|    Apr 22 Sun, 2018 6:23 pm
FLASH NEWS

അടച്ചുപൂട്ടിയ ക്വാറികള്‍ തുറക്കണമെന്ന ആവശ്യവുമായി സിഐടിയു

Published : 7th November 2016 | Posted By: SMR

കല്‍പ്പറ്റ: വയനാടിന്റെ പാരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ ക്വാറികള്‍ തുറക്കണമെന്ന ആവശ്യവുമായി സിഐടിയു രംഗത്ത്. ക്വാറികളുടെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 16ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂനിയന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കലക്ടര്‍ ഖനനം നിരോധിച്ചതിനെത്തുടര്‍ന്ന് ക്വാറി, നിര്‍മാണ മേഖകളില്‍ വലിയ പ്രതിസന്ധിയാണുണ്ടായതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 164 ക്വാറികളുണ്ടായിരുന്ന ജില്ലയില്‍  15 എണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. നാമമാത്രമായ ക്വാറികളില്‍നിന്നാണ് ജില്ലയിലെ ആവശ്യത്തിനു കല്ല് കിട്ടുന്നത്. ക്വാറികള്‍ അടഞ്ഞുകിടക്കുന്നത് അനുബന്ധ മേഖലകളിലടക്കം 30,000ത്തിലധികം തൊഴിലാളികളെ  ബാധിച്ചു.
ഇതിനു പുറമേയാണ് നിര്‍മാണരംഗത്തെ പ്രതിസന്ധി. സര്‍ക്കാര്‍ നേരിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര എജന്‍സികള്‍ എന്നിവ മുഖേനയും നടപ്പാക്കുന്ന കോടിക്കണക്കിനു രൂപയുടെ പ്രവൃത്തികള്‍ നിലച്ചിരിക്കയാണ്. വയനാട്ടില്‍ ക്വാറി മേഖല സ്തംഭിച്ചത് ഇതര ജില്ലകളിലെ കല്‍മട ഉടമകള്‍ മുതലെടുക്കുകയാണ്. കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ അമിതവിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് ജില്ലയിലുള്ളവര്‍. ജില്ലാ ദുരുന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ് അമ്പലവയല്‍ മേഖലയില്‍ ക്വാറി, ക്രഷര്‍ പ്രവര്‍ത്തനം അസാധ്യമാക്കി. ഫാന്റംറോക്, ആറാട്ടുപാറ, ചീങ്ങേരിപ്പാറ, കൊളഗപ്പാറ എന്നിവയുടെ നിശ്ചിത ദൂരപരിധിയില്‍ നിര്‍മാണങ്ങള്‍ക്കും വിലക്കുണ്ട്. മതിയായ പഠനം നടത്താതെയും ശാസ്ത്രീയ സമീപനം ഇല്ലാതെയും ജനാഭിപ്രായം തേടാതെയുമായിരുന്നു ഉത്തരവെന്നാണ് സിഐടിയു ആരോപണം. ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനവും ജില്ലയുടെ വികസനവും ദുഷ്‌കരമാക്കിയ ഉത്തരവ് പുനഃപരിശോധിക്കണം.  ഉത്തരവിനെതിരായ കേസില്‍ സിഐടിയു അഫിലിയേഷനുളള കരിങ്കല്‍ തൊഴിലാളി യൂണിയന്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതുമായ ഖനനം പാടില്ലെന്നാണ് യൂണിയന്റെയും അഭിപ്രായം. അമിതമായ പ്രകൃതി ചൂഷണം നിയന്ത്രിക്കണം. ക്വാറികളില്‍ യന്ത്രവല്‍കരണം കഴിവതും ഒഴിവാക്കണം. അതേസമയം, സാന്ദര്‍ഭിക പരിസ്ഥിതി വാദം വികസനത്തിനു വിലങ്ങുതടിയാകുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കെ വി മോഹനന്‍, വി വി ബേബി, എം മധു, പി എ മുഹമ്മദ്, എ രാജന്‍, ഇ സുലൈമാന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss