘനം നടത്തിയവരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് കൈമാറണം.
വികാരപ്രകടനങ്ങള്‍ക്കപ്പുറം ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആസൂത്രിതമായ പദ്ധതികളാണ് ആവശ്യം. ചൂഷകരെ ഇടനിലക്കാരാക്കാതെ സര്‍ക്കാര്‍ പദ്ധതികള്‍ ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കാന്‍ തയ്യാറാകണം. മോഹങ്ങളും വാഗ്ദാനങ്ങളുമല്ല സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വച്ചുനീട്ടേണ്ടത്. ആദിവാസികളുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതും ജീവിതനിലവാരം ഉയര്‍ത്തുന്നതുമായ പദ്ധതികളാണ് അവര്‍ക്ക് ആവശ്യം; ഇച്ഛാശക്തിയുള്ള ഭരണവര്‍ഗവും.

(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss