|    May 29 Mon, 2017 7:50 am
FLASH NEWS

അഞ്ജലി ഇനി ഉറ്റവരുടെ സ്‌നേഹവലയത്തില്‍

Published : 29th July 2016 | Posted By: SMR

കണ്ണൂര്‍: അഞ്ജലിക്ക് അത്താണിയെന്നാല്‍ സ്വന്തം കുടുംബം തന്നെയായിരുന്നു. പക്ഷേ, ഉറ്റവരെത്തിയപ്പോള്‍ അവരുടെ സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങാതെ നിവൃത്തിയില്ലായിരുന്നു. ജില്ലാ ആശുപത്രിക്കു സമീപത്തെ ആയിക്കരയിലെ അത്താണിയില്‍ ഇന്നലെ വികാരനിര്‍ഭരമായ യാത്രയപ്പിന് സാക്ഷ്യം വഹിച്ചത്.
നാലു വര്‍ഷമായി ഇവിടുത്തെ അന്തേവാസിയായിരുന്ന അഞ്ജലി ഇന്നലെ ഉച്ചയോടെ ബന്ധുക്കളോടൊപ്പം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. 2012 നവംബര്‍ മാസം കേരളം കാണാനെത്തി വഴിയിലകപ്പെട്ട അഞ്ജലിയെ വനിതാ പോലിസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് അത്താണിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആരോടും ഒന്നും സംസാരിക്കാതെ മൗനിയായി അത്താണിയില്‍ കഴിഞ്ഞ അഞ്ജലി ചികില്‍സയ്ക്കും സ്‌നേഹംതുളുമ്പുന്ന പരിചരണത്തിനുമൊടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസാരിച്ച് തുടങ്ങിയത്.
ഇതിനിടെ അഞ്ജലിയെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെങ്കിലും വീടും നാടും ബന്ധുക്കളെയും കുറിച്ചുള്ള വിവരമില്ലാത്തതിനാല്‍ വിജയിച്ചില്ല. ഒടുവില്‍ വിവിധ ഭാഷാചാനലുകള്‍ കാണിച്ച് അഞ്ജലിയുടെ ഭാഷ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അത്താണി സെക്രട്ടറിയായ ഷമീമ ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ നടത്തി. ഇതൊന്നും ശ്രദ്ധിക്കാതെ മൗനിയായ അഞ്ജലി നാലുമാസം മുമ്പാണ് സംസാരിച്ചുതുടങ്ങിയത്. തന്നെ കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞുതുടങ്ങിയതോടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. അഞ്ജലി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോട്ടോ സഹിതം അത്താണി സെക്രട്ടറി ബന്ധുക്കള്‍ക്ക് കത്തയച്ചു. കത്ത് കിട്ടിയ ഉടനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു.
ഇവര്‍ അഞ്ജലിയുടെ ബന്ധുക്കളാണെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. അഞ്ജലി നാടുവിട്ടശേഷം മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ബന്ധുവായ ഗ്രാമപ്രസിഡന്റ് ധര്‍മറാവു ആണ് അഞ്ജലിയെ കൂട്ടാനെത്തിയത്.   അത്താണിയിലെ സ്‌നേഹവും പരിചരണവും ഒരിക്കലും മറക്കാനാവില്ലെന്നും പറഞ്ഞ അഞ്ജലി, ബന്ധുക്കളോടൊപ്പം നാട്ടില്‍ പോയ ശേഷം എല്ലാവരെയും കൂട്ടി ഒരിക്കല്‍ കൂടി അത്താണിയിലെത്തുമെന്നു പറഞ്ഞാണ് യാത്ര പറഞ്ഞത്. അത്താണി ഭാരവാഹികളായ സഫിയ മുനീറും ഷഫ ഹാമിദുമടക്കം നാല്‍പതോളം പേരാണ് യാത്രയയക്കാനെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day