|    Nov 20 Tue, 2018 5:36 am
FLASH NEWS

അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നോട്ടീസ്

Published : 24th March 2018 | Posted By: kasim kzm

മാള: മാളയിലെ യഹൂദ സ്മാരകങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമം 161 (1എ) പ്രകാരം നല്‍കിയ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. 2016 ഒക്ടോബര്‍ 24 ല്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലെ ഏഴാം നമ്പര്‍ അജണ്ട മാള യഹൂദ സിനഗോഗ്, യഹൂദ ശ്മശാനം എന്നിവയുടെ സംരക്ഷണത്തിനായി ഫണ്ട് ലഭ്യമാക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കുന്നത് സംബന്ധിച്ച് എന്നായിരുന്നു.
സംസ്ഥാന ധനമന്ത്രിയുമായി പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് സംസാരിച്ച് യഹൂദ സ്മാരകങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും ആയതിന് വേണ്ടി തീരുമാനം എടുക്കുവാനുമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന അസിസ്റ്റന്റ് സെക്രട്ടറി പി എസ് ശ്രീകാന്ത് കമ്മിറ്റിയില്‍ വിശദീകരിച്ചത്. തുടര്‍ന്ന് ആഴ്ചകളോളം അജണ്ടയുടെ തീരുമാനം അന്വേഷിച്ച യു ഡി എഫ് അംഗങ്ങളോട് തീരുമാനം ഇതുവരെ മിനിറ്റ്‌സില്‍ ചേര്‍ത്തിട്ടില്ല എന്ന മറുപടിയാണ് അന്ന് മിനിറ്റ്‌സ് റെക്കോര്‍ഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചിരുന്നത്. സംരക്ഷണ ഫണ്ട് യഹൂദ സ്മാരകങ്ങള്‍ക്ക് ലഭിക്കുവാനുള്ള തീരുമാനമായത് കൊണ്ടാണ് പിന്നീട് തങ്ങളതേപ്പറ്റി അന്വേഷിക്കാതിരുന്നത്. ഈമാസം 10 ന് മുസിരിസ് പൈതൃക പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ മാള സന്ദര്‍ശിച്ചപ്പോഴാണ് മാള ഗ്രാമപഞ്ചായത്തിന്റെ 24/10/2016 തിയ്യതിയിലെ ഏഴാം നമ്പര്‍ തീരുമാനത്തില്‍ സിനഗോഗിന്റെ കിഴക്കുവശം പൊതുമരാമത്ത് റോഡിന് പടിഞ്ഞാറ് വശവുമുള്ള സ്വകാര്യ വ്യക്തികളുടെ കടകളിരിക്കുന്ന സ്ഥലം സര്‍ക്കാരിനോട് ഏറ്റെടുക്കുവാന്‍ അഭ്യര്‍ഥിച്ചതിന്റെ ഫലമായി 2018 ഫെബ്രുവരി 21 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് സെക്രട്ടറിയില്‍ നിന്നും ഇക്കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈമാസം 14 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ മേല്‍ തീരുമാനം പുനപരിശോധിക്കുവാന്‍ അപേക്ഷ നല്‍കിയിട്ട് ഇതുവരെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാള ടൗണ്‍ പ്രദേശത്ത് വികസനത്തിന്റെ ഭാഗമായി കടകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ട കച്ചവടക്കാര്‍ക്ക് മാള പഞ്ചായത്ത്, എം എല്‍ എ, കലക്ടര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനപ്രകാരം കടകളുടെ ബാക്കിവരുന്ന ഭാഗം മെയിന്റനന്‍സ് ചെയ്ത് ഉപജീവന മാര്‍ഗമായ കച്ചവടം തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാനുള്ള സൗകര്യം ചെയ്തിട്ടുണ്ടായിരുന്നതാണ്.
പഞ്ചായത്ത് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യാതെ സ്ഥലം ഏറ്റെടുക്കുവാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുവാനെടുത്ത തീരുമാനം വ്യാപാരികള്‍ക്ക് ഉപജീവനോപാധി നഷ്ടപ്പെടുവാനിടയാക്കും. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധമുള്ള തങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനോ വിയോജനം രേഖപ്പെടുത്തുന്നതിനോ അവസരം നല്‍കാതെ പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഉള്‍കുറിപ്പ് മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ബ്ബന്ധിച്ചതിനാലാണ് ഇപ്രകാരം തീരുമാനം എഴുതി ചേര്‍ത്തതെന്ന് മിനിറ്റ്‌സ് റെക്കോര്‍ഡ് ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ഞങ്ങളോട് സമ്മതിച്ചിരുന്നതാണ്.
പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യപരവും തന്നിഷ്ടവും ധിക്കാരവും അടിച്ചേല്‍പ്പിച്ചതുവഴി എട്ട് വ്യാപാരികള്‍ക്കാണ് ഉപജീവനം നഷ്ടമായിത്തീരുവാനിടയാക്കി സര്‍ക്കാര്‍ തീരുമാനം വന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് യു ഡി എഫ് അംഗങ്ങളായ ടി കെ ജിനേഷ്, വര്‍ഗ്ഗീസ് വടക്കന്‍, സ്മിത ഫ്രാന്‍സിസ്, ജൂലി ബെന്നി, നിത ജോഷി, സുനിത മനോഹരന്‍, ടി ആര്‍ സുഖില്‍ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം നോട്ടീസ് നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss