|    Dec 19 Tue, 2017 4:03 am
FLASH NEWS

അഞ്ചു മാസത്തെ പ്രവര്‍ത്തനം അക്കമിട്ട് നിരത്തി വീണ ജോര്‍ജ് എംഎല്‍എ

Published : 1st November 2016 | Posted By: SMR

പത്തനംതിട്ട: അച്ചന്‍കോവിലാറില്‍ നിന്നും വര്‍ഷം മുഴുവനും കുടിവെള്ള വിതരണത്തിനാവശ്യമായ ജലലഭ്യത കുറയുന്നതിനെ തുടര്‍ന്ന് കക്കാട്ടാറിലെ മണിയാറില്‍ നിന്നും പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയെ കുറിച്ചുള്ള ആലോചന തുടങ്ങിയതായി വീണ ാേര്‍ജ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തന്റെ അഞ്ചു മാസത്തെ പ്രവര്‍ത്തനം അക്കമിട്ട് നിരത്തി സംസാരിക്കുകയായിരുന്നു എംഎല്‍എ. പത്തനംതിട്ട നഗരസഭ, ഓമല്ലൂര്‍, ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയ്ക്കായി പുതിയ കുടിവെള്ള പദ്ധതി  150 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനാണ് തീരുമാനിച്ചത്.  നാരങ്ങാനം  ചെറുകോല്‍ ജലവിതരണ പദ്ധതിയും പുതിയതായി ഏറ്റെടുക്കും. ഇലന്തൂര്‍, മല്ലപ്പുഴശേരി കുടിവെള്ള പദ്ധതി കാലതാമസം ഒഴിവാക്കി വളരെവേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആറന്മുള നിയോജക മണ്ഡലത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി തയ്യാറാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പഞ്ചായത്തുതലത്തില്‍ സമാഹരിച്ച് പൊടിച്ച് ഗ്രീന്‍കേരളയ്ക്ക് കൈമാറാനുള്ള പദ്ധതിയാണിത്. ഇതിനായി രണ്ട് ഗ്രാമപ്പഞ്ചായത്തുകള്‍ വീതം പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള മെഷീന്‍ വാങ്ങണം. നിലവില്‍ ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിവരുന്ന പദ്ധതി ഗ്രീന്‍ കേരളയിലൂടെ നിയോജകമണ്ഡലത്തിലും എല്ലായിടത്തും നടപ്പാക്കുകയാണ് ലക്ഷ്യം. കിലോഗ്രാമിന് 15 രൂപ നിരക്കില്‍ പൊടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങാനാണ് ഗ്രീന്‍ കേരളയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് നിര്‍മാണത്തിനും മറ്റുമായി പ്ലാസ്റ്റിക് ഉപയോഗിക്കാനാകും. സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ടെന്ന നിലയില്‍ ആറന്മുളയില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇ-വേസ്റ്റ് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ വാങ്ങാനും ഗ്രീന്‍ കേരള തയാറായിട്ടുണ്ടെന്ന് അറിയിച്ചതായും എംഎല്‍എ പറഞ്ഞു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങുകയും പൂര്‍ത്തീകരിക്കാനാകാത്തതുമായ വീടുകള്‍ കണ്ടെത്തി അവയുടെ പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി മെഴുവേലി ഗ്രാമപ്പഞ്ചായത്തില്‍ പ്രത്യേക പഠനം നടത്തിയിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സംസാരിക്കുകയും സംസ്ഥാന വ്യാപകമായി ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനകാലം കൂടി കണക്കിലെടുത്ത് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പമ്പ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് പുതിയ ബംഗളുരു സര്‍വീസിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസ് പെര്‍മിറ്റുകളെ സംബന്ധിച്ച തീരുമാനത്തിന്  വരുന്ന മുറയ്ക്ക് ഇതിനുള്ള അനുമതി ലഭിക്കും. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡ് പൂര്‍ണമായി വൈദ്യുതിവല്‍ക്കരിച്ചു. ആറന്മുളയിലെയും മല്ലപ്പുഴശേരിയിലെയും  240 ഏക്കര്‍ തരിശുനിലങ്ങളില്‍ കൃഷി ഇറക്കല്‍ നടപടികള്‍ ആരംഭിക്കാനായത് നേട്ടമായി. പത്തനംതിട്ട ജനറല്‍ ആശുപത്രി നവീകരണത്തിനും പുതിയ ബ്ലോക്കിന്റെ നിര്‍മാണം പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.  കോഴഞ്ചേരിയിലെ സമാന്തരപാലത്തിന്റെ നിര്‍മാണത്തിന് 2016 ല്‍ തന്നെ തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷ. വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയും അധ്യക്ഷന്മാരായ  സമിതികള്‍ ഇതിന് അംഗീകാരം നല്‍കേണ്ടതുണ്ട്. മഞ്ഞനിക്കര, ഇലവുംതിട്ട,-മുളക്കുഴ-റോഡിന് 15 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരുന്നത്. 36 കോടി രൂപയുടെ ഡിപിആര്‍ തയാറാക്കി. കോഴഞ്ചേരി –  മണ്ണാരക്കുളഞ്ഞി റോഡിന്റെ നവീകരണ ടാറിങിനായി 15 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss