|    Nov 19 Mon, 2018 3:04 am
FLASH NEWS
Home   >  National   >  

അടുത്തത് നിന്റെ ഊഴം, രക്ഷപ്പെടില്ല; ഡോ. കഫീല്‍ ഖാന് ഫോണില്‍ വധ ഭീഷണി

Published : 13th August 2018 | Posted By: afsal ph


കോഴിക്കോട്: ‘അടുത്തത് നിന്റെ ഊഴം, അതില്‍ നിന്ന് നീ രക്ഷപ്പെടില്ല’. ഇതായിരുന്നു അജ്ഞാത നമ്പറില്‍ നിന്ന് ഡോ. കഫീല്‍ ഖാന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശം. കേരള സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഡോ. കഫീല്‍ ഖാനാണ് ഫോണില്‍ വധ ഭീഷണി എത്തിയത്. കഴിഞ്ഞ നാലിനാണ് കോഴിക്കോട് നല്ലളത്തെ മെഡിക്കല്‍ കാംപിലും, ഫറൂഖ് കോളജിലെ പരിപാടിയിലും സംബന്ധിക്കാന്‍ ഡോ. കഫീല്‍ ഖാന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു. യാത്രാ രേഖകളില്‍ സംശയം പ്രകടിപ്പിച്ച എയര്‍പോര്‍ട്ട് അധികൃതര്‍ ഡോ. കഫീല്‍ ഖാന്‍, ബന്ധു സമര്‍ഖാന്‍ എന്നിവരെ ഏറെ നേരം തടഞ്ഞിട്ടു. സമയം വൈകിയത് മൂലം അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു. പിന്നീട് മറ്റൊരു വിമാനത്തിലാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. എയര്‍ പോര്‍ട്ടില്‍ യാത്ര രേഖകള്‍ ശരിയാക്കുന്നതിനിടേയാണ് ഡോ. കഫീല്‍ ഖാന്റെ മൊബൈലിലേക്ക് വധ ഭീഷണി എത്തിയത്. way2sms വഴിയാണ് കഫീല്‍ ഖാന് സന്ദേശം അയച്ചിരിക്കുന്നത്. സന്ദേശം എത്തിയ നമ്പറും മറ്റു വിവരങ്ങളും അടക്കം കഫീല്‍ ഖാന്‍ ഗോരഖ്പൂര്‍ പോലിസില്‍ പരാതി നല്‍കി.
കഴിഞ്ഞ ജൂണ്‍ 9ന് ഡോ. കഫീലിന്റെ ചെറിയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് നേരെ വധശ്രമമുണ്ടായി. റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവെ കാഷിഫിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിവെച്ച് സംഘപരിവാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രസന്ദര്‍ശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബി.ജെ.പി എം.പി കമലേഷ് പസ്വാനും ഭരണകൂടവുമാണ് ഇതിനു പിന്നിലെന്ന് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനം നടത്തി ലോകത്തെ അറിയിച്ചു. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടേയാണ് ഡോ. കഫീല്‍ ഖാന് വധ ഭീഷണി എത്തിയിരിക്കുന്നത്.
രാജ്യത്ത് ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരേയെല്ലാം സംഘ്പരിവാര്‍ വെടിവച്ചു കൊന്നു കൊണ്ടിരിക്കുകയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവര്‍ ഇതിനിടെ തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ ഇന്ന് വധശ്രമമുണ്ടായി. ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ചായിരുന്നു ഉമര്‍ഖാലിദിന് നേരെ വെടിവെപ്പുണ്ടായത്. സംഘ്പരിവാറിന്റെ ആള്‍ക്കൂട്ട കൊലക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അതീവ സരുക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു പുറത്താണ് അജ്ഞാതന്‍ ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് പൊലിസ് തോക്ക് കണ്ടെടുത്തു.കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ‘യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്’ എന്ന കൂട്ടായ്മയുടെ മുന്‍കൈയില്‍ നടക്കുന്ന ഖൗഫ് സേ ആസാദി ( ഭയത്തില്‍ നിന്നു മോചനം) പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss