|    Apr 25 Wed, 2018 2:31 pm
FLASH NEWS

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

Published : 15th November 2016 | Posted By: SMR

കണ്ണൂര്‍: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത് ഏറെനേരം വാക്കേറ്റത്തിനിടയാക്കി. കോര്‍പറേഷനിലെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി തയ്യാറാക്കിയ എസ്റ്റിമേറ്റുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനാലും എസ്റ്റിമേറ്റുകളുടെ അടങ്കല്‍തുകയില്‍ മാറ്റമുണ്ടായതിനാലും വന്‍ തുകയില്‍ കുറവ് വരുത്തിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് പ്രതിനിധിയുമായ ടി ഒ മോഹനനാണ് പ്രമേയം കൊണ്ടുവന്നത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം പ്രമേയത്തിന് അനുമതി തേടിയെങ്കിലും അടിയന്തിരപ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടില്ലെന്നു പറഞ്ഞ് മേയര്‍ മടക്കുകയായിരുന്നു. സി സമീറാണ് പ്രമേയത്തെ പിന്താങ്ങിയിരുന്നത്. ഇപ്പോള്‍ ഒപ്പിട്ടുതരാമെന്ന് അവതാരകന്‍ പറഞ്ഞെങ്കിലും മേയര്‍ വഴങ്ങിയില്ല. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തിയത്. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭയുടെ നടുത്തളത്തിലേക്കിറങ്ങി. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വാര്‍ഷിക പദ്ധതിയില്‍ ക്രമക്കേട് നടത്താന്‍ യുഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത് മേയര്‍ ഇടപെട്ട് കണ്ടെത്തി തടഞ്ഞെന്നും ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് പി ജയരാജന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നിരിക്കെ ആരോപണത്തെ മറികടക്കാന്‍ യുഡിഎഫ് തന്നെ പ്രമേയം കൊണ്ടുവരികയായിരുന്നു. വിജിലന്‍സ് അന്വേഷണം തള്ളാനും കൊള്ളാനുമാവാതെ ഭരണപക്ഷം ഉത്തരംമുട്ടിയപ്പോള്‍ സാങ്കേതികത്വം പറഞ്ഞ് തടിയൂരുകയായിരുന്നു. വിവിധ അജണ്ടകളിലേക്കു കടക്കുമ്പോഴും ഇക്കാര്യത്തെ കുറിച്ചായിരുന്നു ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്. ഇതിനിടെ, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നു വാദിച്ചതോടെ പ്രതിപക്ഷം വീണ്ടും ബഹളമുണ്ടാക്കി. ഞങ്ങള്‍ ആവശ്യപ്പെട്ട വിജിലന്‍സ് അന്വേഷണ ആവശ്യം ഐക്യകണ്‌ഠ്യേന പാസാക്കാന്‍ അവസരം ലഭിച്ചിട്ടും അനുവദിക്കാതെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കു മേല്‍ പുകമറ സൃഷ്ടിക്കുന്നത് വിരോധാഭാസമാണെന്നു സി സമീര്‍ പറഞ്ഞു. കൗണ്‍സിലെ രാഷ്ട്രീയാതിപ്രസരം കാരണം വികസന പ്രവൃത്തികള്‍, സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, അമൃത് പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, മാലിന്യനീക്കം തുടങ്ങിയവയൊന്നും ഫലപ്രദമായി നടക്കുന്നില്ലെന്ന് ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ വിമര്‍ശിച്ചു. കോര്‍പറേഷനിലെ ഭരണമാറ്റം ശാപമായി മാറിയോയെന്നും ചില ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫ് ഭരണത്തെ ഇകഴ്ത്താന്‍ മനപൂര്‍വം ശ്രമിക്കുന്നതായും എല്‍ഡിഎഫിലെ വെള്ളോറ രാജന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തെ ഇരുഭാഗവും അനുകൂലിച്ചെങ്കിലും പ്രമേയം അവതരിപ്പിക്കാത്തതിനാല്‍ എല്ലാം വാക്‌പോരിലൊതുങ്ങി. കോര്‍പറേഷനിലെ ഐസിഡബ്ല്യുഎഐ ട്രെയിനി നിയമനം, താല്‍ക്കാലിക നിയമനം, കെട്ടിടത്തിന്റെ ലൈസന്‍സ് പുതുക്കല്‍, ജീവനക്കാരുടെ റീ ഇംപ്‌ഴേസ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൊമ്പുകോര്‍ത്തു. ഉച്ചയ്ക്കു 2.30നു തുടങ്ങിയ കൗണ്‍സില്‍ നാലു മണിക്കൂറിലേറെ നീണ്ടുനിന്നു. പരസ്പരം പഴിചാരി കൗണ്‍സിലര്‍മാര്‍ രംഗം കൊഴുപ്പിച്ചപ്പോഴും അവസാനമായി വന്ന സുപ്രധാന അജണ്ടകളില്‍ ചര്‍ച്ചകള്‍ കാര്യക്ഷമമല്ലാതാവുകയും ചെയ്തു. മുണ്ടയാട് പിഎച്ച്‌സി സബ്‌സെന്റര്‍ കെട്ടിടവും ചുറ്റുമതിലും ജീര്‍ണിച്ചതിനാല്‍ പുതുക്കിപ്പണിയാനും അതുവരെ സോണല്‍ ഓഫിസില്‍ സബ് സെന്റര്‍ പ്രവര്‍ത്തനം അനുവദിക്കണമെന്നുമുള്ള പ്രമേയം വെള്ളോറ രാജന്‍ അവതരിപ്പിച്ചു. തൈക്കണ്ടി മുരളീധരന്‍ പിന്താങ്ങി. ചര്‍ച്ചയില്‍ എന്‍ ബാലകൃഷ്ണന്‍, രവീന്ദ്രന്‍, ടി ഇന്ദിര, സി എറമുള്ളാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss