|    Dec 17 Mon, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അടുത്ത മാസം മുതല്‍ മില്‍മ പുതിയ പാക്കറ്റില്‍

Published : 27th November 2018 | Posted By: kasim kzm

കൊച്ചി: അടുത്ത മാസം മുതല്‍ മില്‍മ പുറത്തിറങ്ങുന്നത് പുതിയ പാക്കറ്റില്‍. പാക്കറ്റുകള്‍ക്ക് പുതുമ നല്‍കുന്നതിനും പെട്ടെന്നു തിരിച്ചറിയുന്നതിനുമാണ് പാല്‍ പാക്കറ്റുകളുടെ ഡിസൈ ന്‍ മാറ്റുന്നതെന്ന് മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി പറഞ്ഞു.
ഇനി കടുംനീലനിറത്തില്‍ ഹോമോജനൈസ്ഡ് ടോണ്‍ഡ് പാലായിരിക്കും ലഭിക്കുക. ഇളംനീലനിറത്തില്‍ നോണ്‍ ഹോമോജനൈസ്ഡ് ടോണ്‍ഡ് പാലും ഓറഞ്ച് നിറത്തില്‍ 3.5 ശതമാനം കൊഴുപ്പുള്ള പ്രൈഡ് പാലും കടുംപച്ചനിറത്തില്‍ സ്റ്റാന്‍ഡേര്‍ഡ് പാലുമായിരിക്കും ലഭിക്കുക.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മില്‍മയുടെ മലബാര്‍ മേഖല യൂനിയന്‍ പുറത്തിറക്കുന്ന മില്‍മ ലോങ്‌ലൈഫ് പാലിന്റെ വിപണന ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ രാജു മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പിന് നല്‍കി നിര്‍വഹിച്ചു. 90 ദിവസം വരെ സൂക്ഷിക്കാന്‍ കഴിയുന്ന 500 എംഎല്‍ പാലിന് 23 രൂപയാണു വില. എറണാകുളം മേഖല യൂനിയന്‍ ഇറക്കുന്ന മില്‍മ ലസിയും ചടങ്ങില്‍ പുറത്തിറക്കി. പൈനാപ്പിള്‍, മാംഗോ രുചികളില്‍ പുറത്തിറങ്ങുന്ന ലസിയുടെ 200 എംഎല്‍ കുപ്പിക്ക് 25 രൂപയാണു വില.
പാല്‍ തിളപ്പിക്കുമ്പോള്‍ നഷ്ടമാവുന്ന വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ഫോര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ പുനസ്ഥാപിക്കാനുള്ള പദ്ധതി മില്‍മ തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി ലോകബാങ്ക്, ടാറ്റ ട്രസ്റ്റ്, ക്ഷീര വികസന ബോര്‍ഡ് എന്നിവരുടെ സഹായത്തോടെയായിരിക്കും നടപ്പാക്കുക. മില്‍മ വില്‍ക്കുന്ന മുഴുവന്‍ പാലും ഫോര്‍ട്ടിഫൈ ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഡോ. പി പുകഴേന്തി പറഞ്ഞു. ഈ പദ്ധതിക്ക് ആവശ്യമായ ഫോര്‍ട്ടിഫിക്കന്‍ഡ് ആദ്യത്തെ ആറുമാസത്തേക്ക് ടാറ്റ ട്രസ്റ്റ് സൗജന്യമായും പിന്നീട് ആറുമാസത്തേക്ക് പകുതി വിലയ്ക്കും നല്‍കും. പദ്ധതി കാലാവധി കഴിഞ്ഞാല്‍ ഫോര്‍ട്ടിഫിക്കന്‍ഡ് വില ഫെഡറേഷനോ യൂനിയനോ വഹിക്കേണ്ടിവരും.
ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മികച്ച ക്ഷീരസംഘത്തിനും ക്ഷീരകര്‍ഷകനുമുള്ള അവാര്‍ഡുകള്‍ മന്ത്രി കെ രാജു സമ്മാനിച്ചു. പാലക്കാട് ജില്ലയിലെ മേനോന്‍പാറയിലെ ക്ഷീരോല്‍പാദന സഹകരണസംഘത്തിനെ മികച്ച ക്ഷീരസംഘമായും പാലക്കാട് ജില്ലയിലെ എ സെല്‍വരാജിനെ മികച്ച കര്‍ഷകനായും തിരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss