|    Apr 20 Fri, 2018 9:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

Published : 25th October 2015 | Posted By: SMR

കെ സനൂപ്

പാലക്കാട്: അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്നെന്ന് പറയുന്ന ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആദിവാസികളും മനുഷ്യാവാകശ പ്രവര്‍ത്തകരും.
യഥാര്‍ഥത്തില്‍ അത്തരത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും തണ്ടര്‍ബോള്‍ട്ടും ചില രാഷ്ട്രീയ പാര്‍ട്ടികളും ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ നാടകമായിരുന്നു ഇതെന്നും ആദിവാസികള്‍ പറഞ്ഞു. ആദിവാസികളുടെ ഭൂമിപ്രശ്‌നങ്ങളും പട്ടിണിമരണങ്ങളും മറച്ചുവയ്ക്കുന്നതിനും കൂടുതല്‍ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ തട്ടിയെടുക്കുന്നതിനും ഭരണകൂട പിന്തുണയോടെ നടത്തിയ തിരക്കഥയുടെ ഭാഗമായിരുന്നു ഏറ്റുമുട്ടലെന്ന് ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആരോപിച്ചു. അട്ടപ്പാടിയിലെ വനമേഖലകളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് പലരും സത്യം തുറന്നുപറയാന്‍ തയ്യാറാവാത്തതെന്നും ഊരുകള്‍ സന്ദര്‍ശിച്ച എന്‍സിഎച്ച്ആര്‍ഒ സംഘം പറഞ്ഞു.
അട്ടപ്പാടി ആദിവാസി വനമേഖലയില്‍ വെടിവയ്പ്പു നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തേക്കുറിച്ച് പ്രാഥമിക റിപോര്‍ട്ട് നല്‍കാനോ സംഭവസ്ഥലം സന്ദര്‍ശിക്കാനോ ഉന്നത പോലിസുദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. വനംവകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു ഏറ്റുമുട്ടലെന്നു പറയുമ്പോഴും തണ്ടര്‍ബോള്‍ട്ടിനോ ആഭ്യന്തര വകുപ്പിനോ സംഭവത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ നല്‍കാന്‍ ആവുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം പാലക്കാട്ടെ കോടതിയില്‍ ഹാജരാക്കിയ മാവോവാദി നേതാവ് രൂപേഷ് ഇക്കാര്യങ്ങള്‍ വിളിച്ചുപറയുകയും അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
അട്ടപ്പാടിയിലെ വനമേഖലകളില്‍ മാവോവാദി സാന്നിധ്യം ആഭ്യന്തര വകുപ്പും തണ്ടര്‍ബോള്‍ട്ടും മാസങ്ങള്‍ക്കു മുമ്പേ സ്ഥിരീകരിച്ചതാണ്. മാവോവാദി ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്ത സംഘം അട്ടപ്പാടിയിലെ വനമേഖലകളില്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പോലിസും സമ്മതിക്കുന്നുണ്ട്.
മാവോവാദികളെ പിടികൂടുന്നതിനായി രൂപീകരിക്കപ്പെട്ട തണ്ടര്‍ബോള്‍ട്ടിന് അവരെ പിടികൂടാനോ അവരുടെ നീക്കങ്ങള്‍ യഥാസമയം അറിയാനോ ഇതുവരേ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നടത്തുന്ന നീക്കങ്ങള്‍ക്കിടയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ദൗത്യങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയും അത് വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ആദിവാസി യുവാവും ഫോട്ടോഗ്രാഫറുമായ ബെന്നിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെന്നിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ബെന്നിയെ തണ്ടര്‍ബോള്‍ട്ട് കൊലപ്പെടുത്തിയതാണെന്നും സംഭവത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബെന്നിയുടെ വീടു സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്നുതന്നെ ആവശ്യമുന്നയിച്ചിരുന്നു.
രൂപേഷും ഭാര്യ ഷൈനിയും അറസ്റ്റിലായതോടെ അട്ടപ്പാടിയിലേക്കുള്ള മാവോവാദികളുടെ വരവു നിലച്ചതായി ആദിവാസികള്‍ പറയുന്നു. പക്ഷേ, പോലിസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയും അനാവശ്യ പരിഭ്രാന്തി പരത്തി ആദിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയുമാണ്. പോലിസ് ആദിവാസികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യുകയും വീടുകളില്‍ കയറി ഇറങ്ങി കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയും ചെയ്യുന്നതായി എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ആരോപിച്ചു.
ബെന്നിയുടെ മരണം, കഴിഞ്ഞ ദിവസമുണ്ടായെന്നു പറയുന്ന വെടിവയ്പ്പ് എന്നിവയേക്കുറിച്ചും തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി എലിന്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ്, സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, മറ്റ് മനുഷ്യാവാകാശ പ്രവര്‍ത്തകരായ കെ കാര്‍ത്തികേയന്‍, ശകുന്തള ടീച്ചര്‍, കാളിയമ്മ എന്നിവരാണ് വെടിവയ്പ്പ് സംഭവത്തിനുശേഷം ഒക്ടോബര്‍ മൂന്നിന് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss