|    Jun 20 Wed, 2018 1:16 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

അടുക്കളകള്‍ ഖബറിടങ്ങളാവുമ്പോള്‍

Published : 8th January 2017 | Posted By: fsq

അഡ്വ.  സി  എം  എം  ഷരീഫ്
വീട് നിര്‍മിക്കാന്‍ കഴിവില്ലാത്ത കുടുംബങ്ങള്‍ ഇറാനിലെ ശഹരിയാര്‍ നഗരത്തില്‍ ശവക്കുഴികള്‍ വാസസ്ഥലങ്ങളാക്കിയ വാര്‍ത്ത വന്നിട്ട് അധികനാളായില്ല. ഇതിനു സമാനമായ മറ്റൊരു സംഭവം നമ്മുടെ സംസ്ഥാനത്തുമുണ്ടായി. സംഗതി വ്യത്യസ്തമാണെന്നു മാത്രം. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തില്‍ പിന്നാക്കക്കാര്‍ താമസിക്കുന്ന കോളനിയിലെ വീടിന്റെ അടുക്കളയാണ് സമീപപ്രദേശത്ത് പൊതുശ്മശാനം ഇല്ലാത്തതിനാല്‍ ഖബറിടമായി രൂപാന്തരപ്പെട്ടത്. കോളനിയിലെ അമ്പതു സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന 25 വീടുകളിലൊന്നിലെ ഒരംഗം മരണമടഞ്ഞിരുന്നു. സ്ഥലപരിമിതിയും പൊതുശ്മശാനത്തിന്റെ അഭാവവുമാണ് അടുക്കള പൊളിച്ചുമാറ്റി ശവശരീരം മറവുചെയ്യാന്‍ കോളനിക്കാരെയും മരിച്ചയാളുടെ നിസ്സഹായരായ ബന്ധുക്കളെയും കുടുംബക്കാരെയും നിര്‍ബന്ധിതരാക്കിയത്. മുന്‍കാലങ്ങളിലും ജഡങ്ങള്‍ സംസ്‌കരിക്കാന്‍ വീടിന്റെ വിവിധ ഭാഗങ്ങള്‍ പൊളിച്ചു നീക്കംചെയ്ത് പ്രസ്തുത സ്ഥലം ഖബറിടങ്ങളാക്കിയ സംഭവങ്ങള്‍ ഈ കോളനിയില്‍ നടന്നിട്ടുണ്ടത്രേ! അടുക്കളയില്‍ ശവശരീരം മറവു ചെയ്ത വാര്‍ത്ത പ്രചരിച്ചപ്പോള്‍ പഞ്ചായത്ത് അധികാരികളും ജില്ലാ ഭരണകൂടവും സ്ഥലപരിമിതി പറഞ്ഞ് പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. എന്നാല്‍, ഓരോ പഞ്ചായത്തിലും ശ്മശാനങ്ങള്‍ സ്ഥാപിക്കേണ്ടത് അതതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പരിധിയില്‍ പൊതുശ്മശാനത്തിനുള്ള സ്ഥലമെടുപ്പിനു പ്രാധാന്യം നല്‍കാത്തതാണ് ഈ അനാസ്ഥയ്ക്കു കാരണം എന്നാണ് പൊതുവേയുള്ള പരാതി. 1994ലെ കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വകുപ്പുകളും ചട്ടങ്ങളും അനുസരിച്ച് ശവപ്പറമ്പുകളും ശവം ദഹിപ്പിക്കുന്നതിനുള്ള ചൂളകളും സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. എങ്കിലും കേരളത്തിലെ 941 ഗ്രാമപ്പഞ്ചായത്തുകളില്‍ ഭൂരിഭാഗത്തിനും സ്വന്തമായി ശ്മശാനങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. ഇപ്രകാരം പൊതുശ്മശാനങ്ങളില്ലാത്ത സ്ഥലങ്ങളില്‍ താമസക്കാരായ തദ്ദേശവാസികള്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും മരണശേഷം സംസ്‌കരിക്കാന്‍ പൊതുശ്മശാനങ്ങളുള്ള സമീപ പഞ്ചായത്തുകളിലും നഗരസഭകളിലും അഭയം തേടുകയാണ് പതിവ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ന്യൂനപക്ഷ സമുദായക്കാരായ മുസ്‌ലിംകളും ക്രൈസ്തവരും ഏറെയുള്ള കേരളത്തില്‍ പ്രസ്തുത സമുദായങ്ങളിലുള്ളവര്‍ തങ്ങളുടെ പള്ളികളോട് അനുബന്ധിച്ചുള്ള പള്ളിക്കാടുകളും സെമിത്തേരികളുമാണ് ശവസംസ്‌കാരത്തിനായി ഉപയോഗിച്ചുവരുന്നത്. പള്ളികളോട് ചേര്‍ന്നുള്ള ഇത്തരം പറമ്പുകള്‍ ആദ്യകാലം മുതല്‍ മതില്‍ കെട്ടി അതതു മഹല്ലുകളും ഇടവകകളും സംരക്ഷിച്ചുപോരുന്നുണ്ടെങ്കിലും നഗരപരിധിക്കകത്തുള്ള പല ശ്മശാനങ്ങളും ഇന്നു ഖബറിടങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ജനബാഹുല്യവും സ്ഥലപരിമിതിയും ശ്മശാനത്തിലെ സ്ഥലം വിവിധ കുടുംബക്കാര്‍ കുത്തകാവകാശം സ്ഥാപിച്ച് തങ്ങളുടെ സ്വന്തക്കാര്‍ക്കായി പതിച്ചുവാങ്ങുന്നതും മറ്റും ഖബറിടങ്ങളുടെ പൊതു ഉപയോഗലഭ്യത കുറയ്ക്കാന്‍ കാരണമാവുന്നുണ്ട്. ഇതിനും പുറമേ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സ്ഥലവിലയും പരിസ്ഥിതിപ്രശ്‌നങ്ങളും ഈ ആവശ്യത്തിലേക്കു പുതിയ ഇടങ്ങള്‍ കണ്ടെത്തല്‍ പ്രയാസകരമാക്കുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അധികാരം ഉപയോഗിച്ച് ലഭ്യമായ ഫണ്ടിന്റെ ഒരു നിശ്ചിത വിഹിതം വിനിയോഗിച്ച് പൊതുശ്മശാനങ്ങള്‍ സ്ഥാപിക്കുകയോ അല്ലാത്തപക്ഷം നിലവിലുള്ളവയുടെ പോരായ്മ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയോ ആവും ഈ പ്രശ്‌നത്തിനുള്ള പരിഹാരം. മരണവും മരണാനന്തര ചടങ്ങുകളും വിവിധ മതങ്ങളുടെ പരിധിയില്‍ വരുന്ന പരിപാവനമായ പ്രക്രിയകളാണ്. മരിച്ചവരെ ആറടി മണ്ണില്‍ ഖബറടക്കണോ അതല്ല ദഹിപ്പിക്കണോ തുടങ്ങിയ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സമൂഹത്തിലെ വ്യക്തികളുടെ സ്വകാര്യതയിലും വിശ്വാസത്തിലും അധിഷ്ഠിതവും മതശാസനകള്‍ക്കു വിധേയവും രാജ്യത്തു നിലവിലുള്ള നിയമത്തിനും അനുസൃതമായി മാത്രമേ കഴിയൂ. 1964ലെ ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ്, 1995ലെ അസൈന്‍മെന്റ് ഓഫ് ലാന്‍ഡ് ഇന്‍ മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ ഏരിയാസ് റൂള്‍സ് എന്നിവയില്‍ പ്രതിപാദിക്കുംവിധം സര്‍ക്കാരിനു പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും പൊതു ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കാമെന്നു പറയുന്നുണ്ടെങ്കിലും മതപരമായ ഒരു ആവശ്യത്തിനും ഭൂമി പതിച്ചുനല്‍കാന്‍ കഴിയില്ല. മരണത്തിനും അനന്തര കര്‍മങ്ങള്‍ക്കും മതപരമായ പ്രാധാന്യവും പരിപാവനത്വവും ആചാരപരമായ പരിവേഷവുമുള്ളതിനാല്‍ നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ഭൂമി ശ്മശാനത്തിന്റെ ആവശ്യത്തിനു വിട്ടുനല്‍കുന്നതില്‍ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭരണസംവിധാനമായ പഞ്ചായത്തുകള്‍ പദ്ധതിവിഹിതം വിനിയോഗിച്ചും സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കിയും പ്രശ്‌നപരിഹാരത്തിനായി സ്ഥലം കണ്ടെത്തുകയാവും അഭികാമ്യം. വന്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തില്‍ സ്ഥലത്തിന്റെ പരിമിതി പറഞ്ഞറിയിക്കേണ്ടതില്ല. ഇത്തരം ഒരവസ്ഥയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി ശ്മശാനങ്ങള്‍ സ്ഥാപിക്കാനുള്ള ചുമതല ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെങ്കിലും വിവിധ കാരണങ്ങളാല്‍ അതു നിറവേറ്റപ്പെട്ടിട്ടില്ല. 1998ലെ കേരള പഞ്ചായത്തിരാജ് റൂള്‍സ്, 2000ലെ കേരള മുനിസിപ്പാലിറ്റി റൂള്‍സ് എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ശ്മശാനങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയൂ. ഖബറിടങ്ങളുടെ സ്ഥലപരിമിതിയും വൈകാരിക കാരണങ്ങളും മൂലം ചുരുങ്ങിയ ഇടവേളകളില്‍ ഒരേ ഖബറില്‍ തന്നെ ഒന്നിലധികം ജഡങ്ങള്‍ സംസ്‌കരിക്കുന്ന രീതിയും ഇപ്പോള്‍ നിലവിലുണ്ട്. വന്‍ നഗരങ്ങളിലും കുടുംബ കല്ലറകളില്‍ അടക്കം ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ഇടങ്ങളിലുമാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്. മതപരവും ആചാരപരവുമായ കാരണങ്ങളാല്‍ ഖബറടക്കം എന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതുന്നവര്‍ക്ക് മൃതദേഹം മണ്ണില്‍ അടക്കം ചെയ്യുകയെന്നത് നിര്‍ബന്ധമായ സംഗതിയാണ്. എന്നാല്‍, മാറിയ സാഹചര്യത്തില്‍ വിവിധ സമൂഹങ്ങളില്‍ കാലക്രമത്തില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഖബറടക്കത്തിനു പകരം വിശ്വാസികള്‍ക്ക് ശവദാഹം അനുവദനീയമാണെന്ന കത്തോലിക്കാ സഭയുടെ പ്രഖ്യാപനം. വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലാത്ത കാര്യമാണ് ഇതെന്നു സഭ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കുറച്ച് വിശ്വാസികള്‍ മാത്രമേ ഈ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായിട്ടുള്ളൂ. എന്നാല്‍ മരണാനന്തരം മുസ്‌ലിംകളാവട്ടെ, മണ്ണു കൊണ്ട് പടച്ച മനുഷ്യനെ മണ്ണില്‍ ഖബറടക്കി മൂന്നു പിടി മണ്ണിട്ട് പള്ളിക്കാടിന്റെ പടിയിറങ്ങുന്നു. ഹിന്ദുക്കളിലെ ഒരു വിഭാഗവും ചില ആദിവാസി സമൂഹങ്ങളും മനുഷ്യനെ മണ്ണില്‍ അടക്കുന്ന സമ്പ്രദായം പാലിച്ചുപോരുന്നവരാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ വിഷയമാണ് പൊതുശ്മശാനങ്ങളുടെ അഭാവവും നിലവിലുള്ളവയുടെ പോരായ്മകളും. 12ാം പഞ്ചവല്‍സരപദ്ധതി അതിന്റെ പാരമ്യത്തിലെത്തി 13ന്റെ പടിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുശ്മശാനങ്ങള്‍ സ്ഥാപിച്ചു പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ അത് അധികാര വികേന്ദ്രീകരണത്തിന് ഒരു മുതല്‍ക്കൂട്ടും സമൂഹത്തിന് ആശ്വാസവുമാകും. അല്ലെങ്കില്‍ മരണശേഷം തങ്ങളുടെ ഭൗതിക ശരീരം എവിടെ ഖബറടക്കും എന്ന ആകുലത മാത്രമാവും മരണം വരെ പലരുടെയും മനസ്സില്‍.                                                              ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss