|    Jan 21 Sat, 2017 2:14 pm
FLASH NEWS

അഞ്ചു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാല്‍ ജപ്തിഭീഷണി നേരിടുന്നവര്‍ക്ക് പലിശ/പിഴപ്പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുതലിന്റെ ഇരട്ടിയിലധികം തിരിച്ചടച്ചിട്ടും വായ്പാ കുടിശ്ശികയുള്ള സാധാരണക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ആശ്വാസം പകരുന്നതാണ് പദ്ധതി.
ഇതുവഴി സര്‍ക്കാരിന് 40 കോടിയില്‍പരം രൂപയുടെ അധികബാധ്യതയുണ്ടാവും. ധനകാര്യവകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഭവനനിര്‍മാണ ബോര്‍ഡ്, പട്ടികജാതി-വര്‍ഗ പിന്നാക്കക്ഷേമ കോര്‍പറേഷനുകള്‍, വനിതാ വികസന കോര്‍പറേഷന്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അഞ്ചു ലക്ഷം വരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് മുതലിന്റെ ഇരട്ടിയെങ്കിലും തിരിച്ചടച്ചവരുടെ വായ്പകളാണ് എഴുതിത്തള്ളുക. ഇതിനു പുറമെ മുതലിന്റെ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചിട്ടും ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാര്‍ക്ക് പലിശയിളവും പിഴപ്പലിശയിളവും അനുവദിച്ച് ബാക്കി തുക രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാവുന്നവിധം പുനക്രമീകരിച്ചുനല്‍കും.
ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ ഈടുകളും തിരികെ നല്‍കും. സ്വര്‍ണ ഈടിന്‍മേലുള്ള വായ്പ, സര്‍ക്കാര്‍ ജീവനക്കാര്‍ എടുത്ത വായ്പകള്‍, വ്യക്തികള്‍ക്കല്ലാതെ നല്‍കിയ വായ്പകള്‍, അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ എടുത്ത വായ്പകള്‍, ഉത്തരവ് തിയ്യതിയില്‍ കടബാധ്യത നിലവിലില്ലാത്ത വായ്പകള്‍ എന്നിവയ്ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
റവന്യൂ വകുപ്പില്‍ നിന്ന് ലഭ്യമാക്കിയ താഴ്ന്ന/ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള പാര്‍പ്പിട പദ്ധതി പ്രകാരമെടുത്ത വായ്പകളിലെ കുടിശ്ശിക തുക, ഭവനനിര്‍മാണ ബോര്‍ഡില്‍ നിന്ന് അനുവദിച്ചതും, മുതലും പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ മുതലിന്റെ 200 ശതമാനമെങ്കിലും തിരിച്ചടവ് നടത്തിയതുമായ വായ്പകള്‍, അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ തിരിച്ചടവ് നടത്തിയതില്‍ ബാക്കിനില്‍ക്കുന്ന തുക എന്നിവയാണ് പൂര്‍ണമായി എഴുതിത്തള്ളുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക