|    Jan 21 Sat, 2017 12:06 pm
FLASH NEWS

അടൂരില്‍ പ്രകടനം നടത്തിയ ബിജെപിപ്രവര്‍ത്തകര്‍ നഗരത്തെ ഭീതിയിലാഴ്ത്തി

Published : 14th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഹര്‍ത്താലിന്റെ മറവില്‍ അടൂരില്‍ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തെ ഭീതിയിലാഴ്ത്തി. അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കാന്‍ എത്തിയ സമരക്കാരെ റവന്യൂ ടവറിന്റെ തെക്കു ഭാഗത്തെ പ്രവേശനകവാടത്തില്‍ പോലിസ് തടഞ്ഞു. ഇതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പോലിസിനെ തള്ളിമാറ്റി റവന്യൂ ടവറിലേക്ക് തള്ളിക്കയറി. ഇതിനിടെ റവന്യൂ ടവറിന്റെ തെക്കുഭാഗത്തെ പ്രധാന പ്രവേശ കവാടത്തിന്റെ വാതിലിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാരെ തടഞ്ഞത്് പോലിസും സമരക്കാരും തമ്മില്‍ ഏറെ നേരം തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ അടൂര്‍ ഡിവൈഎസ്പി എസ് റഫീഖ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആദ്യം റവന്യൂ ടവറിലെ താലൂക്ക് ഓഫിസില്‍ എത്തിയ അടൂര്‍ സിഐ ആര്‍ ബിനുവുമായുണ്ടായ രൂക്ഷമായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയത്. ഇതോടെ കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ഇരുകൂട്ടരും ഏറെ നേരം വാക്കേറ്റത്തിനിയാക്കുകയുമായിരുന്നു. സെന്‍ട്രല്‍ ജങ്ഷന്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്നാണ് പ്രകടനം ആരംഭിച്ചത്. ഇതിനിടെ കെഎസ്ആര്‍ടിസി ജങ്ഷനിലെ സിഐടിയുവിന്റെ കൊടിമരം നശിപ്പിച്ചു. പ്രകടനം നഗരം ചുറ്റി കെഎസ്ആര്‍ടിസി ജങ്ഷനില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലനുകൂലികള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയില്‍ നിന്ന്  സര്‍വീസ് നടത്തിയില്ല. 142 ജീവനക്കാര്‍ എത്തേണ്ടിടത്ത് എടിഒ ഉള്‍പ്പെടെ 51 പേര്‍ ഡ്യൂട്ടിക്കെത്തി. താലൂക്ക് ഓഫിസില്‍ 75 ജീവനക്കാരില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 16 പേരും ആര്‍ഡിഒ ഓഫിസില്‍ 26 പേരില്‍ ആര്‍ഡിഒ ഉള്‍പ്പെടെ മൂന്നുപേര്‍ ഹാജരായി. തിരുവല്ല: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവല്ലയില്‍ സമാധാനാപരം. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന ഖജാന്‍ജി കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക