|    Dec 11 Tue, 2018 2:11 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അടിയൊഴുക്കുകളും ആടിക്കളിക്കുന്ന വോട്ടുകളും

Published : 26th May 2018 | Posted By: kasim kzm

മധ്യമാര്‍ഗം  –  പരമു
ഭരണം പിടിക്കാനുള്ള തിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമാവുന്നത്. ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായമാണ് ചെങ്ങന്നൂര്‍ തുറക്കുന്നത്. മൂന്നു മുന്നണികള്‍ പരസ്പരം പോരാടുന്നു. പതിനെട്ട് അടവുകളും പയറ്റുന്നു. പണത്തിനോ പ്രവര്‍ത്തകര്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ യാതൊരു പഞ്ഞവുമില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പരസ്യമായും രഹസ്യമായും നീക്കങ്ങള്‍ നടക്കുന്നു. ജയപരാജയങ്ങള്‍ രാഷ്ട്രീയതലത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോവുന്നില്ല. ഫലമെന്തായാലും ഭരണത്തിന് യാതൊരു പോറലുമുണ്ടാക്കില്ല. എന്നിട്ടും മൂന്നു മുന്നണികളും ഉപതിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമായി എടുത്തിരിക്കുന്നു. വമ്പിച്ച രാഷ്ട്രീയപ്രാധാന്യം തിരഞ്ഞെടുപ്പിന് ഉണ്ടെന്നാണ് മൂന്നു മുന്നണികളും സമ്മതിദായകരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ ‘വമ്പിച്ച’തെന്താണെന്നു മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു മനസ്സിലായിട്ടില്ല. അതിനാല്‍ ജനം ഇളകാതെ നില്‍ക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചാല്‍ അത് അവരുടെ ഭരണത്തിന്റെ വിജയമായി പ്രഖ്യാപിക്കും. വി എസ് അച്യുതാനന്ദനെപ്പോലുള്ള നേതാക്കള്‍ വിലയിരുത്തലിന്റെ കാര്യം മുന്‍കൂറായി പറഞ്ഞുവച്ചിട്ടുമുണ്ട്. രണ്ടു വര്‍ഷത്തെ ഭരണവിജയത്തിന് വോട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഇനി ഇടതുപക്ഷ മുന്നണി തോറ്റുപോയാല്‍ ഭരണവിലയിരുത്തലിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. രണ്ടുവര്‍ഷംകൊണ്ട് എന്തു വിലയിരുത്തല്‍ എന്ന് അങ്ങോട്ടു ചോദിക്കുകയും ചെയ്യാം. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടികമ്മിറ്റി പരിശോധിച്ച് പിന്നീട് അറിയിക്കുന്നതാണ്. എന്നാലും തോറ്റ സ്ഥിതിക്ക് ഒരു വെറുംവാക്കെങ്കിലും പറയണമല്ലോ. അതാണെങ്കില്‍ ഇപ്പോഴേ തയ്യാറാക്കിവച്ചിട്ടുണ്ട്. ജാതി-മത-വര്‍ഗീയ ശക്തികളുടെ ഇടപെടല്‍ തന്നെ!
ഐക്യജനാധിപത്യ മുന്നണിയാണ് വിജയിക്കുന്നതെങ്കില്‍ കാരണം തേടി അലയേണ്ടതില്ല. പിണറായി സര്‍ക്കാരിന്റെ പരാജയം തന്നെ. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വഴിപാട് സമരങ്ങളുമാവാം. ഇനി ഐക്യജനാധിപത്യ മുന്നണി തോറ്റാലോ? സംസ്ഥാന ഭരണത്തിന്റെ ഇടപെടലുകള്‍. നടന്നത് അധികാര ദുര്‍വിനിയോഗം തന്നെ! അതിന്റെ പേരില്‍ നേതാക്കള്‍ക്ക് പ്രസ്താവനകള്‍ ഇറക്കാം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യാം.
ബിജെപി അദ്ഭുതമാണ് ആശിക്കുന്നത്. എന്നാല്‍, വോട്ടര്‍മാര്‍ അത് ആശിക്കാത്തതുകൊണ്ട് അവരുടെ വിജയത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് സമയം കളയേണ്ടതില്ല. കഴിഞ്ഞ തവണ അവരുടെ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകള്‍ ഗണ്യമായി കുറയും. ദിനംപ്രതി ഇന്ധനവില കൂടുന്നതും കര്‍ണാടകയിലെ നാണംകെട്ട നടപടികളും ഓര്‍മിച്ചുകൊണ്ടാണല്ലോ വോട്ടര്‍മാര്‍ ബൂത്തിലേക്കു പോവുക. വോട്ട് കുറയുന്നതിന് ബിജെപി കാരണം ഇപ്പോള്‍ തന്നെ കണ്ടുവച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ചെങ്ങന്നൂരില്‍ അവിഹിതബന്ധമുണ്ടാക്കിയിട്ടുണ്ട്. മൂന്നു മുന്നണികളുടെയും നേതാക്കന്മാര്‍ തിരക്കിട്ട മറ്റു പരിപാടികള്‍ മാറ്റിവച്ച് എത്തിച്ചേര്‍ന്നിരുന്നു. ത്രിപുര മുഖ്യമന്ത്രിക്കു തന്നെയാണ് താരപദവി കിട്ടിയത്. സ്വന്തം സംസ്ഥാനത്ത് ഗര്‍ഭിണി ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടും അവരുടെ വീടുകളൊന്നും സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത് കൗതുകമായി. ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുരയില്‍ നിന്ന് അഞ്ചു ലക്ഷവും കിട്ടി. ത്രിപുരക്കാരൊന്നും ചെങ്ങന്നൂരില്‍ ഇല്ലാത്തതുകൊണ്ട് ഈ നാടകത്തില്‍ ബിജെപിക്ക് ഗുണമുണ്ടാവാനിടയില്ല.
പുറമേക്കു കാണുന്ന തിരഞ്ഞെടുപ്പുരംഗം ഇതാണ്. വാസ്തവത്തില്‍ അടിയൊഴുക്കുകള്‍ മറ്റൊന്നാണ്. ജാതിരാഷ്ട്രീയം സമീപകാലത്തൊന്നുമില്ലാത്തവിധം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് വേട്ടയ്ക്കായി ഉപയോഗിക്കുന്നു. അത്യന്തം അപകടകരമാംവിധത്തിലാണ് ഇതു നടക്കുന്നത്. ഏതുവിധേനയും വോട്ട് പെട്ടിയിലാക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനു പിന്നിലുള്ളു. ഉത്തരേന്ത്യയിലും മറ്റും കാണുന്ന മാതൃകകള്‍ ഇവിടെയും പയറ്റിനോക്കുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍ ജാതിരാഷ്ട്രീയം പത്തിവിടര്‍ത്തിയാടും. മറ്റൊന്ന്, ആടിക്കളിക്കുന്ന വോട്ടുകളാണ്. വ്യക്തികളും കൊച്ചുസംഘടനകളും പ്രസ്ഥാനങ്ങളും സാമുദായിക ഗ്രൂപ്പുകളും ചെങ്ങന്നൂരില്‍ ഇപ്പോഴും ആടിക്കൊണ്ടിരിക്കുകയാണ്. ആട്ടക്കാരുടെ എണ്ണം വളരെ കൂടുതലുമാണ്. അടിയൊഴുക്കുകളും ഈ ആട്ടക്കാരുമാണ് ചെങ്ങന്നൂരില്‍ വിധി നിര്‍ണയിക്കുക.                                              ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss