|    Oct 15 Mon, 2018 5:00 pm
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ലാതെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍

Published : 11th September 2017 | Posted By: fsq

 

പെര്‍ള: അതിര്‍ത്തി പ്രദേശങ്ങളിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളില്‍ ചിലത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുന്നു. പാമ്പുകള്‍ക്കും ഇഴ ജന്തുക്കള്‍ക്കും താവളമായി മാറുകയാണ് കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സ്വര്‍ഗ വാണിജ്യ നികുതി ചെക്ക് പോസ്റ്റ്. ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ടിന്‍ ഷീറ്റ് കൊണ്ട് പണിത ഒറ്റ മുറി ഷെഡ്ഡിലാണ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ കാലത്ത് പൊടി തിന്നും കൊടും ചൂട് സഹിച്ചും ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് മഴ കാലമായതിനാല്‍ ഇവരുടെ ദുരിതം ഏറിയിരിക്കുകയാണ്. തുരുമ്പിച്ച് ചോര്‍ന്നോലിക്കുന്ന ടിന്‍ ഷീറ്റുകള്‍, കൂട്ടത്തില്‍ പാമ്പുകളുടെയും എലികളുടെയും മറ്റും ഇഴജന്തുക്കളുടെയും താവളമായി മാറുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ചെക്ക് പോസ്റ്റില്‍ ഓഫിസായി പ്രവര്‍ത്തിക്കുന്ന ഷെഡ്ഡിനകത്ത് പാമ്പ് മുട്ടയിടുകയും ഇവിടെ വിശ്രമിക്കുകയായിരുന്ന ജീവനക്കാരന്റെ ദേഹത്ത് കയറിയ സംഭവവും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കൊതുക്, പാറ്റകള്‍ ദേഹത്ത് അള്ളിപിടിക്കുകയും പിന്നിട് ചൊറിച്ചില്‍ അനുഭവപ്പെടുകയും ശരീരമാസകലം ചുവപ്പ് നിറം കണ്ട് വരികയും പൊട്ടി വ്രണമായി മാറുന്നതായും ജീവനക്കാര്‍ ചൂണ്ടികാട്ടുന്നു. 2015 ജനുവരി മുതല്‍ ഫെബ്രുവരി വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നടന്ന കായിക മേളകള്‍ക്ക് ഉപയോഗിച്ച് ഉപയോഗ ശൂന്യമായ  പ്ലൈവുഡ്ഡുകള്‍, മര തടികള്‍ എന്നിവ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്ന ഷെഡ്ഡ് പുതുക്കി പണിയാനെന്ന പേരില്‍ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഷെഡ്ഡിന്റെ ഒരു വശത്ത് ഇറക്കിവച്ചതല്ലാതെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവ നീക്കം ചെയ്യാനോ തുടര്‍ പ്രവര്‍ത്തനം നടത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ ഇറക്കിയ സ്‌പോഞ്ച് പോലുള്ള സാധനങ്ങളില്‍ വെള്ളം കയറുകയും ഇത് മൂലം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നു. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയമോ വെള്ളമോ ഇവിടെയില്ല. സ്വകാര്യ വ്യക്തികളുടെ ശൗചാലയവും അവര്‍ നല്‍കുന്ന വെള്ളവും മാത്രമാണിവര്‍ക്ക് ഏക ആശ്രയം. വാണിജ്യ നികുതി വകുപ്പില്‍ ജീവനക്കാരുടെ കുറവ് മൂലം ഇവിടുത്തെ ജീവനക്കാര്‍ക്ക് 24 മണിക്കൂറും സ്വര്‍ഗ്ഗ ചെക്ക് പോസ്റ്റിലും പിറ്റേ ദിവസം പെര്‍ള ചെക്ക് പോസ്റ്റിലും നാട്ടക്കല്‍, ഏത്തടുക്ക ചെക്ക് പോസ്റ്റുകളിലും ജോലി ചെയ്യേണ്ടി വരുന്നതായും ജീവനക്കാര്‍ പറഞ്ഞു. ഇത് മൂലം ഉറക്കമില്ലയോടൊപ്പം മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടു. ഇത്തരത്തില്‍ മാനസിക അസ്വസ്ഥത അനുഭവപ്പട്ട ഒരു ജീവനക്കാരന്‍ ചെക്ക് പോസ്റ്റിനകത്ത് അത്മഹത്യ ചെയ്ത സംഭവം നേരത്തെയുണ്ടായിരുന്നു. അതിര്‍ത്തിചെക്ക് പോസ്റ്റ് എന്നത് കൊണ്ട് തന്നെ അനധികൃത കടത്ത് സജീവമാണ്. ഇതിന് തടയിടാന്‍ വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലില്ല. ഇതേ സ്ഥിതിയാണ് ഏത്തടുക്ക, ബെള്ളൂര്‍, ബായര്‍, മിയാപദവ്, ആദൂര്‍, അഡൂര്‍ ചെക്ക് പോസ്റ്റുകളിലുമുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss