|    May 27 Sat, 2017 11:41 am

അടിസ്ഥാന ശമ്പളത്തില്‍ കുറവ് ; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സിങ് ജീവനക്കാരി ഒറ്റയാള്‍ സമരം നടത്തി

Published : 23rd August 2016 | Posted By: SMR

ആര്‍പ്പൂക്കര: ഹെഡ് നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിട്ടെങ്കിലും ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിലെ കുറവില്‍ പ്രതിഷേധിച്ച് നഴ്‌സിങ് ജീവനക്കാരി ഒറ്റയാള്‍ സമരം നടത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 11ാം വാര്‍ഡിലെ ഹെഡ് നഴ്‌സാണ് ശമ്പളത്തിലെ കുറവില്‍ പ്രതിഷേധിച്ച് സമരം ആരംഭിച്ചത്.
44700 രൂപയാണ് അടിസ്ഥാന ശമ്പളമായി ഇവര്‍ക്കു ലഭിക്കേണ്ടതെങ്കിലും  21800 രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഓഫിസ് ജീവനക്കാര്‍ തന്റെ ശബളത്തിലെ അപാകത പരിഹരിച്ചു നല്‍കുന്നതില്‍ അനാസ്ഥ കാട്ടുകയാണെന്ന് നഴ്‌സ് പറയുന്നു. തുടര്‍ന്ന് മൂന്നു വര്‍ഷമായിട്ടും ശമ്പളത്തിന്റെ അപാകത പരിഹരഹിച്ചു തരാത്ത ഓഫിസ് ജീവനക്കാരോട് പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നെഴുതി ഡ്യൂട്ടി വസ്ത്രത്തിനു മേല്‍ പിന്‍ ചെയ്താണ് ഇവര്‍ ഒരു പുതിയ സമര രീതി അവലംബിച്ചിരിക്കുന്നത്. 2013ലാണ് ഹെഡ് നേഴ്‌സായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ ഹെഡ്‌നഴ്‌സിന്റെ ശമ്പളം ലഭിച്ചിട്ടില്ല. ഓഫിസില്‍ വിവരം ധരിപ്പിക്കുകയും ബന്ധപ്പെട്ട സര്‍വീസ് സംഘടനയെ അറിയിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് ഫെബ്രുവരി 19ന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ സമീപിച്ചു. നിങ്ങള്‍ സംഘടന യോഗത്തില്‍ കയറി പരസ്യമായി ഈ വിവരം പറഞ്ഞ് എന്നെ ആക്ഷേപിച്ചതല്ലേയെന്നു ചോദിച്ച് ഉദ്യോഗസ്ഥന്‍ ഹെഡ്‌നേഴ്‌സിനോട് കയര്‍ത്തുവെന്ന് നേഴ്‌സ് പറയുന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തന്നെ ഓഫിസില്‍വെച്ച് പരസ്യമായി ആക്ഷേപിച്ചുവെന്ന് കാട്ടി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.  നേഴ്‌സിന്റെ ശബളത്തെസംബന്ധിച്ചും ജീവനക്കാരന്റെ പെരുമാറ്റത്തെ സംബന്ധിച്ചും വ്യത്യസ്ത രീതിയിലുള്ള അന്വേഷണത്തിന് സൂപ്രണ്ട് ഉത്തരവിടുകയും ചെയ്തു.
അടിസ്ഥാന ശമ്പളത്തെ സംബന്ധിച്ച് കാര്യത്തില്‍ സൂപ്രണ്ട് നഴ്‌സിന് കൊടുത്ത് മറുപടിയില്‍ ശമ്പള വിതരണ രേഖകള്‍ പരിശോധിച്ച് സേവന പുസ്തകം താരതമ്യം ചെയ്തപ്പോള്‍ 2013 നവംബര്‍ മുതല്‍ 2015 ജനുവരി വരെ 17865 രൂപ അധികമായി നല്‍കിയിട്ടുണ്ടെന്നും, ഈ തുക 10 തവണയായി തരികെ അടയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും 5069 രൂപ മാത്രമാണ് അധികമായി തന്നിട്ടുള്ളതെന്നും ഇതില്‍ തന്നെ 1787 രൂപാ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും നഴ്‌സ് മറുപടി നല്‍കി.
കൂടാതെ 2012 ഫെബ്രുവരി, 2013 മാര്‍ച്ച്, 2014 ജനുവരി എന്നീ മൂന്ന് മാസങ്ങളില്‍ എച്ച്ആര്‍എ 750 രൂപ അധികമായി തന്നിട്ടുള്ളതിനാല്‍ ഈ തുക കൂടി ഉള്‍പ്പെടുത്തി ശരിയാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളിതുവരെ വിധവയും രോഗിയുമായ ഹെഡ് നഴ്‌സിന്റെ ശമ്പളം സംബന്ധിച്ച വിഷയത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day