|    Nov 19 Mon, 2018 5:07 am
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1.38 കോടി അനുവദിച്ചു

Published : 12th March 2018 | Posted By: kasim kzm

നെടുങ്കണ്ടം: രാമക്കല്‍മെട്ടില്‍ ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 1.38 കോടി രൂപ അനുവദിച്ചു. രാമക്കല്‍മെട്ടില്‍ റോപ്പ് വേ നിര്‍മാണത്തിനായി കനേഡിയന്‍ കമ്പനിയുടെ സാധ്യതാ പഠനവും നടന്നു. കമ്പനിയുടെ പഠന റിപോര്‍ട്ട് കിട്ടിയാലുടന്‍ ഡിടിപിസി തുടര്‍നടപടികള്‍ സ്വീകരിക്കും. ആമക്കല്ലിനും ടോപ്‌സ്‌റ്റേഷനിലുമായി നാലു കോടിയുടെ പദ്ധതി പരിഗണനയിലാണെന്നു ഡിടിപിസി സെക്രട്ടറി ജയന്‍ വ്യക്തമാക്കി.
30 ലക്ഷം രൂപ മുടക്കിയുള്ള വാച്ച് ടവര്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ആധുനികമായ ടിക്കറ്റ് കൗണ്ടര്‍, സഞ്ചാരികള്‍ക്ക് നടപ്പാതകള്‍, പാര്‍ക്കിങ് ഏരിയ എന്നിവയ്ക്കാണ് 1.38 കോടി രൂപ അനുവദിച്ചത്. രാമക്കല്‍മെട്ട് ടൂറിസം കേന്ദ്രത്തിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ശുദ്ധജലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡിടിപിസി ബോര്‍ഡംഗം ടി എം ജോണ്‍ അറിയിച്ചു.
ടൂറിസം സീസണിന് മുന്നോടിയായി രാമക്കല്‍മെട്ടില്‍ ഡിടിപിസി സംഘടിപ്പിച്ച വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും പോലിസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദേ്യാഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ വിജിമോള്‍ വിജയന്‍, പി എസ് ഷംസുദീന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, എഎസ്‌ഐ ഇബ്രാഹിം, കുറവന്‍കുറത്തി പ്രതിമയുടെ ശില്‍പ്പി സി ബി ജിനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സോമന്‍, അജി കുളത്തിങ്കല്‍, പ്രദീപ്, െ്രെഡവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
രാമക്കല്‍മെട്ടില്‍ ഇനി ഗ്രീന്‍ കാര്‍പ്പറ്റ് മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി ഗ്രീന്‍ കാര്‍പ്പറ്റ് എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കും. കുറവന്‍കുറത്തി ശില്‍പ്പത്തിനടുത്തേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും ശില്‍പം രാത്രിയിലും കാണത്തക്കവിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും സഞ്ചാരികള്‍ക്കും ഓഫ് റോഡ് സവാരി നടത്തുന്ന ജീപ്പുകാര്‍ക്കും പാര്‍ക്കിങ് സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. സഞ്ചാരികള്‍ക്കായി ശുദ്ധജലം ഒരുക്കാനും ശൗചാലയങ്ങള്‍ നവീകരിക്കാനും തീരുമാനമായി. ആമക്കല്ലിലേക്കുള്ള റോപ് വേ ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ച് സാധ്യതാ പഠനം നടന്നുവരികയാണ്. അടുത്ത മാസം വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്നു നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമേ പദ്ധതി സംബന്ധിച്ച് അന്തിമ രൂപമാവുകയുള്ളൂ. മൊട്ടക്കുന്നില്‍ പച്ചപ്പ് നിലനിര്‍ത്താന്‍ പുല്‍ത്തകിടി വച്ച് പിടിപ്പിക്കും. ഇവിടെത്തുന്ന പ്രായംകൂടിയവര്‍ക്ക് പ്രത്യേക വിശ്രമ സങ്കേതങ്ങളും ഒരുക്കും. മൊട്ടക്കുന്നില്‍ കോണ്‍ക്രീറ്റ് നിര്‍മാണം പൂര്‍ണമായി ഒഴിവാക്കും. ഓഫ് റോഡ് ട്രക്കിങ്: വീണ്ടും യോഗം ചേരും രാമക്കല്‍മെട്ട് മേഖലയില്‍ നിരന്തരം പരാതി ഉയരുന്ന ഓഫ് റോഡിങ് വാഹനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് യോഗത്തില്‍ ധാരണയായില്ല. കമ്മിറ്റി ചെയര്‍മാന്‍മാരായ കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തില്‍ ചേരുന്ന അടുത്ത യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്തു ധാരണയിലെത്താനാണു തീരുമാനം. ഓഫ് റോഡിങ് ജീപ്പുകളുടെ വേഗം, ടേണ്‍ അനുസരിച്ചുള്ള സര്‍വീസ്, മദ്യപിച്ചും തമിഴ്‌നാട് അതിര്‍ത്തി കടന്നുമുള്ള െ്രെഡവിങ് തുടങ്ങിയ പ്രശ്‌നങ്ങളും പ്രതിനിധികള്‍ ഉന്നയിച്ചു. ഏപ്രില്‍ ഒന്നിനു മുമ്പ് വരുന്ന ടൂറിസം സീസണ്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി യോഗം ചേരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss