|    Sep 26 Tue, 2017 8:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അടുത്ത ചുവപ്പ് കാര്‍ഡ് ആര്‍ക്കുനേരെ; ആശങ്കയോടെ മുന്‍ മന്ത്രിമാര്‍

Published : 5th September 2016 | Posted By: SMR

ടോമി മാത്യു

കൊച്ചി: കെ എം മാണിക്കും കെ ബാബുവിനും  പിന്നാലെ വിജിലന്‍സിന്റെ ചുവപ്പ് കാര്‍ഡ് അടുത്തതായി ആര്‍ക്കു നേരെയാണ് ഉയരുന്നതെന്ന ആശങ്കയിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ ആരോപണവിധേയരായ മന്ത്രിമാര്‍. മുന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കം ആറോളം മന്ത്രിമാര്‍ക്കെതിരേ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ കെ എം മാണിക്കും കെ ബാബുവിനും എതിരേ മാത്രമാണ് ഇപ്പോള്‍ വിജിലന്‍സിന്റെ  ചുവപ്പുകാര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് മുന്നണികള്‍ പരസ്പരം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നുവെങ്കിലും അധികാരത്തിലെത്തിയ—ശേഷം ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറാവാറില്ലായിരുന്നു. എന്നാല്‍, ഇതിനു വിപരീതമായി അധികാരത്തിലെത്തി 100 ദിവസത്തിനുള്ളില്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ പ്രതിപക്ഷത്തായിരുന്ന സമയത്ത് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ, സോളാര്‍ ആരോപണങ്ങളായിരുന്നു ഏറ്റവും ശക്തമായി ഉയര്‍ന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരേ ശക്തമായ നിലപാടെടുത്തതിനെ തുടര്‍ന്ന് തിരസ്‌കരിക്കപ്പെട്ട ജേക്കബ് തോമസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കയറ്റം നല്‍കി. ഇതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിയാരോപണവിധേയരായിരുന്നവര്‍ക്ക് അപായം മണത്തിരുന്നു.
കെ എം മാണിയും കെ ബാബുവും തന്നെയായിരുന്നു ഏറ്റവും അധികം ആശങ്കപ്പെട്ടിരുന്നത്. സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാക്കി സ്വയം സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന പരാതിയില്‍ കെ എം മാണിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അനധികൃത സ്വത്തുസമ്പാദനത്തിന് കെ ബാബുവിനെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബാബുവിന്റെയും മക്കളുടെയും ബിനാമികളുടെയും വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തത്. മുന്‍ സര്‍ക്കാരിലെ ഏതു പ്രമുഖനാണ് ഇനി കുടുങ്ങുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക