|    Aug 21 Mon, 2017 10:18 am

അടിച്ചേല്‍പിക്കപ്പെടുന്ന ദേശീയത പ്രമേയമായ ‘ജയഹേ’ ശ്രദ്ധേയമാവുന്നു

Published : 9th August 2017 | Posted By: fsq

 

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: അടിച്ചേല്‍പ്പിക്കപ്പെടുന്ന ദേശീയതയുടെ ഫാഷിസ്റ്റ് രൂപത്തെ പ്രമേയമാക്കി റഫീഖ് മംഗലശ്ശേരി ഒരുക്കിയ ‘ജയഹേ’ എന്ന  ഹ്രസ്വ സിനിമ ശ്രദ്ധേയമാവുന്നു. സമകാലീന ഇന്ത്യന്‍ ദേശീയതയുടെ കാപട്യത്തെ തുറന്നുകാണിക്കുന്നതില്‍ 9 മിനിറ്റ് ദൈര്‍ഘ്യമുള്ള  ചിത്രം വിജയിച്ചു. ഒരു സ്‌കൂള്‍ കുട്ടിയുടെ ജീവിതത്തിലൂടെ ഫാഷിസത്തിന്റെ കടന്നുകയറ്റം സര്‍ഗാതകതമായി അടയാളപ്പെടുത്താന്‍ ഈ ചിത്രത്തിനായിട്ടുണ്ട്. ദേശീയഗാനം അടിച്ചേല്‍പ്പിക്കപ്പെടുന്ന പുതിയ ഫാഷിസ്റ്റ് കാലത്ത് ആക്ഷേപഹാസ്യത്തിലൂടെ റഫീഖ് മംഗലശ്ശേരി ചുട്ട മറുപടിയാണ് നല്‍കുന്നത്. സ്‌കൂളില്‍ ദേശീയഗാനം ചൊല്ലുന്നതിനിടയില്‍ ഒരു മുസ്്‌ലിം വിദ്യാര്‍ഥി പെട്ടെന്ന് ഓടിപ്പോവുന്നതും സംഘപരിവാര്‍ സ്വഭാവമുള്ള സ്‌കൂളിലെ ജീവനക്കാരന്‍ ഇതിനെ വര്‍ഗീയമായി ആളിക്കത്തിക്കുന്നതുമാണ്  പ്രമേയം. എല്ലാവരും കൂടി കുട്ടിയെ രാജ്യദ്രോഹിയായി മുദ്രകുത്തുമ്പോള്‍ സ്‌കൂള്‍ മുറ്റത്ത് എന്തിനും തയ്യാറായി നില്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെയും കാണാം. അടിച്ചേല്‍പിക്കപ്പെടുന്ന ദേശീയത ഒരു സാധാരണ പൗരന്റെ നിത്യജീവിതത്തിനുമേല്‍ എന്തുമാത്രം അപകടകരമായ ദുരന്തമാണ് സൃഷ്ടിച്ചെടുക്കുന്നതെന്ന് ചിത്രം വേദനയോടെ നമുക്ക് കാണിച്ചുതരുന്നു. റിലീസായി ദിവസങ്ങള്‍ക്കകം 70 ലക്ഷത്തില്‍ അധികം കാണികള്‍ കണ്ട ഈ ഷോര്‍ട്ട് ഫിലിമിന്റെ കാമറ കൈകാര്യം ചെയ്തത് പ്രതാപ് ജോസഫാണ്. സംഗീതം ഷമേജ് ശ്രീധര്‍ പൊന്നാനി, എഡിറ്റിങ് മനു ബാലകൃഷ്ണന്‍, പ്രധാന കഥാപാത്രമായ വിദ്യാര്‍ഥിയെ അവതരിപ്പിച്ചത് നിരഞ്ജനാണ്. ഒരു കൂട്ടം സിനിമാ പ്രേമികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തില്‍ വള്ളിക്കുന്ന്, പരപ്പനങ്ങാടി സ്വദേശികളായ കാര്‍ത്തിക്, രാധാകൃഷ്ണന്‍, കുമാര്‍ വള്ളിക്കുന്ന്, സന്തോഷ് ഇരുമ്പുഴി, ധനീഷ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. സാഹിത്യ അക്കാദമിയുടെയും സംഗീതനാടക അക്കാദമിയുടെതുമടക്കം 20 ലധികം അവാര്‍ഡുകള്‍ വാങ്ങിയ പരപ്പനങ്ങാടി സ്വദേശിയായ റഫീഖ് മംഗലശ്ശേരി ഇരുപതിലധികം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് തിരക്കഥയൊരുക്കിയ റഫീഖ് ആദ്യമായാണ് ഒരു ഷോര്‍ട്ട്ഫിലിം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. തന്റെ ആദ്യ ഹ്രസ്വ സിനിമ വിജയമായതിന്റെ സന്തോഷത്തില്‍ പുതിയൊരു സിനിമയുടെ ഒരുക്കത്തിലാണ് റഫീഖ് മംഗലശ്ശേരി. മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റഫീഖ് തന്നെ. സംവിധാനം അരുണ്‍. സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമാണ് പുതിയ സിനിമ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക