|    Aug 17 Thu, 2017 11:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഞ്ചേരി ബേബി വധം: മൂന്നു പേരെക്കൂടി പ്രതിചേര്‍ക്കണമെന്ന് പ്രോസിക്യൂഷന്‍

Published : 7th August 2016 | Posted By: SMR

തൊടുപുഴ: സിപിഎം നേതാവ് എം എം മണി ഉള്‍പ്പെട്ട അഞ്ചേരി വധക്കേസില്‍ കര്‍ക്കശ നിലപാടുമായി പ്രോസിക്യൂഷന്‍. കേസില്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള ഒന്നാം പ്രതി പാമ്പുപാറ കുട്ടന്‍, രണ്ടാംപ്രതി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി, ഒ ജി മദനന്‍ എന്നിവര്‍ സെഷന്‍സ് കോടതിയില്‍ ഹാജരായ ഇന്നലെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനടക്കം മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ജയചന്ദ്രനെക്കൂടാതെ സിപിഎം നേതാക്കളായ എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
ബേബി വധക്കേസില്‍ പാമ്പുപാറ കുട്ടന്‍, എം എം മണി, ഒ ജി മദനന്‍, വര്‍ക്കി എബ്രഹാം എന്നിവരെ പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ ടി യു സുനില്‍കുമാര്‍ നെടുങ്കണ്ടം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ബേബിയെ കൊലപ്പെടുത്തുന്നതിനായി 1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ നടന്ന ഗൂഢാലോചനയില്‍ എം എം മണിയും എ കെ ദാമോദരനും, വി എം ജോസഫും ഉണ്ടായിരുന്നതായി മുന്‍ സിപിഎം ലോക്കല്‍ നേതാവ് മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജഡ്ജിക്കു മുന്നില്‍ നല്‍കിയ ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലയ്‌ക്കെടുത്തില്ല.
കേസ് വിശദമായി പരിശോധിച്ച പ്രോസിക്യൂഷന്‍ കേസിലെ മുഖ്യപ്രതികളാവേണ്ട കെ കെ ജയചന്ദ്രന്‍, എ കെ ദാമോദരന്‍, വി എം ജോസഫ് എന്നിവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
കേസ് ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്സും സിപിഎം നേതാക്കളും തമ്മില്‍ രഹസ്യനീക്കം നടത്തിയതായി ആരോപിച്ച് ബേബിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു. പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ നിലപാട് സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വെട്ടിലാക്കുന്നതാണ്. കേസ് ഈ മാസം 20ന് വീണ്ടും കോടതി പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി സിബി ചേനപ്പാടിക്കൊപ്പം അഡ്വ. സി ഐ ഈശോയും കോടതിയില്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക