|    Oct 18 Wed, 2017 4:38 pm
FLASH NEWS

അട്ടപ്പാടിയില്‍ 74 സമൂഹ അടുക്കളകള്‍ക്കായി മൂന്നരക്കോടി രൂപ അനുവദിച്ചു: മന്ത്രി

Published : 16th September 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരുകളിലെ 74 സമൂഹ അടുക്കളകള്‍ക്കായി മൂന്നരക്കോടി രൂപ അനുവദിച്ചതായി നിയമ-സാംസ്‌കാരിക-പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍. മൂലഗംഗ ഊരില്‍ ആദിവാസികള്‍ക്കൊപ്പം കുടുംബസമേതം ഓണമാഘോഷിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങള്‍ സംഭവിച്ചിട്ടില്ല. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി 25 കോടി രൂപ ചിലവിലാണ് അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതികള്‍ നടപ്പാക്കിയത്.
ഊരുകളിലെ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പതിനെട്ടര കോടി രൂപ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. സംസ്ഥാനമെമ്പാടുമായി ഭവന നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് 265 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ വൃദ്ധരായ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടരലക്ഷം രൂപ ഐടി ഡിപി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ആദിവാസികളുടെ സൗജന്യ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിക്ക് 40 ലക്ഷം രൂപ ആരോഗ്യവകുപ്പ് മുഖേന കൈമാറി. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിക്ക് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സമീപകാലത്ത് സംഭവിച്ച മണികണ്ഠന്‍ എന്ന കുട്ടിയുടെ മരണം പോഷകാഹാരക്കുറവു മൂലമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്താനായി നടപ്പാക്കിയ ഗോത്രസാരഥ വാഹന പദ്ധതിയുടെ കുടിശിക മുഴുവന്‍ തീര്‍ക്കാന്‍ നടപടിയായിട്ടുണ്ട്. ജനനി-ജന്മരക്ഷ പദ്ധതിയില്‍ കുടിശികയുള്ള 87 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് ഉടന്‍ നല്‍കും. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപ ചിലവില്‍ 5000 പഠനമുറികള്‍ സജ്ജീകരിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മന്ത്രി എ.കെ. ബാലനും കുടുംബാംഗങ്ങളും ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയും മൂലഗംഗയില്‍ ഊരുനിവാസികള്‍ക്കൊപ്പം ഓണമുണ്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക