|    Jul 25 Tue, 2017 4:24 am
FLASH NEWS

അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാലാം മുന്നണിയുണ്ടാവും: പി സി ജോര്‍ജ്

Published : 15th July 2017 | Posted By: fsq

 

കോട്ടയം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാമതൊരു മുന്നണിയുണ്ടാവുമെന്ന് കേരളാ ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. കേരളം ആരു ഭരിക്കണമെന്നും ആരു മുഖ്യമന്ത്രിയാവണമെന്നും ആ മുന്നണി തീരുമാനിക്കുന്ന സാഹചര്യമുണ്ടാവും. അതില്‍ സിഎസ്ഡിഎസിന് മുഖ്യപങ്കുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതയ്ക്കും സിപിഎമ്മിന്റെ ദലിത് വേട്ടയ്ക്കുമെതിരേ ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തകര്‍ന്നു തരിപ്പണമായ സിപിഎമ്മിനെ പിടിച്ചുനിര്‍ത്താനായി പോരാടിയ സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് അവര്‍ ആക്രമണം അഴിച്ചുവിടുന്നത്.നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന നാണംകെട്ട പോലിസാണ് കേരളത്തിലുള്ളത്.  ടി പി വധക്കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പിണറായി വിജയന്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനിയിലെ സമ്മേളന നഗരിയിലെത്തിച്ചേര്‍ന്നത്. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് ജയന്‍, മനുഷ്യാവകാശപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, സിഎസ്ഡിഎസ് നേതാക്കളായ ഷാജി ഡേവിഡ്, വി ഡി ജോസഫ്, ഷീല തോമസ്, വി കെ തങ്കപ്പന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക