|    Oct 19 Fri, 2018 8:09 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

അടൂര്‍ രാജ്യത്തെ ഗോപാലകൃഷ്ണ പട്ടേലര്‍

Published : 29th August 2016 | Posted By: SMR

slug-vettum-thiruthum”ജീവിതത്തില്‍ ഒന്നുമാവാന്‍ കഴിയാത്തതിന്റെ അസൂയയാണ് എനിക്കെതിരായ ഡോ. ബിജുവിന്റെ വിമര്‍ശനം. വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. നല്ല ഒരു കാമറാമാനുണ്ടെങ്കില്‍ ബിജുവിനെപ്പോലുള്ളവര്‍ക്ക് സംവിധായകനാവാം…” വളരെയേറെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകന്റെ കേള്‍ക്കേണ്ട വാക്കുകളാണോ ഇത്? ചലച്ചിത്ര സംവിധായകന്‍ ഹോമിയോ ഡോക്ടറാവുന്നത് കുഴപ്പംപിടിച്ച സംഗതിയാണോ? ഇനി കുറേ ഫഌഷ് ബാക്കുകള്‍.
ഋത്വിക് ഘട്ടക്കിന്റെ നല്ലൊരു ചലച്ചിത്രം (സുവര്‍ണരേഖ) നേരിട്ട് മോഷ്ടിച്ചതല്ലേ ‘സ്വയംവരം’ എന്ന സിനിമ? കഥാപാത്രങ്ങളുടെ പേരെങ്കിലും മാറ്റണ്ടേ എന്ന് സന്ദേഹിച്ച മങ്കട രവിവര്‍മ എന്ന സാധുമനുഷ്യനോട് അകാരണമായി കലഹിക്കുകയും അദ്ദേഹം കൂടി കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ചിത്രലേഖ ഫിലിം സൊസൈറ്റി സ്വന്തം വസ്തുവാക്കി നായക്കും നഞ്ചിനും കൊള്ളാത്ത അവസ്ഥയിലാക്കിയതുമല്ലേ ഈ സംവിധായകന്റെ 70കളിലെ കേമത്തങ്ങളില്‍ ഒന്ന്. ദിലീപിനെയും കാവ്യാ മാധവനെയും ജീവന്‍ ടിവിയെയും സോമതീരങ്ങളെയും കബളിപ്പിച്ചുണ്ടാക്കിയ പുതിയ അറുബോര്‍ ‘പിന്നെയും’ സിനിമ ടൊറോന്റോ ഫെസ്റ്റിവലില്‍ കയറിക്കിട്ടാന്‍ പ്രയോഗിച്ച ചതുരുപായങ്ങള്‍ അമേരിക്കയിലെ ചലച്ചിത്രനിര്‍മാതാക്കള്‍ കൂടിയായ ചില മലയാളികളെങ്കിലും ഗ്രഹിച്ചിട്ടില്ലെന്നാണോ ഈ ‘കോളാമ്പി-ഓട്ടുകിണ്ടി-നാലുകെട്ട്-ഊഞ്ഞാല്‍’ സംവിധായകന്‍ അഭിമാനിക്കുന്നത്? അക്കമിട്ടു പറയാന്‍ ഒരായിരം സംഗതികളുണ്ട്. സക്കറിയ എന്ന നല്ല എഴുത്തുകാരന്റെ ‘ഭാസ്‌കര പട്ടേലരും’ എന്നു തുടങ്ങുന്ന നോവലെറ്റ് ‘വിധേയന്‍’ എന്നാക്കി, നോവലില്‍ സക്കറിയ പറയാനുദ്ദേശിച്ചതെന്തോ ആയതിനെ ഭസ്മീകരിച്ച് സ്വയം വിധേയനായ കഥ അനന്തപുരത്തെങ്കിലും സിനിമാരംഗത്തുള്ളവര്‍ പാടിപ്പറയുന്നുണ്ടിന്നും. ഈ സംവിധായകന്റെ അല്‍പത്തങ്ങള്‍ എത്രയെന്നറിയണമെങ്കില്‍ മംഗലാപുരത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നാ ദാമോദര്‍ ഷെട്ടി എന്ന കന്നഡ ഭാഷാപണ്ഡിതനെ മാത്രം കണ്ടെത്തി സംസാരിച്ചാല്‍ മതി. കാശുകൊടുക്കാതെ ആളെ പറ്റിക്കുക എന്ന തറലൈന്‍ ഏതു ഭാഷാ സിനിമയുടെയും ശാപങ്ങളിലൊന്നാണ്. കലാമൂല്യമുള്ള സിനിമ എന്ന ലേബലില്‍ കാട്ടിക്കൂട്ടിയ ‘എലിപ്പത്തായ’ത്തിനും ‘ടെലിവിഷ’ത്തിനു വേണ്ടി ഷൂട്ട് ചെയ്ത ‘പെണ്ണുങ്ങള്‍’ സിനിമയ്ക്കും ചെക്ക് കാഷ് ചെയ്ത് കലാകാരന്‍മാരെ വട്ടംകറക്കിയ ചലച്ചിത്രകാരന്‍ ഡോ. ബിജു എന്ന മനസ്സലിവുള്ള അവര്‍ണ കലാകാരനെ പുച്ഛിക്കുമ്പോള്‍, മലര്‍ന്നുകിടന്നു തുപ്പുമ്പോള്‍ മാലിന്യങ്ങളെല്ലാം സ്വന്തം കൈത്തറി ജുബയ്ക്കു മേലാണ് പതിക്കുന്നതെന്ന സത്യം കൊടിയേറ്റക്കാരന്‍ ചിന്തിക്കാത്തതെന്തേ.
മാന്യത തൊട്ടുതീണ്ടാത്ത ഗോപാലകൃഷ്ണന്‍ അങ്ങുന്ന് ഡോ. ബിജുവിനെ അവഹേളിക്കുമ്പോള്‍ ലജ്ജിക്കുന്നത് മലയാള സിനിമയുടെ ഇന്നോളമുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ കണ്ണീരും വിയര്‍പ്പും ഇറ്റിച്ച ഒട്ടനവധി കലാകാരന്‍മാരാണ്. ചാന്‍സ് ചോദിച്ചുവരുന്ന അഭിനയമോഹമുള്ള പണച്ചാക്കുകളെ പറ്റിക്കുക എന്നത് സിനിമയില്‍ നിത്യസത്യമാണ്. എത്രയെത്ര വാസനയുള്ള ചെറുപ്പക്കാരെയാണ് ഈ വിദ്വാന്‍ ‘കറക്കി അടിച്ച’തെന്നറിയണമെങ്കില്‍ അച്ചാണി രവിയോടും നടന്‍ ഗോപകുമാറിനോടും ചോദിക്കുക. ഗോപകുമാറെന്നാല്‍ ‘വിധേയനി’ലെ സാക്ഷാല്‍ വിധേയന്‍. തെക്കന്‍ കാനറയിലെ സുള്ള്യയില്‍ നിന്ന് സംഘടിപ്പിച്ച ആസപ്രമഞ്ചക്കട്ടില്‍ തന്നെ ഗോപകുമാറിനു പറയാനുള്ള നല്ലൊരു കഥയാണ്. കാസര്‍കോട്ടെ ടിവിജിക്കും കഥയറിയാം.
അല്ല സര്‍, ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പഴയ കണക്കുപുസ്തകം ഇപ്പോഴും വലിയ കുടമണി തൂക്കിയ ഇല്ലത്തുണ്ടോ, സൈറാ, വലിയ ചിറകുള്ള പക്ഷികള്‍, വീട്ടിലേക്കുള്ള വഴി, രാമന്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ സിനിമകള്‍ക്കടുത്തുനില്‍ക്കുന്ന ഒരൊറ്റ സിനിമയുണ്ടോ താങ്കളുടെ ശേഖരത്തില്‍?  ശുഭം!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss