|    Aug 20 Sun, 2017 2:14 am
FLASH NEWS

അഞ്ചു വര്‍ഷത്തിനുശേഷം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഹൈദരാബാദ് ദമ്പതികള്‍

Published : 24th October 2016 | Posted By: SMR

കഴക്കൂട്ടം: പത്താം വയസ്സില്‍ നഷ്ടപ്പെട്ട മകനെ പതിനഞ്ചാം വയസില്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹൈദരാബാദുകാരായ ലാസറും നാഗമണിയും. ഇവരുടെ മകന്‍ രാഹുലിനെ അഞ്ചുവര്‍ഷം മുമ്പാണ് വീട്ടില്‍ നിന്ന് കാണാതായത്. അവിടുത്തെ പോലിസില്‍ പരാതിപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറി സ്ഥലം വിട്ട രാഹുലിനെ കേരളത്തില്‍ ട്രെയിനില്‍ വച്ച് ടിക്കറ്റ് പരിശോധകര്‍ കാണാനിടയായി. ബുദ്ധിമാന്ദ്യമുണ്ടായിരുന്ന രാഹുലിനോട് മാതാപിതാക്കളെപ്പറ്റി അവര്‍ ചോദിച്ചുവെങ്കിലും അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ പോലിസ് തിരുവനന്തപുരത്തെ ചൈല്‍ഡ് വെല്‍ഫെയറില്‍ ഹാജരാക്കി അവിടെ നിന്നാണ് വിഭിന്ന ശേഷിയുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന പാങ്ങപ്പാറയിലെ സി എച്ച് മുഹമ്മദ്‌കോയ മൊമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുവന്നത്. അഞ്ചുവര്‍ഷം അവിടെ പഠിച്ച രാഹുല്‍ മലയാളം സംസാരിക്കാന്‍ തുടങ്ങിയതോടെ  മാതാപിതാക്കളുടെ പേരും സ്ഥലത്തിന്റെ പേരും ആവര്‍ത്തിച്ചു പറയുമായിരുന്നു. അങ്ങനെ ഇവിടുത്തെ പ്രിന്‍സിപ്പല്‍ ഹൈദ്രബാദിലെ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷം മുമ്പ് കാണാതായവരുടെ പരാതികള്‍ പരിശോധിച്ചപ്പോഴാണ് രാഹുലിനെ കാണാതായ വിവരവും അറിയാനായത്. അതിനുശേഷം രാഹുലിന്റെ ഫോട്ടോ അവിടെത്തെ പോലിസിന് കൈമാറി അത് വീട്ടുകാരെ കണ്ടെത്തി കാണിച്ചപ്പേഴാണ് നഷ്ടപ്പെട്ട മകനാണെന്ന് ബോധ്യമായത്. അങ്ങനെ മാതാപിതാക്കളായ ലാസറും നാഗമണിയും അവിടെത്തെ പോലിസ് ഓഫിസറും പാങ്ങപ്പാറയില്‍ എത്തി. മേയര്‍ വി കെ പ്രശാന്തിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ എം കെ ജയരാജ്,  രാഹുലിനെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക