|    Dec 11 Tue, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 6th December 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയാനന്തര അതിജീവനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം സര്‍ക്കാര്‍ തള്ളി. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു പ്രമേയം തള്ളിയത്. മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിമാര്‍ പറഞ്ഞ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
നവകേരളം സര്‍ക്കാരിന്റെ കാപട്യം നിറഞ്ഞ നിര്‍മിതിയാണെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നു ഭരണപക്ഷം തിരിച്ചടിച്ചു. മഹാപ്രളയത്തിനു 100 ദിവസം കഴിഞ്ഞിട്ടും വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്നും കാട്ടി വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയമാണു സഭ ചര്‍ച്ചയ്‌ക്കെടുത്തത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും കണക്കെടുപ്പു പോലും പൂര്‍ത്തിയായിട്ടില്ല. കണക്കെടുത്തുകൊണ്ടിരിക്കുന്നു. സഹായം ലഭിക്കേണ്ടവര്‍ക്ക് എപ്പോള്‍ നല്‍കുമെന്നു മുഖ്യമന്ത്രി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. മോദിയെ വിശ്വാസിച്ചാണു പിണറായി വിദേശത്തു പോവാനിരുന്നത്. അതു പാളി. ജിഎസ്ടിയില്‍ നിന്ന് കൂടുതല്‍ വിഹിതം എന്ന വാഗ്ദാനവും നടന്നില്ല. മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പു പോലെയായി. ഇനിയെന്ന് കണക്കെടുപ്പ് പൂര്‍ത്തിയാക്കി ധനസഹായം നല്‍കുമെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചാലഞ്ചുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നതിനെയും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ വിമര്‍ശിച്ചു. പ്രളയ പുനര്‍നിര്‍മാണ പദ്ധതികള്‍ ഒരുമിച്ച് നടപ്പാക്കേണ്ട സമയത്തു പ്രതിപക്ഷം അതില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ 59.5 ശതമാനം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. 2733.70 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചു. 488 കോടി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചു. 1400 കോടി രൂപ ഇത്തരത്തില്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. 2,500 കോടി രൂപ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്തയച്ചു. യുഎഇയില്‍ നിന്നു ധനസഹായം നിഷേധിക്കപ്പെട്ടതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തം നേരിട്ട് മാസങ്ങളായിട്ടും കൃത്യമായ ആഘാതപഠനമോ, നാശനഷ്ടങ്ങളുടെ വിവര ശേഖരണമോ നടത്തിയില്ലെന്നു പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്‍ പറഞ്ഞു. കോളജ് വിദ്യാര്‍ഥികളാണു തകര്‍ന്ന വീടുകളുടെ കണക്കെടുത്തത്. പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും പ്രളയ സഹായധനമായ 10000 രൂപപോലും കിട്ടാത്ത 20 ശതമാനത്തോളം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്തും തുടര്‍ന്നും സര്‍ക്കാര്‍ കൃത്യമായ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു. “ആയിരം വീട്’ പ്രഖ്യാപിച്ച കെപിസിസി ഒരു വീടിന് പോലും തറക്കല്ലിട്ടില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ യുഡിഎഫ് പിരിച്ച തുക എവിടെയെന്നും അദ്ദേഹം ചോദിച്ചു.
ദുരന്തം നേരിട്ട ആലുവയിലെ ജനങ്ങളും വ്യവസായികളും തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്ന് അന്‍വര്‍ സാദാത്ത് പറഞ്ഞു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഐക്യത്തോടെ നിന്നവരാണ് പ്രതിപക്ഷ നിരയെന്നു വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പുതിയ കേരളം സൃഷ്ടിക്കാന്‍ ധനസമാഹരണം നടത്തുന്ന മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ഒരുമിച്ച് നിന്ന് ശക്തിപകരണമെന്നു സി കെ നാണു ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സഹായത്തിന്റെ കൃത്യമായ കണക്ക് കിട്ടുന്നില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം യുഡിഎഫുകാര്‍ പൊളിച്ചുവെന്ന് യു പ്രതിഭ പറഞ്ഞു.
പ്രളയ ശേഷം നമ്മള്‍, നിങ്ങള്‍ എന്ന വേര്‍തിരിവ് ഉണ്ടാക്കിയത് സര്‍ക്കാരാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. മലനാട്ടില്‍ ഉരുള്‍പൊട്ടലും ഇടനാട്ടില്‍ വെള്ളപ്പൊക്കവും തീരദേശത്ത് കടലാക്രമണവും പതിവായിരിക്കുന്നുവെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.
ഇതു തടയാന്‍ പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് മുഖ്യമന്ത്രി പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്ന് പി സി ജോര്‍ജ് പറഞ്ഞു. ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നു മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. വയനാട്ടില്‍ വലിയ നാശമുണ്ടായി എന്ന് ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. തോട് പുറമ്പോക്കുകളില്‍ താമസിച്ചിരുന്നവരുടെ ജീവിതം ദുരിത പൂര്‍ണമാണെന്നും സഹകരണ മനോഭാവത്തോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss