|    Dec 16 Sun, 2018 6:49 am
FLASH NEWS

അടച്ചുപൂട്ടല്‍ ഭീഷണി : സ്‌കൂളുകള്‍ ആശങ്കയില്‍

Published : 31st May 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: വീണ്ടും അധ്യയനവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന താലൂക്കിലെ നിരവധി സ്‌കൂളുകളുടെ നിലനില്‍പ്പ് ആശങ്കയിലാണ്. ചില സ്‌കൂളുകള്‍ പ്രാദേശിക വികസനത്തിന്റെ പേരിലാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിനില്‍ക്കുന്നത്. താലൂക്കിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും കുട്ടികളുടെ ക്ഷാമം മൂലം താഴിട്ടുപൂട്ടേണ്ട ഗതികേടിലാണ്. ഗ്രാമീണ മേഖലയിലെ ഒരു വിദ്യാലയത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് മികച്ച വിജയം കണ്ടെത്തുന്നു എന്ന പരിഗണനയിലാണ് മുളക്കുഴ സ്‌കൂളിനെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. 95 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറിയ ക്ലാസുകളിലായി പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ 1953 മുതലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയത്. മൂവായിരത്തില്‍പരം കുട്ടികള്‍ പഠിച്ചിരുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ ഏറ്റവും വലിയ സ്‌കൂളാണിത്. ആറന്മുള മെഴുവേലി, കുളനട, ആല പഞ്ചായത്തുകളില്‍ നിന്നും വിദ്യാഭ്യാസത്തിന് കുട്ടികള്‍ മുളക്കുഴ സ്‌കൂളിനെയാണ് ആശ്രയിച്ചിരുന്നത്. മുന്‍ കാലങ്ങളില്‍ സ്‌കൂളിന്റെ വികസനത്തിനായി കോടികളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പോലും പിന്നിടാന്‍ അധികൃതര്‍ക്കായില്ല. പരസ്പരം പഴിചാരി പദ്ധതി നഷ്ടപ്പെടുത്തി. ഇന്ന് സ്‌കൂളിനെ അലട്ടുന്ന പ്രധാന പ്രശ്‌നം കെട്ടിടങ്ങളുടെ അഭാവമാണ്. ഉള്ള കെട്ടിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. തകര്‍ച്ചയിലായ കെട്ടിടത്തിന്റെ അധികം പ്രശ്‌നമില്ലാത്ത ക്ലാസ് മുറികളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പഴയ ബ്ലോക്കിന് പകരം പുതിയ കെട്ടിടം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ഇപ്പോഴുള്ള കളിസ്ഥലം ആധുനിക സൗകര്യങ്ങളോടെ ഉപയോഗിക്കാനാകുംവിധം വിപുലപ്പെടുത്തണം. മഴ പെയ്താല്‍ മുട്ടോളം വെള്ളമുയരുന്ന മൈതാനമാണ് ഇപ്പോഴുള്ളത്.അടിസ്ഥാന സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തി സ്‌കൂളിന്റെ കുതിപ്പിനു വേഗം കൂട്ടാം. എന്നാല്‍ ഈ സ്‌കൂളിന്റെ സംരക്ഷണത്തിന് അധ്യാപകരോ പൂര്‍വ വിദ്യാര്‍ഥികളോ തദ്ദേശ സ്ഥാപനങ്ങളോ താല്‍പര്യമെടുക്കുന്നില്ല എന്നതാണ് പ്രധാന പോരായ്മ. അധ്യയനം തുടങ്ങാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും ചെങ്ങന്നൂര്‍ ഗവ.വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സിലെ തകര്‍ന്നുവീണ കെട്ടിടം പൊളിച്ചുനീക്കാന്‍ ഇതുവരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിട്ടില്ല. 2015 ജൂണ് 29നാണ് സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നു വീണത്. ഓഡിറ്റോറിയം ഉള്‍പ്പെടുന്ന കെട്ടിടം അണ്‍ഫിറ്റാണന്ന്  പൊതുമരാമത്ത് വകുപ്പ് റിപോര്‍ട്ടുനല്‍കിയിരുന്നെങ്കിലും രണ്ട് വര്‍ഷം കഴിയുമ്പോഴും നടപടികള്‍ ഒന്നുംതന്നെയില്ല. കെട്ടിടം ലേലം ചെയ്തുകൊടുക്കണമെന്ന് നഗരസഭയ്ക്ക് കത്ത് നല്‍കിയെങ്കിലും തുടര്‍നടപടികളും ഒന്നുംതന്നെ ഉണ്ടായില്ല. സ്‌കൂള്‍ തുടങ്ങിയ കാലത്തെ കെട്ടിടങ്ങളിലാണ് ഭൂരിഭാഗം ക്ലാസുകളും പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടങ്ങളുടെ മേല്‍ക്കൂരയെല്ലാം പൊളിഞ്ഞു വീഴാറായ നിലയിലാണ്. വനിതാ അധ്യാപകര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യങ്ങളില്ല. ഗവ. ഗേള്‍സ് സ്‌കൂളിന് സമീപത്തുതന്നെയാണ് ഗവ. ബോയ്‌സ് ഹൈസ്‌കൂളും പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിയാണ് ഇവിടെയും പ്രശ്‌നം. ആലാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിടം ജീര്‍ണാവസ്ഥയിലായി ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് ഓഫിസ് മുറികളും മറ്റ് ക്ലാസും പ്രവര്‍ത്തിക്കുന്നത്.മഴവെള്ളം ചുവരിലൂടെ ഒലിച്ചിറങ്ങി ചുവരുകള്‍ ഇടിഞ്ഞുവീണുതുടങ്ങി. മഴക്കാലമായതോടെ വെള്ളം മുറിക്കുള്ളിലേക്ക് ഒഴുകുന്നതിനാല്‍ പല ക്ലാസ് മുറികളും ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. പരാധീനതകള്‍ക്കിടയിലും മികച്ച വിജയശതമാനം നേടുന്ന ഈ സ്‌കൂളിനെ അധികൃതര്‍ തികച്ചും അവഗണിച്ചമട്ടാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss