|    May 28 Sun, 2017 8:48 am
FLASH NEWS

അട്ടപ്പാടിയില്‍ ശൗചാലയങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

Published : 6th October 2016 | Posted By: Abbasali tf

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ പോഷകാഹാര കുറവ് മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള സംഘം  അട്ടപ്പാടി സന്ദര്‍ശിക്കുകയും അട്ടപ്പാടി െ്രെടബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുകയും ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.   അട്ടപ്പാടിയില്‍ നിന്ന് വീണ്ടും ശിശു മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്  ആദിവാസികളുടെ ഭക്ഷണം ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ മാറ്റി മറിക്കപ്പെട്ടത് കാതലായ പ്രശനമാണെന്നു തെളിഞ്ഞിട്ടുള്ളത്. അതിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ആവശ്യത്തിനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തത്. ഇതുകാരണം പ്രാഥമിക കൃത്യങ്ങള്‍ തുറസായ സ്ഥലത്താണ് നടക്കുന്നത്. ഇതിലൂടെ മണ്ണില്‍ വളരുന്ന  വിരകള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രദേശവാസികളുടെ ശരീരത്തില്‍  പടരുകയാണ്. അട്ടപ്പാടി ട്രൈ ബല്‍ ആശുപത്രിയില്‍ എത്തുന്ന വലിയ ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവരാണ്. അതുകൊണ്ടുതന്നെ വിരഗുളിക വിതരണം ഏറ്റവും കൂടുതല്‍ നടക്കുന്ന ആശുപത്രി കൂടിയാണ് ഇത്. മണ്ണില്‍ നിന്ന്  ശരീരത്തില്‍ എത്തുന്ന വിരകള്‍ പോഷണം വലിച്ചെടുക്കുന്നതാണ് വിളര്‍ച്ചക്കും പോഷക ആഹാരകുറവിനും വലിയ കാരണമാവുന്നത്. ആദിവാസികളില്‍ ചെരുപ്പ് ധരിക്കുന്ന ശീലം ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നുണ്ട്.  ആരോഗ്യ വിദഗ്ധര്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും ആവശ്യമായ ശ്രദ്ധ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നില്ല. പൊതുസ്ഥലത്തെ മല മൂത്ര വിസര്‍ജനം ഇല്ലാതാക്കുന്ന എല്ലാ വീട്ടിലും ശുചിമുറി പദ്ധതി ( ഒ ഡി എഫ്)  ഇപ്പോള്‍ സംസ്ഥാനത്തും നടപ്പാക്കുകയാണ്. ഈ വരുന്ന പത്തിന് പാലക്കാടിനെ ഓപ്പന്‍ ഡിഫക്കെഷന്‍ ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനിരിക്കെ അട്ടപ്പാടിയില്‍ മാത്രം കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.  അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍  1724 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ വെറും 40 എണ്ണവും ഷോളയൂരില്‍ 14 91 ശുചിമുറികള്‍ ആവശ്യമുള്ളതില്‍ 49 ഉം പുതുരില്‍ 1410 എണ്ണത്തില്‍ വെറും 23 ഉം മാത്രമാണ് പൂര്‍ത്തിയായത് എന്ന സര്‍ക്കാര്‍ കണക്ക് തന്നെ അലംഭാവം വെളിപ്പെടുത്തുന്നു.  ആദിവാസികളുടെ കൈമോശം വന്ന തനത് ഭക്ഷണമായ റാഗി, ചോളം, ചാമ എന്നിവക്ക് പകരം വെറും റേഷന്‍ അരിയാണ് വ്യാപകമായി സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. അരിയിലെ സ്റ്റാര്‍ച്ച് കൊണ്ട് മാത്രം ആദിവാസി വിഭാഗങ്ങള്‍ക്ക് ആരോഗ്യവാനായി നില്‍ക്കാനും ആവുന്നില്ല. നേരത്തെ കാട്ടില്‍ നിന്ന് മൃഗങ്ങളെ വേട്ടയാടി അവര്‍ മാംസം കഴിച്ചിരുന്നു എങ്കില്‍ ഇന്നത്തെ ശക്തമായ വനനിയമങ്ങള്‍ അവരെ ശരീരത്തിനു ആവശ്യം വേണ്ട മാംസത്തില്‍ നിന്നും അകറ്റി. ഈ സാഹചര്യത്തില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഇറച്ചികൂടി ഉള്‍പ്പെടുത്തണം എന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് സാമൂഹിക അടുക്കള പദ്ധതി നിലവില്‍  ഒരു പരിധിവരെ സഹായകമാണ്. എന്നാല്‍ സപ്ലെക്കോയിക്ക് കുടിശ്ശിക നല്‍കാത്തതിനാല്‍ അതും മുടങ്ങിയിരിക്കുകയാണ്. പദ്ധതി ഉടന്‍ തുടങ്ങുമെന്ന് സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ഊരുകളില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. ജില്ലാ കണ്‍വീനര്‍   കാര്‍ത്തികേയന്‍ ദാമോദരന്‍, രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍  സുജിത്എസ്, മണ്ണാര്‍ക്കാട് കണ്‍വീനര്‍  മണികണ്ഠന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഒന്നാം ഘട്ടമായി അട്ടപ്പാടിയില്‍ എത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day