|    Mar 29 Wed, 2017 12:54 pm
FLASH NEWS

അടച്ചുപൂട്ടിയ ആസ്ട്രല്‍ വാച്ചസ്: കെട്ടിടവും സ്ഥലവും നശിക്കുന്നു

Published : 27th December 2015 | Posted By: SMR

കാസര്‍കോട്: ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി)യുടെ കോടികള്‍ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും കാട് കയറി നശിക്കുന്നു. ബീച്ച് റോഡിലുള്ള മൂന്നര ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ കാടുപിടിച്ച് കിടക്കുന്നത്. അസ്ട്രാള്‍ വാച്ചസിന്റെ അസംബ്ലിങ് യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്.
2006ലെ സര്‍ക്കാറിന്റെ കാലത്താണ് ആസ്ട്രല്‍ വാച്ചസ് അടച്ചുപൂട്ടിയത്. ഇതേ തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഒന്നരമാസത്തോളം ആസ്ട്രല്‍ വാച്ചസ് പരിസരത്ത് തൊഴിലാളികള്‍ കഞ്ഞിവച്ച് സമരം നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെ ആനുകൂല്യമൊന്നും നല്‍കാതെ നിര്‍ബന്ധ റിട്ടയര്‍മെന്റിന് വിധേയമാക്കുകയായിരുന്നു. അതേസമയം ആസ്ട്രല്‍ വാച്ചസില്‍ ജോലിചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ വന്‍ ശമ്പളത്തില്‍ കെ—എസ്‌ഐ—ഡി—സിയില്‍ ജോലിചെയ്യുന്നുണ്ട്.
വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ 1980ല്‍ അന്നത്തെ വ്യവസായമന്ത്രിയായിരുന്ന പി സി ചാക്കോയാണ് ആസ്ട്രല്‍ വാച്ചസ് ഉദ്ഘാടനം ചെയ്തത്. എച്ച്—എംടി വാച്ചുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ കാസര്‍കോട് ആസ്ട്രല്‍ വാച്ചസ് കമ്പനി പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ പ്രസ്തുത സ്ഥലത്ത് ഐ—ടി പാര്‍ക്ക് നിര്‍മിക്കുമെന്ന് അ ന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഇപ്പോള്‍ കൈയേറ്റക്കാരുടേയും സാമൂഹിക ദ്രോഹികളുടേയും പിടിയിലാണ്. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ഉപകരണങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. ആസ്ട്രല്‍ വാച്ചസിന്റെ ചുറ്റുമതില്‍ പല ഭാഗത്തും തകര്‍ന്ന് ചില ഭാഗങ്ങള്‍ കൈയേറിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ പലതും കടത്തികൊണ്ടുപോയിട്ടുണ്ട്. ലീഗ് ഭരിക്കുന്ന കാസര്‍കോഡ് നഗരസഭ പരിധിയിലുള്ള ഏക പൊതുമേഖല സംരംഭമായിരുന്ന ആസ്ട്രല്‍ വാച്ചസ്. കമ്പനിയെ സംരക്ഷിക്കാന്‍ വ്യവസായ മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്താത്തതാണ് കയ്യേറ്റക്കാരുടേയും സാമൂഹിക ദ്രോഹികളുടേയും പിടിയിലമരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചെങ്കിലുംആസ്ട്രല്‍ വാച്ചസിന്റെ കാര്യത്തില്‍ നടപടിയൊന്നുമായിട്ടില്ല. മാത്രവുമല്ല ഉദുമയില്‍ ഉദ്ഘാടനം ചെയ്ത സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day