|    Oct 22 Mon, 2018 10:16 pm
FLASH NEWS

അടിമാലി പട്ടണത്തിന്റെ അഴുക്കുചാല്‍ ദേവിയാര്‍ പുഴയിലേക്ക്

Published : 11th February 2018 | Posted By: kasim kzm

അടിമാലി: ശുചീകരണത്തിന്റെയും ശുചിത്വത്തിന്റെയും പേരില്‍ കാടിളക്കുമ്പോള്‍ ഓടകളിലേയും പുഴയിലേയും മാലിന്യം കുറക്കാന്‍ നടപടിയില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.വാണിജ്യ കേന്ദ്രമായ അടിമാലിയിലാണ് ഓടകളും തോടും പുഴയുമെല്ലാം മാലിന്യത്തില്‍ നിറഞ്ഞിരിക്കുന്നത്. പഞ്ചായത്ത് വക െ്രെപവറ്റ് ബസ്റ്റാന്റിലെ പൊതു കംഫര്‍ സ്‌റ്റേഷന്റേതടക്കം അടിമാലി പട്ടണത്തിലെ ഭൂരിഭാഗം മാലിന്യങ്ങളും ഒഴുകിയെത്തുന്നത് ദേവിയാര്‍ പുഴയിലേക്കാണ്.കഴിഞ്ഞ ദിവസം അടിമാലി കല്ലാര്‍കുട്ടി റോഡില്‍ ഓടയുടെ സ്ലാബ് നീക്കിയപ്പോള്‍ നിരവധി കക്കൂസ് ടാങ്കുകളുടെ പൈപ്പുകളും ഹോട്ടലുകളില്‍ നിന്ന് മാലിന്യമൊഴുകുന്ന പൈപ്പുകളും ഓടയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നതാണ് അധികൃതര്‍ കണ്ടത്.ഇതേതുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു.എന്നാല്‍ പ്രശ്‌നം പരിഹരിക്കാതെ ഹോട്ടല്‍ തുറന്ന് നല്‍കിയ അധികൃതരുടെ നടപടി വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കി.മേഖലയിലെ ബഹുനില കെട്ടിടങ്ങള്‍ ഉല്‍പ്പെടെ നിരവധിസ്ഥാപനങ്ങളാണ് ഇത്തരത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ ഓടകളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും തിരിച്ച് വെച്ചിരിക്കുന്നത്.രണ്ട് വര്‍ഷം മുന്‍പ് അടിമാലിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇത്തരത്തില്‍ ലൈബ്രറി റോഡില്‍ ഓടയിലെ സ്ലാബുകള്‍ ഉയര്‍ത്തിയപ്പോള്‍ ആശുപത്രിയിലേതടക്കം കക്കൂസ് മാലിന്യം ഓടയിലേക്ക് തിരിച്ച് വെച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു.എന്നാല്‍ അന്നും പേരിന് മാത്രം നടപടിയെടുത്തതല്ലാതെ ഫലപ്രദമായി ഒന്നും ചെയ്തില്ല.അടിമാലി മലമുകളില്‍ തലമാലിയില്‍ നിന്നാണ് അടിമാലി തോടിന്റെ ഉല്ഭവനം.ടൗണില്‍ മാതാ തിയറ്റര്‍ ജംഗ്ഷന്‍ മുതല്‍ ഈതോടില്‍ മാലിന്യം കുമിഞ്ഞ് കൂടി നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.ഇതുമൂലം പകര്‍ച്ചാവ്യാധികള്‍ മേഖലയില്‍ പടര്‍ന്ന് പിടിക്കുകയും ചെയ്യുന്നു. തോടിന്റെ സൈഡിലൂടെ മൂക്ക് പൊത്താതെ യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.ഈച്ചയും കൊതുകും പെരുകി. വേനല്‍ മഴ പെയ്തതോടെയാണ് തോടില്‍ നിന്നും ദുര്‍ഗന്ധം കൂടുതലായി ഉയരുന്നത്.കോഴിക്കട മാലിന്യങ്ങള്‍ അറവുശാല മാലിന്യങ്ങള്‍ ,രാത്രികട മാലിന്യങ്ങള്‍,ഹോട്ടല്‍ ,പഴം ,പച്ചക്കറി മാലിന്യങ്ങള്‍ എന്നിവയാണ് കൂടുതലും ഓടകളിലും തോടുകളിലും നിക്ഷേപിക്കുന്നത്.ഇരുമ്പുപാലം ടൗണിന് ചേര്‍ന്ന് ഒഴുകുന്ന ദേവിയാര്‍ പുഴയിലും ഇതാണ് അവസ്ഥ.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഒവുക്ക് നിലച്ച പുഴയില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു.ഗ്രീന്‍ അടിമാലി, ക്ലീന്‍ ദേവിയാര്‍ പദ്ധതിയിലൂടെ പ്രശസ്തി നേടിയ അടിമാലി പഞ്ചായത്തിലാണ് ഈ സ്ഥിതി.അടിമാലിയിലെ മാലിന്യമുക്ത പരിപാടിക്ക് വ്യാപാരികളും മറ്റ് സമൂഹവും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധി.മാലിന്യമുക്ത പരിപാടികള്‍ക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തും അടിമാലിയാണ്. അടിമാലി ഗവ.ഹൈസ്‌കൂളിന് സമീപത്ത് കൂടി പോകുന്ന ഓടയില്‍ മാലിന്യം കുമിഞ്ഞ് കൂടിയത് വിദ്യാര്‍ത്ഥികളെ ദുര്‍ഗന്ധം സഹിച്ച് ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിതരാക്കി. കൊതുക് ശല്യവും രൂക്ഷമായി. താലൂക്കാശുപത്രി,കോടതി,സബ് ട്രഷറി,ബ്ലോക്ക് പഞ്ചായത്ത് മുതലായ സ്ഥാപനങ്ങളുടെ തൊട്ടടുത്തുള്ള ഓടയിലും വന്‍തോതില്‍ മാലിന്യമാണ്. ഇതിന് പുറമെ തുറസായ സ്ഥലത്ത് മൂത്രവിസര്‍ജ്ജനം കൂടിയാകുബോള്‍ ഈ സ്ഥാപനങ്ങളില്‍ എത്തുന്നവരും ജീവനക്കാരും ദുരിതത്തിലാണ്. ആരോഗ്യ ഭീഷണിയായി ഓടയിലെ മലിനജലം കെട്ടിക്കിടന്നിട്ടും ആരോഗ്യ വകുപ്പ് കണ്ട മട്ടില്ല.  ഓടകളിലേക്കു വ്യാപകമായി മലിനജലം തള്ളുന്നത് ബോധ്യപ്പെട്ടിട്ടും ഗ്രാമ പഞ്ചായത്ത് ഉറക്കത്തിലാണ്. ദിവസേന ഒഴുകിയെത്തുന്ന അഴുക്കുവെള്ളം ദേവിയാര്‍പുഴയിലൂടെ പരന്നൊഴുകുകയാണ്. വേനലില്‍ നിരവധി ആള്‍ക്കാര്‍ ആശ്രയിക്കുന്നദേവിയാര്‍ പുഴ മാലിന്യ വാഹിനിയായി മാറി. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സ്വയം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പലരും പഴയപടി തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss