|    Jan 22 Sun, 2017 7:16 am
FLASH NEWS

അടക്കംചെയ്ത മൃതദേഹം മാറിയ സംഭവം: അന്വേഷണം ആരംഭിച്ചു; സുറൂര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലിസ്

Published : 21st December 2015 | Posted By: SMR

പൊന്നാനി: 14 വര്‍ഷം മുന്‍പ് കണ്ടെത്തിയ മൃതദേഹം മാറഞ്ചേരി സ്വദേശി സുറൂറിന്റെതല്ലെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം ആരുടെതാണെന്ന കാര്യത്തില്‍ അന്വേഷണമാരംഭിച്ചു. ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. മൃദദേഹം കണ്ടെത്തിയകാലത്ത് കാണാതായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമായിരിക്കുമെന്നാണ് പോലിസിന്റെ നിഗമനം.
15 വര്‍ഷം മുന്‍പാണ് തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ സഹോദരിയുമൊത്ത് മാറേഞ്ചരിയില്‍ എത്തിയത്. അച്ഛന്റെയും അമ്മയുടെയും മരണ ശേഷമായിരുന്ന ഈ വരവ്. രാജേന്ദ്രന്റെ സഹോദരിയുടെ രക്തസാംപിളുകള്‍ ശേഖരിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്തി മരണപ്പെട്ടയാള്‍ രാജേന്ദ്രനാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലിസ്. ഇതിനായി അടുത്ത ദിവസം തന്നെ ഡിഎന്‍എ ടെസ്റ്റ് നടത്തും. 14 വര്‍ഷം മുന്‍പ് കാണാതായ സുറൂര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ലോക്കല്‍ പോലിസിന്റെ കണ്ടെത്തല്‍. എന്നാല്‍, കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ വിദഗ്ദ പരിശോധനയില്‍ കിട്ടിയ മൃതദേഹം സുറൂറിന്റെതല്ലെന്ന് തെളിയുകയായിരുന്നു.
മൃതദേഹം സുറൂറിന്റെതല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയത് ഒട്ടേറെ ദുരൂഹതകള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുകയാണ്. സുറൂറിനെ കൊന്നതിന്റെ പേരില്‍ പെരുമ്പടപ്പ് സ്വദേശികളായ പ്രസാദ്, ബിജോയ്, സുരേഷ്, സന്തോഷ് എന്നീ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സന്തോഷ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. 2001ലാണ് മാറഞ്ചേരി സ്വദേശിയും ഓട്ടോ െ്രെഡവറുമായ സുറൂര്‍(23)നെ കാണാതായത്. നാല് മാസത്തിന് ശേഷം സുറൂറിന്റെ ഉമ്മ പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കി. കാണാതായ മൂന്നാം ദിവസം സുറൂര്‍ ഉമ്മയ്ക്ക് ഫോണ്‍ വിളിച്ചിരുന്നു. സേലത്ത് നിന്നായിരുന്നു വിളിച്ചത്. പിന്നിട് മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഉമ്മ പറഞ്ഞു. ഇതിനിടെ മാറഞ്ചേരി കായലില്‍ കണ്ടെത്തിയ അഴുകിയ ജഡം സുറൂറിന്റെതാണെന്ന് ലോക്കല്‍ പോലിസ് സ്ഥിരീകരിച്ചു.
ഫോറന്‍സിക് സയന്‍സ് ലാബിലെ ബയോളജിസ്റ്റ് സൂപ്പര്‍ ഇംപോസിഷന്‍ പരിശോധന നടത്തിയപ്പോഴും കൊല്ലപ്പെട്ടത് സുറൂര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടത് സുറൂര്‍ അല്ലെന്ന് വ്യക്തമായതോടെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് തിരൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കിടന്നിരുന്ന കായലും കാണാതായവരുടെ കുടുംബങ്ങളുടെ വീടുകളും കോഴിക്കോട് െ്രെകംബ്രാഞ്ച് ഡിവൈഎസ്പി മുരളിധരന്റെ നേതൃത്വത്തിലുളള സംഘം തിങ്കളാഴ്ച സന്ദര്‍ശിക്കും. അവിഹിത ബന്ധം ആരോപിച്ച് സുറൂറിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് നാല് യുവാക്കള്‍ അറസ്റ്റിലായതും. എന്നാല്‍, കേസിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തുടര്‍ന്ന് കേസ് 2014ല്‍ കോഴിക്കോട് െ്രെകംബ്രാഞ്ചിന് കൈമാറി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സുറൂര്‍ അല്ലെന്ന് തെളിഞ്ഞത്. മൃതദേഹത്തിന്റെ പ്രായം അറിയുന്നതിനുള്ള പരിശോധന നടത്തിയതോടെയാണ് കൊല്ലപ്പെട്ടത് മറ്റാരോ ആണെന്ന് വ്യക്തമായി. മൃതദേഹത്തിന്റെ പല്ല് പരിശോധിച്ചാണ് പ്രായം നിര്‍ണയിച്ചത്. മൃതദേഹത്തിന്റെ പല്ല് പരിശോധിച്ചപ്പോള്‍ 37, 38 വയസ്സുള്ള ആളുടെതാണെന്ന് മനസ്സിലാവുകയായിരുന്നു. സുറൂറിനെ കാണാതാവുബോള്‍ 23 വയസ്സായിരുന്നു. അതേസമയം, കാണാതായ സുറൂര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലിസ് പറയുന്നു. പക്ഷേ, മൃതദേഹം കണ്ടെത്തിയാലേ ഇത് ഉറപ്പിക്കാനാവൂ. നേരത്തേ ഈ കേസില്‍ അറസ്റ്റിലായവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക