|    Apr 25 Wed, 2018 6:25 am
FLASH NEWS
Home   >  Blogs   >  

അട്ടകള്‍ വാഴുന്ന വൈജ്ഞാനികമണ്ഡലം

Published : 18th August 2015 | Posted By: admin

.

1438151316Film-and-Television-Institute-India-Pune

 

ഇന്ദ്രപ്രസ്ഥം/നിരീക്ഷകന്‍

ഭൂമികുലുക്കിപ്പക്ഷി എന്ന് മലയാളികള്‍ വിളിക്കുന്ന ഒരു ഗംഭീരന്‍ പക്ഷിയുണ്ട് ലോകത്ത്. ആളെ കണ്ടാല്‍ ഒരു ടെന്നിസ് പന്തിന്റെ വലുപ്പം കഷ്ടി. കാണാനും ഒരു ചേലില്ല. മയില്‍ മുതല്‍ മരംകൊത്തി വരെയുള്ള പക്ഷികളുടെ ശരീരഭംഗിയോ കുയില്‍ മുതല്‍ പൂവന്‍കോഴി വരെയുള്ളവയുടെ ശബ്ദസൗകുമാര്യമോ ഒന്നും ഇപ്പറയുന്ന കക്ഷിക്കില്ല.

എന്നാലും നാട്ടുകാര്‍ പക്ഷിയെ വിളിക്കുന്നത് ഭൂമികുലുക്കി എന്നാണ്. അതിനു കാരണമുണ്ട്. അത്ര ഗംഭീരമായി, അത്ര ശക്തമായാണ് പക്ഷി തന്റെ പൃഷ്ഠഭാഗം കുലുക്കുന്നത്. കണ്ടാല്‍ ആരും പറയും, ഭൂമി തന്നെ കുലുങ്ങുകയാണ് എന്ന്. ഇനി അഥവാ ആ വിവരം ഭൂമി അറിഞ്ഞില്ലെന്നു വന്നാലും പക്ഷിക്ക് കൃത്യമായി ബോധ്യമുണ്ട് തന്റെ കുലുക്കലില്‍ ഈ ലോകമാകെ കുലുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്. അതാണല്ലോ പ്രധാനവും. മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ അറിയണമെന്നില്ല. അത് അറിയുന്നവരെയാണല്ലോ നമ്മള്‍ ജ്ഞാനികള്‍ എന്നു വിളിക്കുന്നത്. അപ്പോള്‍ മേല്‍പ്പറഞ്ഞ പക്ഷി ഭൂമുഖത്തെ ജ്ഞാനികളുടെ ഗണത്തില്‍ വരുമെന്നു തീര്‍ച്ച. ഇതേ പക്ഷിയുടെ പരമ്പരയില്‍പ്പെട്ട ഒരുപാട് മഹാജ്ഞാനികള്‍ ഇന്ന് ഇന്ത്യയിലെ പല പ്രമുഖ വൈജ്ഞാനിക സ്ഥാപനങ്ങളുടെയും തലപ്പത്ത് കയറിയിരുന്ന് കുലുക്കുന്നുണ്ട്. ലോകമാകെ അത് കണ്ടു ഞെട്ടിവിറയ്ക്കുകയാണ് എന്ന് അവര്‍ക്കൊക്കെ പൂര്‍ണ ബോധ്യവുമുണ്ട്. ഇന്ത്യ അതിഗംഭീരമായ ഒരു രാജ്യമാണെന്നും ഇന്ത്യയോട് ആയുധബലത്തിലായാലും വൈജ്ഞാനിക മേഖലയിലായാലും മറ്റേതു രംഗത്തായാലും ഏറ്റുമുട്ടാന്‍ ഇനി ഒരു കോപ്പനും കഴിയുകയില്ല എന്നുമാണ് അവര്‍ ഉറപ്പിച്ചു പറയുന്നത്.

സമീപകാലത്ത് മോദി സര്‍ക്കാര്‍ വിവിധ വൈജ്ഞാനിക സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വേഷങ്ങളുടെ കാര്യം പരമദയനീയമാണ്. ഇങ്ങനെയുള്ള കക്ഷികളാണ് ഇന്ത്യയുടെ ചരിത്രമേഖലയിലും സാംസ്‌കാരികമേഖലയിലും ചലച്ചിത്രരംഗത്തും ഒക്കെ കയറിയിരിക്കുന്നത് എന്നാലോചിക്കുമ്പോള്‍ രാജ്യത്തിന്റെ ബൗദ്ധിക പാരമ്പര്യങ്ങളെക്കുറിച്ച് അറിയുന്ന ആരും നാണംകൊണ്ടു തലകുനിച്ചുപോവും. ചിലരൊക്കെ തല കുനിക്കുക മാത്രമല്ല, ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഏതോ ചവറു സീരിയലില്‍ മൂന്നാംകിട വേഷക്കാരനായ ഒരു ചങ്ങാതിയെയാണ് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ കണെ്ടത്തിയത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ മഹത്തായ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ്. സത്യജിത് റായ് അടക്കമുള്ള പ്രഗല്ഭന്മാര്‍ അത് കെട്ടിപ്പടുക്കുന്നതിനു സഹായിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശസ്തരായ നിരവധി നടന്മാരെയും സംവിധായകന്‍മാരെയും അതു സംഭാവന ചെയ്തിട്ടുണ്ട്. ലോക സിനിമാരംഗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠിതാക്കളുടെ സംഭാവന ചില്ലറയല്ല.

gajendra-story_647_071115054234

അതൊക്കെ ആരോടു പറയാന്‍? ഗജേന്ദ്ര ചൗഹാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചങ്ങാതിക്ക് ആ കഥയൊന്നും അറിയില്ല. അയാളെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് കയറ്റിയിരുത്തിയ കക്ഷികള്‍ക്കും ആ കഥയൊന്നും അറിയില്ല. ഒരു കാര്യം അറിയാം. ടിയാന്‍ കുറുവടിസംഘത്തിനു വേണ്ടപ്പെട്ടയാളാണ്. ഏതോ സീരിയലില്‍ മുഖം കാണിച്ചിട്ടുമുണ്ട്. മതി, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്തുകാരന് അത്രമതി യോഗ്യത!

ഇതു തന്നെയാണ് ചരിത്ര ഗവേഷണ കൗണ്‍സിലിലും നാഷനല്‍ ബുക്ക് ട്രസ്റ്റിലും അങ്ങനെയുള്ള എല്ലാ സാംസ്‌കാരിക, ബൗദ്ധിക നിലയങ്ങളിലും അവസ്ഥ. കുറ്റംപറയരുതല്ലോ, ഡയലോഗ് വീരനായ ഒരു മലയാളി നടനും ഇങ്ങനെ പദവി ഒപ്പിച്ചെടുത്തിട്ടുണ്ട്. നായരാണെങ്കിലും നായന്മാരുടെ ആസ്ഥാനമണ്ഡപത്തില്‍ ചോദിക്കാതെ കയറിച്ചെന്ന് ആട്ട് വാങ്ങിക്കൂട്ടിയ മഹാന്‍ തന്നെ. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ട് ജനത്തിനു പ്രതികരിക്കാന്‍പോലും തോന്നാത്ത അവസ്ഥയായ മട്ടാണ്. സര്‍ക്കാര്‍ പദവികളും സ്ഥാനമാനങ്ങളും പണ്ടും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്നല്ല. കഴിവില്ലാത്തവര്‍ ഉയര്‍ന്ന പദവികള്‍ കൈയടക്കിയിട്ടില്ലെന്നുമല്ല. പക്ഷേ, ഇങ്ങനെ ഇതൊരു സ്ഥിരം ഇടപാടാക്കിയ കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പണെ്ടാക്കെ ഇത്തരം കഥാപാത്രങ്ങള്‍ ഒരു അപവാദമായിരുന്നു. ഇന്ന് അയോഗ്യതയും വിവരദോഷവും പ്രധാന യോഗ്യതയായി മാറിയിരിക്കുന്നു എന്നു മാത്രം.

VBK-AMARTYA_SEN_921820f

നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെതിരേ കടുത്ത ഭാഷയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ അവസ്ഥയാണ് വിവരിക്കുന്നത്. ഇന്ത്യയുടെ വൈജ്ഞാനികരംഗത്തെ പിറകോട്ടുപോക്ക് അമ്പരപ്പിക്കുന്നതാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോകം ആദരിക്കുന്ന ഈ മഹാപണ്ഡിതന്‍ മോദി സര്‍ക്കാരിന് കണ്ണിലെ കരടാണ്. കാരണം, മോദി ഭരണത്തിലേറുന്നത് രാജ്യത്തിന് ഗുണമാവില്ല എന്ന് അദ്ദേഹം പറഞ്ഞുപോയി. സത്യം പറയുന്നവന്റെ നാക്കരിയാന്‍ കഴിയുന്നില്ലെങ്കില്‍ അവന്റെ പദവി തെറിപ്പിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെ ഒരു ഭരണകൂടത്തിന് ഉറക്കംവരും?

Sun, 26 Jul 2015

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss