|    Nov 16 Fri, 2018 6:31 am
FLASH NEWS
Home   >  Editpage  >  Lead Article  >  

അടിയന്തരാവസ്ഥയുടെ മിന്നലാട്ടങ്ങള്‍

Published : 4th August 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരളത്തില്‍ ഉന്നത നീതിപീഠത്തിനകത്ത് നട്ടുച്ചയ്ക്ക് ഇരുട്ടു പരന്നിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചിരുന്ന, മാധ്യമധര്‍മം നിര്‍വഹിച്ചുപോന്ന ഹൈക്കോടതിയിലെ ഇടങ്ങളിലെല്ലാം നിരോധമാണ്. ഭരണഘടനയുടെ ഏതു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആര്, എന്തിന്, എന്തുകൊണ്ട് ഉത്തരവിട്ടു എന്നു രേഖപ്പെടുത്താത്ത നിരോധം. ഫോണില്‍ വന്ന അശരീരി. നിയന്ത്രണം താല്‍ക്കാലികമാണെന്ന ആശ്വാസവചനം.
നട്ടുച്ചയ്ക്കു പരക്കുന്ന ഇരുട്ടിനെപ്പറ്റി  താല്‍ക്കാലികമെന്നൊന്നും ലളിതവല്‍ക്കരിക്കാനും ആശ്വസിക്കാനും പ്രതീക്ഷിക്കാനുമാവില്ല; ഭയപ്പെടാനും വെറുക്കാനുമല്ലാതെ. അടിയന്തരാവസ്ഥ അനുഭവിച്ച ഒരു മാധ്യമപ്രവര്‍ത്തകന് മുന്നറിയിപ്പു നല്‍കാനേ കഴിയൂ: ഈ ഇരുട്ട് ഉടനെ നീക്കിയില്ലെങ്കില്‍ അതു നാടാകെ പരക്കും.
ഹൈക്കോടതിയുടെ ചുറ്റിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാളെ സംസ്ഥാനത്താകെ നിലനിര്‍ത്താവുന്ന പോലിസ് ഭീകരവാഴ്ചയുടെയും അമിതാധികാര വാഴ്ചയുടെയും  ന്യായീകരണമായി മാറും. കോടതികളുടെ ഭൂരിപക്ഷ വിധികളും അഭിഭാഷക സംഘടനകളുടെയും പത്രപ്രവര്‍ത്തക സംഘടനകളുടെയുമൊക്കെ ഭൂരിപക്ഷം നാളെ നിര്‍ണയിക്കുക ഈ ഇരുട്ടിന്റെ പിന്നിലെ ശക്തിയായിരിക്കും. മുഖം അദൃശ്യമാക്കി നില്‍ക്കുന്ന അമിതാധികാര ശക്തിയുടെ കാര്‍ക്കശ്യം മാത്രമായിരിക്കും.
അടിയന്തരാവസ്ഥയുടെ നിഴലാട്ടം ഹൈക്കോടതിയിലെ നിരോധത്തിലുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയായി കാണേണ്ട. ‘പൗരന്റെ മൗലികാവകാശങ്ങളും നിയമാവകാശങ്ങളും സംരക്ഷിച്ചു നടപ്പാക്കാന്‍ നീതിപീഠത്തിനു ബാധ്യതയുണ്ട്. നീതി ലഭ്യമാക്കുകയെന്നതു സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്’-എന്ന ഉത്തരവ് സ്വയം പുറപ്പെടുവിച്ചത് കേരള ഹൈക്കോടതിതന്നെ. ഇതിനു വെല്ലുവിളി ഉയര്‍ന്നാല്‍ ഇടപെട്ടു ക്രമസമാധാനം നിലനിര്‍ത്താന്‍ സംസ്ഥാന പോലിസിന് ബാധ്യതയുണ്ടെന്നു വിധിന്യായത്തിലൂടെ പറഞ്ഞതും കോടതിതന്നെ. പക്ഷേ, ഹൈക്കോടതിയില്‍ മാത്രമല്ല കീഴ്‌ക്കോടതികളിലേക്കും മാധ്യമപ്രവര്‍ത്തകരുടെ പ്രവേശം തടയപ്പെട്ടു. അതാണ് ചര്‍ച്ച ചെയ്യേണ്ട വിഷയം.
മാധ്യമപ്രവര്‍ത്തകര്‍ക്കു മൗലികാവകാശങ്ങളും നിയമാവകാശങ്ങളും ബാധകമല്ലെന്നാണോ? സാധാരണ പൗരന്റെ മൗലികാവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കുന്നതിനുള്ള ന്യായീകരണമെന്താണ്? അതു വിശദീകരിക്കുകയോ സ്വയം തിരുത്തുകയോ ചെയ്യേണ്ട ബാധ്യത നീതിപീഠത്തിനു തന്നെയില്ലെ? ഹൈക്കോടതി വിധിയില്‍ തന്നെ ആ ചുമതല നിറവേറ്റാന്‍ നിര്‍ദേശിക്കപ്പെട്ട പോലിസും ഗവണ്‍മെന്റും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ സംരക്ഷണം നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
ജനാധിപത്യത്തിന്റെ അടിത്തറയും മൂലക്കല്ലുമാണ് മൗലികാവകാശമെന്ന് ജസ്റ്റിസ് ഗജേന്ദ്ര ഗാഡ്ക്കറും വ്യക്തിയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുപോന്ന അടിസ്ഥാന മൂല്യങ്ങളാണ് അവയെന്ന് ജസ്റ്റിസ് ഭഗവതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.  അഭിപ്രായപ്രകടനത്തിനും കൂട്ടുചേരാനും സംഘടിക്കാനും സഞ്ചരിക്കാനുമുള്ള ഭരണഘടനയുടെ മൂലക്കല്ലുകളായ വകുപ്പുകളാണ് നിരോധത്തിന്റെ വന്‍മതിലായി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഭരണഘടനയുടെ 21ാം വകുപ്പാണ് പൗരന്റെ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനല്‍കുന്നത്. ഈ അവകാശം എടുത്തുകളഞ്ഞാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹേബിയസ് കോര്‍പസ് ഹരജികള്‍ വൈ ബി ചന്ദ്രചൂഡന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചു. ഒന്നിനെതിരേ നാലുപേരുടെ ഭൂരിപക്ഷമനുസരിച്ചു ലോകത്തെ നടുക്കിയ  ജനാധിപത്യവിരുദ്ധ നടപടി ശരിവയ്ക്കുകയും ചെയ്തു.
ആ നിസ്സഹായതയും ഭൂരിപക്ഷ വിധിയും പിന്നീട് റദ്ദാക്കപ്പെട്ടു. ഭരണഘടനയ്ക്ക് അടിയന്തരാവസ്ഥാ ഭരണം വരുത്തിയ 38, 39, 40, 42 ഭേദഗതികള്‍ 43, 44 ഭേദഗതികളിലൂടെ തിരുത്തി; ചരിത്രം സൃഷ്ടിച്ചുകൊണ്ട്. ഇന്ത്യയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും പോരാട്ട വിജയത്തിന്റെ ഭാഗമായിരുന്നു അത്.
ഭരണഘടനയുടെ ജനാധിപത്യാവകാശങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അട്ടിമറിക്കുന്ന അടിയന്തരാവസ്ഥ ഇന്ത്യയില്‍ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. അതിന്റെ മുന്നോടിയായി ജയപ്രകാശ് നാരായണനടക്കമുള്ള പ്രതിപക്ഷ നേതാക്കളും ഭരണകക്ഷിയിലെ ചില നേതാക്കള്‍ പോലും കരുതല്‍തടങ്കലിലായി. വിചാരണ കൂടാതെ ഒരുലക്ഷത്തോളംപേര്‍. എന്നിട്ടും അതിനെ ന്യായീകരിക്കാനും പിന്തുണ നല്‍കാനും മഹാഭൂരിപക്ഷം ഭരണകൂടത്തിനൊപ്പം അണിനിരന്നു. അതിനെതിരേ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകരുടെ പ്രകടനം നയിച്ച കുല്‍ദീപ് നയ്യാര്‍ അന്നുരാത്രിതന്നെ അറസ്റ്റ്‌ചെയ്യപ്പെട്ടു കരുതല്‍തടങ്കലിലായി.
ചരിത്രം അതേപടി ഒരിക്കലും ആവര്‍ത്തിക്കില്ല. മാത്രമല്ല, സംസ്ഥാന ഗവണ്‍മെന്റും രാജ്യം അടക്കിവാഴുന്ന കേന്ദ്രഗവണ്‍മെന്റും തമ്മില്‍ ആ നിലയ്ക്ക് താരതമ്യവുമില്ല. പക്ഷേ, രണ്ടിനെയും ജനാധിപത്യവിരുദ്ധതയുടെ സാധ്യതകളിലേക്കു നയിക്കുന്ന സാദൃശ്യങ്ങളുണ്ട്. ജനാധിപത്യത്തിന്റെ പേരില്‍, ഭൂരിപക്ഷത്തിന്റെ പേരില്‍, ഭരണഘടനാ ബാഹ്യശക്തികളുടെ പിന്തുണയോടെ ഒരു ഭരണാധികാരിക്ക് നട്ടുച്ചയ്ക്ക് ഇരുട്ടുപരത്താന്‍ കഴിയും.
ഹൈക്കോടതിയുടെ പേരിലും ആധികാരികതയിലും നടന്നതായാലും ജനാധിപത്യത്തിനകത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായിരിക്കുന്നത്. ഒട്ടും വൈകാതെ  തിരുത്തപ്പെടേണ്ടതും. അത് നടന്നില്ലെന്നതാണ് പ്രശ്‌നം. മുന്‍കൈ എടുക്കേണ്ടതു മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്വീകരിച്ചുകാണുന്ന നിലപാടുകള്‍ ഉല്‍ക്കടമായ ഉല്‍ക്കണ്ഠയാണ് പക്ഷേ ഉയര്‍ത്തുന്നത്. ‘തല്ലാനും തല്ലുകൊള്ളാനും ആരും കോടതിയിലേക്കു ചെല്ലേണ്ട’ എന്നാണു മുഖ്യമന്ത്രി പ്രതികരിച്ചത്. തീരുമാനം ഹൈക്കോടതിയുടെതാണെങ്കില്‍ പോലും അതിനോട് ഭരണഘടനയുടെ നാല് അതിരുകളില്‍ നിന്നു പ്രതികരിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ജനങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തേണ്ട ബാധ്യതയും. ഒരു കാട്ടിക്കൂട്ടലായി അവസാനിച്ചു. പിന്നീടു തുടര്‍ന്ന ദുരൂഹമായ മൗനം. അതു ഭഞ്ജിച്ച് ഒടുവില്‍ ഇങ്ങനെ പ്രതികരിച്ചത്: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കു നീക്കാന്‍ സമയമായെന്ന്.
ക്ലാസില്‍ നിന്നു പുറത്തുനിര്‍ത്തിയ ഒരു വിദ്യാര്‍ഥിയെ തിരിച്ചു ക്ലാസില്‍ കയറ്റാന്‍ നിര്‍ദേശിക്കുന്ന ഒരു ഹെഡ്മാസ്റ്ററുടെ ശബ്ദം അതില്‍ മാറ്റൊലിക്കൊള്ളുന്നു. കോടതിക്കകത്തു നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നു നിലപാടെടുത്ത മുഖ്യമന്ത്രി ഇങ്ങനെ പറയുമ്പോള്‍ ഇത്രയും മതി; ഇനി വിട്ടേക്കെടോ എന്ന സന്ദേശം അഭിഭാഷക സംഘടനാ ഭാരവാഹികളടക്കം  നിരോധത്തിനു പിന്നില്‍ നിലകൊള്ളുന്നവര്‍ക്കും നല്‍കുന്നുണ്ട് അതിലൂടെ.
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ വര്‍ഗസ്വഭാവത്തെപ്പറ്റി പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി ബോധിപ്പിച്ചത് പറഞ്ഞതു പറഞ്ഞില്ലെന്നല്ല, കോടതിയില്‍ എത്തിച്ച പത്രസമ്മേളന വാര്‍ത്തയില്‍ താന്‍ പറഞ്ഞതും ലേഖകന്‍ എഴുതിച്ചേര്‍ക്കാത്തതുമായ ഗൗരവമുള്ള വിമര്‍ശം ജഡ്ജിമാരെ സംബന്ധിച്ചു താന്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ്. അതിന്റെ വിശദാംശങ്ങള്‍ കൂടി സമര്‍പ്പിക്കുകയാണു ചെയ്തത്. സുപ്രിംകോടതിവരെ തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവസാനം കോടതി നല്‍കിയ ശിക്ഷ ഏറ്റുവാങ്ങുകയുമാണ്. അതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോഴാണ് ഇപ്പോഴത്തെ പരുങ്ങിക്കളിയുടെ ദൗര്‍ബല്യം മനസ്സിലാവുന്നത്.
ഇത് ഇടതുമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനു മുമ്പായിരുന്നു വെങ്കില്‍ ഇങ്ങനെ ആവുമായിരുന്നോ കൈകാര്യംചെയ്യുക?   ഭരണഘടനാ ബാഹ്യമായ ശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും പുതിയ ഭരണമാറ്റവുമായി അതിനു ബന്ധമുണ്ടെന്നുള്ളതും വ്യക്തമാണ്. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.   അതുകൊണ്ട് ഇതിനെ ഒരൊറ്റപ്പെട്ട സംഭവമായി കാണാനാവില്ല.
ഇത് ജനാധിപത്യത്തിനെതിരായ ആക്രമണത്തിന്റെ പുതിയൊരു മുഖമാണ്. ഈ ഇരുട്ട് വ്യാപിക്കും. അതിന്റെ മറവില്‍ ജനാധിപത്യവും ജീവനും സ്വാതന്ത്ര്യത്തിനുമുള്ള വിലമതിക്കാനാവാത്ത അവകാശങ്ങളും  ആക്രമിക്കപ്പെടും. ഇതു മുന്‍കൂട്ടി കാണാനും പറയാനും സമൂഹത്തെ ഉണര്‍ത്തി പ്രതിരോധിക്കാനും ബാധ്യതപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ആ മാധ്യമധര്‍മത്തില്‍ രാഷ്ട്രീയമാരോപിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഫലമുണ്ടാവില്ല.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss