|    Oct 22 Mon, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അടുത്ത ലക്ഷ്യം സൂപ്പര്‍ സീരീസ്; അന്തിമ ലക്ഷ്യം ഒന്നാംറാങ്ക്: സിന്ധു

Published : 26th August 2016 | Posted By: SMR

ഹൈദരാബാദ്: ഡെന്‍മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ കിരീടം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് റിയോ ഒളിംപിക്‌സില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായ പി വി സിന്ധു പറഞ്ഞു.
എന്നാല്‍ കരിയറില്‍ തന്റെ അന്തിമലക്ഷ്യം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്ക് ഉയരുകയാണെന്നും താരം വ്യക്തമാക്കി. ഒക്ടോബറിലാണ് ഡെന്‍മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. റിയോയില്‍ ഇന്ത്യക്കു ലഭിച്ച ഏക വെള്ളി മെഡലിന് അവകാശി കൂടിയാണ് സിന്ധു. ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് താരം കരോലിന മരിനോട് സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസില്‍ റണ്ണറപ്പായ സിന്ധു ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. അഞ്ചടി 11 ഇഞ്ചുകാരിക്ക് നേടാനാവാത്ത ഏക കിരീടവും സൂപ്പര്‍ സീരീസാണ്. റിയോയിലെ പ്രകടനം തന്നെ എതിരാളികളുടെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ടെന്ന് സിന്ധു പറഞ്ഞു.
ടൂര്‍ണമെന്റുകള്‍ തുടര്‍ച്ചയായി വിജയിക്കാന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായും ലോക റാങ്കിങില്‍ തലപ്പത്തെത്തും. കഠിനാധ്വാനം നടത്തി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ എനിക്ക് ഈ ലക്ഷ്യത്തില്‍ എത്തിച്ചേരാനാവുകയുള്ളൂ- കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കിയ 21കാരി മനസ്സ്തുറന്നു.
സിന്ധുവിന്റേത് കായിക കുടുംബമാണ്. താരത്തിന്റെ മാതാപിതാക്കള്‍ മുന്‍ വോളിബോള്‍ കളിക്കാരായിരുന്നു. എന്നാല്‍ സിന്ധുവിനു പ്രിയം ബാഡ്മിന്റണോടായിരുന്നു. എട്ടാം വയസ്സില്‍ തന്നെ സിന്ധു റാക്കറ്റേന്തിയ താരം പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറി.
എന്റേത് പെട്ടെന്നുണ്ടായ വളര്‍ച്ചയല്ല. ഓരോ ഘട്ടവും കടന്നാണ് ഞാന്‍ മികച്ച താരമായി മാറിയത്. ആദ്യ ദേശീയ സര്‍ക്യൂട്ടിലും പിന്നീട് അന്താരാഷ്ട്ര സര്‍ക്യൂട്ടിലും ഞാന്‍ മല്‍സരിച്ചു. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് ഞാന്‍. ഈ നേട്ടം എന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തി. കരിയറില്‍ പരിക്കുകളും എന്നെ വേട്ടയാടിയിട്ടുണ്ട്. ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതാണ് എന്റെ കരിയര്‍.എങ്കിലും ഇവയെയൊക്കെ അതിജീവിച്ച് മുന്നേറാന്‍ എനിക്കു സാധിച്ചു- സിന്ധു വിശദമാക്കി.
അതേസമയം, സിന്ധു ഇപ്പോഴും വളര്‍ച്ചയുടെ പാതയിലാണെന്നും ഒരു സമ്പൂര്‍ണതാരമെന്ന പദവിയിലെത്താന്‍ ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും കോച്ച് പുല്ലേല ഗോപീചന്ദ് പറഞ്ഞു.
ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വിജയം വരാനിരിക്കുന്ന മല്‍സരങ്ങളില്‍ തന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കില്ലെന്ന് സിന്ധു വ്യക്തമാക്കി. ഏതു രീതിയിലാണ് ഞാന്‍ മല്‍സരത്തിനു തയ്യാറെടുക്കുന്നത് എന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിയോ ഒളിംപിക്‌സ് ഫൈനലില്‍ സമ്മര്‍ദ്ദം തനിക്കു തിരിച്ചടിയായിട്ടില്ലെന്ന് സിന്ധു വ്യക്തമാക്കി. സമ്മര്‍ദ്ദമൊന്നുമല്ല എന്റെ തോല്‍വിക്കു കാരണം. ഞാന്‍ എന്റേതായ രീതിയില്‍ കളിച്ചു. മല്‍സരം വളരെ മികച്ചതായിരുന്നു. എന്നാല്‍ കരോലിന വളരെ ആക്രമണോല്‍സുകതയോടെയാണ് കൡച്ചത്. അവരെ ഞാന്‍ അഭിന്ദിക്കുന്നു. ഒന്നാം ഗെയിം സ്വന്തമാക്കിയപ്പോള്‍ മല്‍സരം ജയിക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. രണ്ടാമത്തെ ഗെയിം ഏറെ നിര്‍ണായകമാണെന്ന് എനിക്കറിയാമായിരുന്നു- സിന്ധു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss