|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Sports  >  Cricket  >  

അടിക്ക് തിരിച്ചടി, രണ്ടാം ട്വന്റിയില്‍ പാകിസ്താനെ വീഴ്ത്തി ലോക ഇലവന്‍

Published : 13th September 2017 | Posted By: ev sports

ലാഹോര്‍: പാകിസ്താനെതിരായ രണ്ടാം ട്വന്റിയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ലോക ഇലവന്‍. ആവേശം അവസാന ഓവറിലേക്കെത്തിയ മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലോക ഇലവന്‍ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി ലോക ഇലവന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ
ഹാഷിം അംലയ്‌ക്കൊപ്പം (72*) അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച തിസാര പെരേരയുമാണ് (47*) ലോക ഇലവന് വിജയം സമ്മാനിച്ചത്.
ബാബര്‍ അസാം (45) അഹ്മ്മദ് ഷഹ്‌സാദ് (43), ഷുഹൈബ് മാലിക്ക് (39) എന്നിവരുടെ ബാറ്റിങാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തുകള്‍ നേരിട്ട ഷഹ്‌സാദിന്റെ ഇന്നിങ്‌സില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടപ്പോള്‍ 38 പന്തില്‍ അഞ്ച് ഫോറുകള്‍ പറത്തിയാണ് ബാബര്‍ 45 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ മാലിക്കിന്റെ ബാറ്റിങ് വെടിക്കെട്ടാണ് പാക് സ്‌കോര്‍ബോര്‍ഡിനെ 170 കടത്തിയത്. 23 പന്തുകള്‍ നേരിട്ട് ഒരു ഫോറും മൂന്ന് സിക്‌സറും പറത്തി 39 റണ്‍സ്‌ മാലിക്ക് അടിച്ചെടുത്തു.
ലോക ഇലവനുവേണ്ടി ബദ്രി, തിസാര പെരേര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബെന്‍ കട്ടിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
മറുപടിക്കിറങ്ങിയ ലോക ഇലവന് വേണ്ടി അംലയും പെരേരയും കത്തിക്കയറിയതോടെ വിജയം ലോക ഇലവന്‍ സ്വന്തമാക്കുകയായിരുന്നു. 55 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് അംല അര്‍ധ സെഞ്ച്വറി നേടിയത്. അതേ സമയം വെറും 19 പന്തില്‍ അഞ്ച് പടുകൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെട്ടതാണ് പെരേരയുടെ ഇന്നിങ്‌സ്. തമിം ഇക്ബാല്‍ (23) ഫഫ് ഡുപ്ലെസിസ് (20) എന്നിവരും ലോക ഇലവന് വേണ്ടി നിര്‍ണായക റണ്‍സുകള്‍ സമ്മാനിച്ചു.
പാകിസ്താന് വേണ്ടി ഇമാദ് വാസിം, സൊഹൈല്‍ ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.ഒന്നാം ട്വന്റിയില്‍ 20 റണ്‍സിന് പാകിസ്താന്‍ വിജയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss