|    Oct 20 Sat, 2018 3:50 am
FLASH NEWS

അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

Published : 19th September 2017 | Posted By: fsq

 

ജെസി  എം  ജോയ്

മണ്ണാര്‍ക്കാട്: ജില്ലയില്‍ മഴ, കനത്ത നാശം വിതച്ച അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ മൂന്നിടത്താണ് ഇന്നലെ ഉരുള്‍പ്പൊട്ടിയത്. ആള്‍താമസമുള്ള ഒരു വീടും നിര്‍മാണത്തിലിരിക്കുന്ന ഒരു വീടും പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇരുമ്പകച്ചോല ഇപ്പോഴും ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. ഇവിടെ 40കുടുംബങ്ങളിലെ 100ഓളം പേരെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കാഞ്ഞിരപ്പുഴ പുളിക്കല്‍ സ്‌കൂളിലും പൂഞ്ചോല സ്‌കൂളിലുമാണ് പുനരധിവാസ ക്യാംപ് ഒരുക്കിയിരിക്കുന്നത്. കഞ്ഞിരപ്പുഴ മങ്കട മലയില്‍ ഒറവന്‍ ചോലഭാഗത്ത് ഉരുള്‍പ്പൊട്ടി കാഞ്ഞിരം ചങ്ങലപ്പടി കൊല്ലംപുറത്ത് കണ്ണന്‍-പ്രപജിത ദമ്പതികളുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ഇരുവരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരും ചികില്‍സയിലാണ്. കണ്ണന്റെ അയല്‍വാസികളായ മുരളി, വടക്കേതല പൂവത്തിങ്കല്‍ ജെക്കോപോള്‍, പാറക്കല്‍ ശശി എന്നിവരുടെ വീടുകളിലേക്ക് മലവെള്ളവും ചെളിയും പാറക്കഷ്ണങ്ങളും ഒഴുകിയെത്തി. മുരളിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പകുതി ഭാഗം മണ്ണിനിടിയിലായി. ഇന്നലെ പുലര്‍ച്ചെ 12 മണിയോടെ മങ്കട മലയിലെ ഒറവന്‍ചോലയില്‍ 500 മീറ്റര്‍ ഉയരത്തില്‍ നിന്ന് വന്‍ ശബ്ദത്തോടെ വെള്ളവും മരങ്ങളും പാറകല്ലുകളും മണ്ണും ശക്തിയായി ഒഴുകിയെത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ പാറകല്ലുകള്‍ ഇടിച്ച് കണ്ണന്റെ വീടിന്റെ ഭിത്തി തകരുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കന്നതിനിടെ വെള്ളവും മണ്ണും പാറകഷ്ണങ്ങളും വീടുനുള്ളിലേക്ക് ഒഴുകിയെത്തിയതോടെ വീടും മലവെള്ളപാച്ചിലില്‍ ഒഴുകി പോയി. കണ്ണനും ഭാര്യ പ്രജിതയും അഞ്ച് മിനിട്ടോളം മണ്ണിനടിയില്‍പ്പെട്ടു. ഒരു വിധം എഴുന്നേറ്റ് പ്രജിതയെയും കുട്ടി മലവെള്ള പാച്ചില്‍ നീന്തിക്കടന്ന് സമീപത്തെ വീട്ടിലെത്തി രക്ഷപ്പെടുകയായിരുന്നു. വീടും വീട്ടുപുകരണങ്ങളും എല്ലാം ഒഴുകി പോയി. താഴത്തെ വീടുകളിലേക്ക് മലവെള്ളം ഇരച്ചു കയറിയതോടെ കുട്ടികളെയും കൂട്ടി ബന്ധു വീടുകളില്‍ അഭയം തേടുകയായിരുന്നു. ജെക്കോപോളിന്റെ വീടിന്റെ മതില്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു. ഉരുള്‍പ്പൊട്ടിയ ഒറവന്‍ചോല ഭാഗത്തെ വീടുകളുടെ മുറ്റം പാറയും ചെളിയും വന്ന് നികന്നിരിക്കുകയാണ്. പൂഞ്ചോല മാന്തോണിയില്‍ പാങ്ങോട് മല ഉരുള്‍പ്പൊട്ടി താടിക്കമാരെ രാജന്‍, താടിക്കമാരെ രാമചന്ദ്രന്‍, നെടിയംചോല ജോര്‍ജ് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. പൂഞ്ചോല പാമ്പന്‍തോട് ഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്നു. ഇരുമ്പകച്ചോല വെള്ളത്തോട് ആദിവാസി കോളനിക്കു സമീപം ഉരുള്‍പ്പൊട്ടി വെള്ളവും മണ്ണും ഒഴുകിയെത്തി ഇരുമ്പകച്ചോല റോഡ് ഒഴുകിപ്പോയി. വെള്ളത്തോട് കോളനിയിലേക്ക് തിരിയുന്ന ഭാഗത്തും വെളിച്ചെണ്ണ മില്ലിനു സമീപത്തുമാണ് റോഡ് ഒഴുകിപ്പോയത്. ഇരുമ്പകച്ചോല കൊറണക്കുന്ന് ആനക്കരണം മലയില്‍ മല വിണ്ടു നില്‍ക്കുന്നത് ഭീഷണി നിലനില്‍ക്കുന്നുണ്ട്. സബ് കലക്ടര്‍ പി ബി നൂഹ്, തഹസില്‍ദാര്‍ ചന്ദ്രശേഖര കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് എ വി കെ ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് പി രത്‌നാവതി, പഞ്ചായത്തംഗങ്ങളായ വികാസ്, ബേബി ചെറുകര, മണികണ്ഠന്‍ പൊറ്റശ്ശേരി, ചിന്നക്കുട്ടന്‍, റഫീഖ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss