|    Jan 18 Wed, 2017 7:34 pm
FLASH NEWS

അടിസ്ഥാന സൗകര്യമില്ലാതെ കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയും ഗ്യാരേജും

Published : 1st October 2016 | Posted By: Abbasali tf

കൊല്ലം: കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയും അനുബന്ധ ഗ്യാരേജും അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നു. ബസുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കയറാനോ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഡിപ്പോയായ കൊല്ലത്തെ  മാനേജ്‌മെന്റ് അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ബസ് ഡിപ്പോയും പരിസരവും രാത്രിയില്‍ ഇരുട്ടിലാണ്. ഗ്യാരേജില്‍ സ്ഥലമില്ലാത്തതിനാല്‍ ബസുകള്‍ സമീപത്തെ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്.ഡിപ്പോയിലേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഡിപ്പോ മന്ദിരം ചുറ്റിയാണ് സ്റ്റാന്‍ഡില്‍ വരുന്നത്. തലങ്ങും വിലങ്ങും ബസുകള്‍ വരുന്നതു മൂലം യാത്രക്കാര്‍ പലപ്പോഴും അപകടക്കെണിയിലാകുന്നു. തലനാരിഴക്കാണ് പലരും ബസിന്റെ അടിയില്‍പ്പെടാതെ രക്ഷപ്പെടുന്നത്. ബസുകള്‍ സമയക്രമം പാലിക്കാത്തതിനാല്‍ യാത്രക്കാരുടെ തിരക്കും ഏറുന്നു. സര്‍വീസ് സംബന്ധിച്ച അനൌണ്‍സ്‌മെന്റ്, സെക്യൂരിറ്റി സംവിധാനവും ഫലപ്രദമല്ല.ദിവസവും 14 ലോ ഫ്‌ളോര്‍  വോള്‍വോ ഉള്‍പ്പെടെ 136 ബസുകള്‍ ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഗ്യാരേജില്‍ ഇതിന്റെ പത്തിലൊന്ന് ബസ് പോലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല. അതുകൊണ്ടുതന്നെ ഇവയെല്ലാം യഥാസമയം അറ്റകുറ്റപ്പണി നടത്താനുമാവാത്ത അവസ്ഥയാണുള്ളത്. ലിങ്ക് റോഡിനായി കെഎസ്ആര്‍ടിസി വിട്ടു നല്‍കിയ സ്ഥലത്തിന് പകരം ആണ്ടാമുക്കത്ത് ലഭ്യമാക്കിയ സ്ഥലം ഫലപ്രദമായി വിനിയോഗിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇവിടം കേന്ദ്രീകരിച്ച് ഓപ്പറേറ്റിങ് സെന്റര്‍ തുടങ്ങിയാല്‍  ബസുകളുടെ സംരക്ഷണം ഉറപ്പാക്കാനും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്നും ജീവനക്കാര്‍ ചുണ്ടിക്കാട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക