|    Apr 26 Thu, 2018 3:12 pm
FLASH NEWS

അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 9th July 2016 | Posted By: SMR

കൊല്ലം: വാഹന പരിശോധനയ്ക്കിടെ ആശ്രാമം-ചിന്നക്കട റോഡില്‍ പുള്ളിക്കട കോളനിക്ക് സമീപത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. ബൈക്കില്‍ കഞ്ചാവ് കടത്തികൊണ്ട് വരികയായിരുന്ന പത്തനംതിട്ട മങ്ങാരം പാലതടത്തില്‍ വീട്ടില്‍ രാഹുല്‍ (25) ആണ് പിടിയിലായത്. രാഹുലിനൊപ്പം ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന പത്തനംതിട്ട പന്തളം മങ്ങാരം ചിറക്കരോട്ട് വീട്ടില്‍ വിഷ്ണു ഓടി രക്ഷപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ വിവിധകേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്ന രാഹുലും വിഷ്ണുവും കൊല്ലം പുള്ളിക്കട കോളനിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. കൊല്ലം ടൗണ്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രതികള്‍ മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്.
ആന്ധ്രാപ്രദേശില്‍ നിന്നും പ്രതി വന്‍തോതില്‍ കഞ്ചാവ് വാങ്ങികൊണ്ട് ട്രയിന്‍മാര്‍ഗ്ഗം കൊല്ലത്ത് എത്തുകയും തുടര്‍ന്ന് ചെറിയ പൊതികളാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. ആന്ധ്രാപ്രദേശിലെ അനഹപ്പള്ളി എന്ന സ്ഥലത്തുനിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയിരുന്നത്. കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി യുവാക്കള്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ കഞ്ചാവ് കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം കോളുകള്‍ വന്നിരുന്നു. ഇയാളുടെ കൈയില്‍ നിന്നും കഞ്ചാവ് വങ്ങിയിരുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയ്ഡിന് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫ്രാന്‍സിസ് ബോസ്‌കോ, ബാലചന്ദ്രകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനേഷ്യസ്, അരുണ്‍ ആന്റണി, സതീഷ ചന്ദ്രന്‍, എ രാജു, യു നന്ദകുമാര്‍, ആര്‍ സുരേഷ് ബാബു പങ്കെടുത്തു.

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കൊട്ടാരക്കര: മൈലം, കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ രണ്ടുപേരെ പിടികൂടി. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി ജോസ് (63) നെ 108 പൊതി കഞ്ചാവുമായും ആക്കവിള അരുവിക്കോട് പാണ്ടിത്തിട്ട സ്വദേശി മുരളീധരന്‍ പിള്ളയെ മൈലം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും 116 പൊതി കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്. രണ്ടുമാസമായി ഇവര്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ഒരു പൊതി കഞ്ചാവിന് 300 രൂപ വരെ ആവശ്യക്കാരില്‍ നിന്നും ഇവര്‍ ഈടാക്കിയിരുന്നു.
കഴിഞ്ഞദിവസം കൊട്ടാരക്കര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി കഞ്ചാവ് കേസിലെ പ്രതികളായ രണ്ട് ശാസ്താംകോട്ട ശൂരനാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഓട്ടോറിക്ഷ സഹിതം പിടികൂടിയിരുന്നു.
എക്‌സൈസ് സിഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ എസ് ശശികുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു, പ്രിവന്റീവ് ഓഫിസര്‍ പ്രദീപ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയകുമാര്‍, പ്രേംനസീര്‍, ഗിരീഷ്‌കുമാര്‍, അനന്തു, സന്തോഷ്‌കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss