|    Nov 19 Mon, 2018 11:46 pm
FLASH NEWS

അടിയന്തര സാഹചര്യം നേരിടാന്‍ സംവിധാനമൊരുങ്ങി

Published : 11th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ ഇന്നു രാത്രിവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണത്തിന് വിപുലമായ സംവിധാനം ഒരുങ്ങി. പ്രകൃതി ദുരന്തത്തെ നേരിടാന്‍ ഏഴുമേഖലകളായി തിരിച്ച് ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. വടകരയില്‍ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോടും ഒന്നു വീതവും താമരശ്ശേരിയില്‍ മൂന്നും മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്.
വടകര ഒന്നില്‍ ആര്‍ഡിഒ അബ്ദുര്‍റഹ്മാനും, വടകര രണ്ടില്‍ എഡിഎം ടി ജനില്‍കുമാറും, കൊയിലാണ്ടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (തിരഞ്ഞെടുപ്പ്) സജീവ് ദാമോദറും, കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഷാമിന്‍ സെബാസ്റ്റ്യനും, താമരശ്ശേരി ഒന്നില്‍ അസി. കലക്ടര്‍ എസ് അഞ്ജുവും, താമരശ്ശേരി രണ്ടില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) റോഷ്നി നാരായണനും, താമരശ്ശേരി മൂന്നില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) കെ ഹിമയും സംഘത്തിന് നേതൃത്വം നല്‍കും.
പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശം നല്‍കി. കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ വന്‍നഷ്ടമുണ്ടായ കണ്ണപ്പന്‍ കുണ്ടിലും മരിപുഴയിലും സേനാംഗങ്ങളുടെ സഹായത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമായ രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും റവന്യൂ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന മറ്റു വകുപ്പുകളുടെ ഓഫിസുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസ്സമുണ്ടാവില്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ വാടകയ്ക്ക് ലഭ്യമാക്കുകയോ ചെയ്യും. അസ്‌ക ലൈറ്റ്, റോഷ് ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട്, തുടങ്ങിയവ ലഭ്യമാക്കും.
കൃഷിവകുപ്പ് കാര്‍ഷികസേനയ്ക്ക് പണിയായുധങ്ങള്‍ നല്‍കും. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരത്തടികള്‍ ഇടിച്ച് പാലങ്ങളും കള്‍വര്‍ട്ടും തകരാതിരിക്കാന്‍ പാലങ്ങള്‍ക്കു അമ്പതു മീറ്റര്‍ മുകളില്‍ പ്രത്യേക റോഡു കെട്ടി തടയുന്ന സംവിധാനം ഒരുക്കും. പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നത് പരിമിതപ്പെടുത്തണം. പാലത്തിനു മുകളില്‍ കൂടി നില്‍ക്കരുതെന്നും ടൂറിസ്റ്റുകള്‍ ദുരന്ത മേഖലകളില്‍ സഞ്ചരിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss