|    Sep 25 Tue, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അടിയന്തര ധനസഹായം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും

Published : 3rd September 2018 | Posted By: kasim kzm

കൊച്ചി: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി കിറ്റ് തയ്യാറാക്കുന്ന എറണാകുളം ജില്ലയിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ധനസഹായം വിതരണം ചെയ്യുന്നത്. അതിനാല്‍ അര്‍ഹരായവര്‍ക്കു തന്നെയാണ് തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയ്യാറാക്കി യോഗ്യരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കുമാണ് തുക കൈമാറുന്നത്. രണ്ടു ദിവസം വീട്ടില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്കാണ് തുക നല്‍കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം അര്‍ഹരായവര്‍ക്കാണ് തുക നല്‍കുക. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിവരുകയാണ്. ഇതു കൃത്യമായി പരിശോധിച്ചശേഷമാണ് തഹസില്‍ദാര്‍ തുക നല്‍കുന്നത്. അതാണ് താമസമുണ്ടാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തുടനീളം ധനസഹായ വിതരണം പൂര്‍ത്തിയാക്കും. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പ്രത്യേക ക്യാംപുകള്‍ തുറക്കുന്നുണ്ട്. ഇതിനായി കമ്മ്യൂണിറ്റി ഹാളുകള്‍ പോലുള്ള സ്ഥലം വാടകയ്‌ക്കെടുക്കും. ചിലര്‍ സ്വന്തം വീടുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പട്ടിക കലക്ടര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാനിര്‍ദേശം കര്‍ശനമായി പാലിക്കണം. മലയിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും വീട് നിര്‍മിക്കുന്നത് കൃത്യമായ പഠനങ്ങള്‍ക്കുശേഷമേ പാടുള്ളൂ. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചുനല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിലും അര്‍ഹരായവരെ കണ്ടെത്തുന്നതിന് പൊതുമാനദണ്ഡം നിശ്ചയിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുന്നത്. ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാവും. കിറ്റ് വിതരണം പൂര്‍ത്തിയായതിനുശേഷം സംഭരണകേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss