|    Oct 20 Sat, 2018 1:17 am
FLASH NEWS

അട്ടപ്പാടിയില്‍ മില്ലറ്റ് വില്ലേജിന് ഇന്ന് നിലമൊരുങ്ങും

Published : 12th September 2017 | Posted By: fsq

 

പാലക്കാട്:പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചിട്ടുളള അട്ടപ്പാടി ബ്ലോക്കിലെ മില്ലറ്റ് വില്ലെജ് പദ്ധതിയുടെ(ചെറുധാന്യ ഗ്രാമ കേന്ദ്രം പദ്ധതി) പ്രാഥമിക ചര്‍ച്ചാ യോഗം ഇന്ന് (സെപ്തംബര്‍ 12-ന് ) രാവിലെ 11-ന് നടക്കും.  നിയമ-സാംസ്—കാരിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍, കാര്‍ഷിക വികസന കാര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി   എസ് സുനില്‍കുമാര്‍  എന്നിവരുടെ നേതൃത്വത്തില്‍ അഗളി ഭൂതിവഴിയിലുളള കിലയുടെ പരിശീലന കേന്ദ്രത്തിലാണ് യോഗം. ചെറുധാന്യങ്ങള്‍ വിതയ്ക്കുന്നതിനുള്ള നിലമൊരുക്കലും ഇന്ന് നടക്കും. തെരഞ്ഞെടുത്ത ഊരുകളിലെ മൂപ്പന്മാര്‍, മണ്ണൂര്‍ക്കാരന്മാര്‍, പ്രധാന കര്‍ഷകര്‍ എന്നിവരും പഞ്ചായത്ത്തല പ്രതിനിധികളും കൃഷി ഭവന്‍ അധികൃതരും ഉള്‍പ്പെടെ 200-ഓളം പേര്‍ പങ്കെടുക്കും. കോറ, അരി, വരഗ്, പനിവരഗ്, ചോളം, മക്കചോളം , ചാമ, എളള്, തിന , പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ്വര്‍ഗങ്ങളുടെ കാര്‍ഷികവികസനവും തേനീച്ച വളര്‍ത്തലും ഉള്‍പ്പെടുത്തി് ആദിവാസി വിഭാഗത്തിന്റെ കാര്‍ഷിക ഉന്നമനം ലക്ഷ്യമിട്ട് കൃഷി വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി  നടപ്പാക്കുന്ന പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി. വനം-ജലവിഭവം വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. ആദിവാസി മേഖലയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുംവിധം അട്ടപ്പാടി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കുകയാണ് പദ്ധതി ലക്ഷ്യം.  ആദ്യഘട്ടമായി 34 ഊരുകളിലായി 1250 ഏക്കറിലാണ് കൃഷി നടത്തുക. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ കൃഷി ചെയ്‌തെടുക്കുന്ന ഉത്പന്നങ്ങള്‍ ആദിവാസി വിഭാഗങ്ങളുടെ ആവശ്യത്തിന് മാറ്റിയ ശേഷം സര്‍ക്കാര്‍ സംഭരണം നടത്തി വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, ഇക്കോഷോപ്പുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ വഴി ആദിവാസി വിഭാഗത്തിന് ലാഭം കിട്ടുംവിധം  മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി സംസ്ഥാന തലത്തില്‍ വിറ്റഴിക്കും. നിലവിലുളള ജലലഭ്യതയില്‍ കൃഷിനടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുകൊണ്ടാവും പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതി നടത്തിപ്പിനായി കൃഷി വകുപ്പിന്റെ രണ്ട് കോടിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വകുപ്പില്‍ നിന്നുളള 4.11 കോടിക്ക് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss