|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അട്ടപ്പാടി കൂട്ടബലാല്‍സംഗം: പ്രതികളിലൊരാള്‍ പോലിസ് പിടിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു

Published : 26th May 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി ബാലികയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ പത്രികളിലൊരാള്‍ പോലിസ് പിടിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് രാജ് (20)ആണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി രാത്രി വൈകിയും പോലിസ് തിരച്ചിലിലാണ്.
സംഭവത്തില്‍ രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയിലും പീഡിപ്പിച്ച സംഭവത്തിലുമാണ് കേസെടുത്തിട്ടുള്ളത്. കാണാനില്ലെന്ന പരാതിയില്‍ പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവയ്ക്കാന്‍ കടത്തിക്കൊണ്ടുപോയ ആനക്കട്ടി സ്വദേശി ഇന്ദുജ, ശിവകുമാര്‍, കുമാര്‍, രതീഷ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരേ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായ കേസിലാണ് മറ്റു പ്രതികള്‍ക്കൊപ്പം ഇവരെ ഇന്നലെ രാത്രി 7 മണിക്ക് മണ്ണാര്‍ക്കാട് മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നത്. നാലുപേരെയും വാഹനത്തില്‍ നിന്നിറക്കി കോടതിയില്‍ കൊണ്ടുപോവുന്നതിനിടെ കോടതിക്ക് പുറത്ത് വാഹനത്തില്‍ മറ്റു പ്രതികള്‍ക്കൊപ്പം ഇരുന്നിരുന്ന വീനസ് ഇറങ്ങി ഓടുകയായിരുന്നു. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനായാണ് ഇവരെ വാഹനത്തില്‍ തന്നെ ഇരുത്തിയിരുന്നത്.
കേസില്‍ 12 പേരെയാണ് പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ആനക്കട്ടി സ്വദേശി ഇന്ദുജ(19), കാരറ സ്വദേശി വീനസ് രാജ്(20), നെല്ലിപ്പതി സ്വദേശികളായ രതീഷ്(20), ശിവകുമാര്‍(22), കുമാര്‍(23), ഭൂതിവഴി സ്വദേശികളായ രാജേഷ് (25), കുമാര്‍ (22), സുധീഷ് (21), താഴെ സമ്പാര്‍ക്കോട് സ്വദേശി മണികണ്ഠന്‍ (20), രാമരാജ്(20), കാരയൂര്‍ സ്വദേശികളായ ഈശ്വരന്‍ (20) അരവിന്ദ് (22) എന്നിവരാണ് അറസ്റ്റിലായത്. കാരറ സ്വദേശി സുന്ദരനെ ആണ് പിടികിട്ടാനുള്ളത്. പ്രതികളില്‍ ഒരാള്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളും രണ്ടുപേര്‍ പട്ടികജാതിക്കാരും മറ്റുള്ളവര്‍ പട്ടിക വിഭാഗക്കാരുമാണ്.
പീഡനക്കേസില്‍ പ്രതികളെ പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 19ന് വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മ 22നാണ് അഗളി എഎസ്പിക്ക് പരാതി നല്‍കിയത്. 24ന് പ്രതികളില്‍ ചിലരോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനും പീഡനത്തിന് അവസരമൊരുക്കിയതിനുമുള്ള വകുപ്പുകളാണ് ഇന്ദുജയ്‌ക്കെതിരെയുള്ളത്. മറ്റുള്ളവര്‍ക്കെതിരേ പോക്‌സോ, ബലാല്‍സംഗം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അഗളി എഎസ്പി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ ഷോളയൂര്‍ എസ്‌ഐ രാജേഷ് അയോട്ടനും സംഘവുമാണ് കേസ് അന്വേഷിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss