|    Jan 16 Mon, 2017 8:46 pm
FLASH NEWS

അട്ടപ്പാടി ആദിവാസി ഫണ്ട് തിരിമറി: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 28th August 2016 | Posted By: SMR

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. അട്ടപ്പാടിയിലെ വിവിധ വകുപ്പുകളുടെ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലെ അപാകതകളും അഴിമതിയുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സിന്റെ എറണാകുളം സെന്‍ട്രല്‍ റേഞ്ച് എസ് പി നാരായണന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് ആണ് ത്വരിതാന്വേഷണം നടത്തുന്നത്. ഗവേഷണ പഠനത്തിന്റെ രീതി പിന്തുടര്‍ന്നുകൊണ്ടുള്ള ബെനിഫിറ്റ് ട്രാക്കിങ് ഓഡിറ്റ് (ബിടി ഓഡിറ്റ്) ആണ് വിജിലന്‍സ് നടത്തുക.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം വിജിലന്‍സിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടെയും അട്ടപ്പാടിയിലെ ഓഫിസുകളുടെ മൂന്നു വീതം പദ്ധതികളുടെ പത്തുവര്‍ഷത്തെ ഓഡിറ്റിങാവും അന്വേഷണത്തിന്റെ ഭാഗമായി നടത്തുക. അട്ടപ്പാടി ബ്ലോക്കിലെ 190 ഊരുകളിലുള്ള മൂന്ന് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 28 സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും രോഗബാധിതരുമടക്കമുള്ള ആദിവാസി വിഭാഗങ്ങള്‍ക്ക് ഈ സംവിധാനങ്ങളില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ഇത്ര വര്‍ഷങ്ങള്‍ക്കിടയില്‍ ലഭിച്ചതെന്ന് വിജിലന്‍സ് അന്വേഷിക്കും. ഓരോ സര്‍ക്കാര്‍ വകുപ്പുകളും ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് എത്ര പദ്ധതികളില്‍ എത്ര തുക വിനിയോഗിച്ചു, അതില്‍ എത്രത്തോളം പ്രയോജനം ഗുണഭോക്താക്കളായ ആദിവാസികള്‍ക്കു ലഭിച്ചു, ഫണ്ടില്‍ എത്രത്തോളം ചോര്‍ച്ചയുണ്ടായി, എത്രത്തോളം അപഹരിക്കപ്പെട്ടു തുടങ്ങിയവ അന്വേഷണത്തിന് വിധേയമാക്കും. പോയ വര്‍ഷങ്ങളില്‍ ആദിവാസികള്‍ക്കായി ചെലവാക്കിയ പണം കണക്കാക്കുന്നത് ഇപ്പോഴത്തെ രൂപയുടെ മൂല്യത്തിന്റെയും ലഭിച്ച ആനുകൂല്യങ്ങളുടെ ഇപ്പോഴത്തെ മൂല്യത്തിന്റെയും അടിസ്ഥാനത്തിലാവണമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അട്ടപ്പാടി ബ്ലോക്കില്‍ 1998ന് ശേഷം വിജിലന്‍സ് 35 അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ റിപോര്‍ട്ടുകള്‍ അന്വേഷണ സംഘം പരിശോധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക