|    Oct 16 Tue, 2018 11:01 am
FLASH NEWS

അട്ടപ്പാടി മേഖലയില്‍ വന്യജീവിശല്യം രൂക്ഷമാവുന്നു

Published : 3rd December 2017 | Posted By: kasim kzm

അഗളി: ഒരിടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും വന്യജീവി ശല്യം രൂക്ഷമാവുന്നു. അഗളി പഞ്ചായത്തിലെ മേട്ടുവഴി, പല്ലിയറ, ചിറ്റൂര്‍, ആനഗദ്ദ പ്രദേശങ്ങളിലും ഷോളയൂര്‍ പഞ്ചായത്തിലെ കൊറവന്‍പ്പാടി മൂച്ചികടവ്, ചുണ്ടകുളം, സാമ്പാര്‍കോട് പ്രദേശങ്ങളിലുമാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. രാത്രിയാവുന്നതോടെ  ആനകള്‍ കൂട്ടമായെത്തി പ്രദേശത്തെ കൃഷി നശിപ്പിക്കുക പതിവായിരിക്കുകയാണ്.
ഇതിന് പുറമേ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണവും.  ബാങ്ക് വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടാകുന്നത്.
മേട്ടുവഴി, നെല്ലിപ്പതി പ്രദേശങ്ങളിലെ ലീല തിവരി, വിദ്യാധരന്‍, ചിന്നസ്വാമി, കമല രാമചന്ദ്രന്‍ എന്നിവരുടെ വാഴകള്‍ കഴിഞ്ഞ ദിവസം ആനകള്‍ നശിപ്പിച്ചിരുന്നു. അതേസമയം, വന്യജീവികള്‍ നാട്ടുകാരുടെ  ഉറക്കം കെടുത്തുമ്പോഴും  ഇവയെ  നേരിടാന്‍ ആവശ്യമാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് വനം വകുപ്പ്.  നിലവില്‍ ഈ പ്രദേശങ്ങളില്‍ ഏഴ് ആനകളും ഒരു കുട്ടിയാനയും നിലയുറപ്പിച്ചിട്ടുണ്ട്.
അഗളി കേന്ദ്രീകരിച്ച് വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാട്ടാനയെ നേരിടാന്‍  ഓലപടക്കവും കുറുവടിയും മാത്രമാണ് ഇവരുടെ പക്കലുള്ളത്.  മണ്ണാര്‍ക്കാട് ഡിവിഷന് കീഴിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന് മാത്രമാണ് റബര്‍ ബുള്ളറ്റും മറ്റ്  ആധുനിക സൗകര്യങ്ങളുമുള്ളത്.
അഗളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എലിഫന്റ് സ്‌ക്വാഡില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍, രണ്ട് ഗാര്‍ഡ്, അഞ്ച് വാച്ചര്‍ എന്നിവരാണ് ഉള്ളത്.  വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പല വേദികളിലും ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനായി അടുത്ത ദിവസങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിച്ച് സിഎംപിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ചിന്നതടാകം റോഡ് ഉപരോധിക്കുമെന്ന് സിഎംപി അട്ടപ്പാടി ഏരിയ സെക്രട്ടറി ടി എ രവി പറഞ്ഞു.
11 സ്ഥലങ്ങളിലെ വൈദ്യുതി വേലി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികളില്‍ ഏഴ് ടെന്‍ഡറുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അടിയന്തര സമയങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ പ്രദേശത്ത് നിയോഗിക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി ജയപ്രകാശ് പറഞ്ഞു. എട്ട് മാസം മുമ്പാണ് ഈ പ്രദേശങ്ങളില്‍ ജീവനും, കൃഷിക്കും ഭീഷണിയായി വിഹരിച്ചിരുന്ന പീലാണ്ടി എന്ന ഒറ്റയാനെ വനംവകുപ്പ് കോടനാട് ആന സങ്കേതത്തിലേക്ക് നാടുകടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss