|    Jan 19 Thu, 2017 8:29 pm
FLASH NEWS

അഞ്ചു ചോദ്യങ്ങള്‍; ഒരഭ്യര്‍ഥനയും

Published : 16th September 2016 | Posted By: SMR

ഡോ.  സാക്കിര്‍  നായിക്

ധക്കയിലെ ജുഗുപ്‌സയുളവാക്കുന്ന ഭീകരാക്രമണം നടന്നിട്ട് രണ്ടു മാസത്തിലധികമായി. ഒരു മാസമായി ഞാന്‍ ചോദിക്കുന്ന ചോദ്യമിതാണ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ ഒന്നാം നമ്പര്‍ ശത്രുവാകാന്‍ കാരണമെന്താണ്? കഴിഞ്ഞ 25 വര്‍ഷമായി സമാധാന പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിനെപ്പറ്റി കൂടുതല്‍ ധാരണ ഉണ്ടാക്കുന്നതിലും മതങ്ങള്‍ക്കിടയിലുള്ള സാദൃശ്യം ഊന്നിപ്പറയുന്നതിലും അനീതികളെ അപലപിക്കുന്നതിലുമാണ് ഞാന്‍ മുഴുകിയിരുന്നത്. ആ നിലയ്ക്ക് ഇപ്പോഴുള്ള എതിര്‍പ്പ് എനിക്ക് വലിയ നടുക്കമായി.
രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെടുകയും മൗലികാവകാശങ്ങളുടെ കഴുത്തു ഞെരിക്കുകയും ചെയ്യുന്നു. ഈ പ്രവണത ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ത് എന്നതിന്റെ സൂചനയാണ്. ഭരണസംവിധാനത്തെയും മാധ്യമങ്ങളെയും വിവിധ ഏജന്‍സികളെയും നേരത്തേ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുന്നു. ഞാന്‍ വിശ്വസിക്കുന്ന മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുമതി നല്‍കുന്ന ഒരു ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്നു പ്രതിജ്ഞയെടുത്ത ഗവണ്‍മെന്റാണ് ഇതു ചെയ്യുന്നത് എന്ന കാര്യം കൂടുതല്‍ ഭയമുളവാക്കുന്നു. ഈ ദുഷിച്ച പ്രചാരവേലയ്ക്കു പിന്നില്‍ കൂടുതല്‍ ആഴമുള്ള ഒരു അജണ്ടയില്ലെന്നു വിശ്വസിക്കാതിരിക്കാന്‍ മാത്രം നാം വിഡ്ഢികളാവരുത്.
ഈ ആക്രമണം എനിക്കു നേരെയുള്ളതു മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുമുള്ളതാണ്. അതു സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കും നേരെയുള്ള ആക്രമണമാണ്. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും എന്നെയും നിരോധിക്കാനുള്ള നീക്കമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിയമവിദഗ്ധര്‍ ഐആര്‍എഫിന്റെയോ എന്റെയോ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമോ അല്ലാത്തതോ ആയ ഒരു കുറ്റവും കണ്ടിട്ടില്ല. എനിക്കെതിരേ യാതൊരു തെളിവുമില്ല. (ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നത് അവിടെയിരിക്കട്ടെ). കുറേ ആഴ്ചകളായി മാധ്യമങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന റിപോര്‍ട്ടുകളില്‍ നിന്നാണ് ഞാന്‍ ഈ അനുമാനത്തില്‍ എത്തുന്നത്.
അപ്പോള്‍ ഈ നടപടികളുടെ ലക്ഷ്യം വ്യക്തമാണ്: ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ഹതാശരായ ഒരു വിഭാഗം രാജ്യത്ത് സമാധാനവും സാമൂദായിക സൗഹാര്‍ദവും തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍, ചുവരെഴുത്ത് എനിക്കു വായിക്കാന്‍ കഴിയും. അധികൃതര്‍ക്ക് വിവേകം ഉദിച്ചില്ലെങ്കില്‍ എനിക്കും ഐആര്‍എഫിനു മേലും നിരോധനം വരും. സമീപകാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളിലൊന്നായിരിക്കും അത്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകള്‍ക്കെതിരേ ഉണ്ടാവാന്‍ പോകുന്ന അനേകം അനീതികളിലൊന്ന്. രാജ്യത്തെ ഒറ്റപ്പെട്ട വിളുമ്പിലുള്ള ചെറിയ ഗ്രൂപ്പുകള്‍ക്ക് ഇത്തരം നടപടികള്‍ വലിയ പ്രചോദനമാകും. മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ ഭീഷണി നേരിടുന്നവരും അരക്ഷിതരുമാണ്. എനിക്കെതിരേയുള്ള ഈ നടപടി അവരെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ല.
അപ്പോഴും എന്തുകൊണ്ടാണ് അവര്‍ എന്നെ ഉന്നംവയ്ക്കുന്നതെന്ന ചോദ്യം ഉയരുന്നു. കുറച്ചു മുമ്പ് എനിക്ക് അതു മനസ്സിലായി. ഒരു സമുദായത്തെ ഉന്നംവയ്ക്കുമ്പോള്‍ നിങ്ങള്‍ അതിലെ പ്രഗല്‍ഭരെയാണ് ആദ്യം ലക്ഷ്യമിടുക. അവരെ പിടികൂടിയാല്‍ ബാക്കിയൊക്കെ എളുപ്പമാവും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കു തോന്നുന്നു. ജൂലൈ തുടക്കം തൊട്ടുതന്നെ ഈ വിവാദത്തില്‍ നിന്നു ഞാന്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. കാരണം, ഇത്തരം വിവാദം എനിക്കു പുത്തരിയായിരുന്നില്ല. എന്നെ എതിര്‍ക്കുന്ന പല ഗ്രൂപ്പുകളും ഉണ്ടായിരുന്നു. എതിര്‍പ്പുകാരെ ശ്രദ്ധിക്കാതെ ഞാന്‍ എന്റെ ജോലി തുടര്‍ന്നു.
എന്നാല്‍, ഈ വിവാദം വ്യത്യസ്തമായിരുന്നു. മാധ്യമങ്ങളും സര്‍ക്കാരും അതില്‍ കൂടുതല്‍ ഇടപെട്ടു. ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറഞ്ഞു. അതുകൊണ്ട് കാര്യമുണ്ടായില്ല. എന്റെ മനസ്സിലും അപ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ആ ചോദ്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ എന്റെ നാട്ടുകാരുടെ മുമ്പില്‍ വയ്ക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കും നാം മറുപടി കണ്ടെത്തേണ്ടതുണ്ട്:
1. എന്തുകൊണ്ട് ഇപ്പോള്‍? കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഇന്ത്യയിലും പുറത്തും പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പെട്ടെന്ന് ‘ഭീകരപ്രബോധകന്‍’, ‘ഡോ. ഭീകരന്‍’, ‘വെറുപ്പിന്റെ പ്രഭാഷകന്‍’ തുടങ്ങിയ പട്ടങ്ങള്‍ ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്? ഒട്ടനേകം രാജ്യങ്ങളില്‍ ബഹുമാനിക്കപ്പെടുന്ന ഞാന്‍ എന്റെ നാട്ടില്‍ എങ്ങനെ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നവനായി?
2. എനിക്കും ഐആര്‍എഫിനെതിരേയും എന്തുകൊണ്ടാണ് ഒരേ അന്വേഷണം പല തവണ നടക്കുന്നത്? ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഞങ്ങള്‍ക്കെതിരേ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. എന്നിട്ടും അന്വേഷണം വീണ്ടും വീണ്ടും നടക്കുന്നു. എന്റെ പ്രസംഗങ്ങളും വിഷയങ്ങളും മറുപടികളും അവര്‍ സൂക്ഷ്മമായി പരിശോധിച്ചില്ലേ? അപ്പോള്‍ എന്നെ പ്രതിയാക്കുക എന്ന ലക്ഷ്യം മാത്രമാണ് അന്വേഷണത്തിനുള്ളത്.
3. രജിസ്‌ട്രേഷന്‍ പുതുക്കുകയും ഉടനെ റദ്ദാക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? സര്‍ക്കാര്‍ ഐആര്‍എഫിന്റെ എഫ്‌സിആര്‍എ (വിദേശ സംഭാവനാ നിയന്ത്രണ നിയമം) രജിസ്‌ട്രേഷന്‍ പുതുക്കി; പിന്നെ റദ്ദാക്കി. അത് പുതുക്കിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതിന് എന്താണ് കാരണം? കണക്കുകളും രേഖകളും പരിശോധിക്കുന്നതിനു പകരം ആഭ്യന്തര മന്ത്രാലയത്തിന്റെ അജണ്ടയാണോ ഈ നടപടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്?
4. ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക രഹസ്യങ്ങളില്‍ ചിലതു മാത്രം എങ്ങനെയാണ് പുറത്തുവരുന്നത്? എന്നെയും ഐആര്‍എഫിനെയും സംബന്ധിച്ച് സര്‍ക്കാരും സോളിസിറ്റര്‍ ജനറലും ആഭ്യന്തരവകുപ്പും എടുത്തതെന്നു പറയപ്പെടുന്ന തീരുമാനങ്ങളില്‍ ചിലതു കൃത്യമായി മാധ്യമങ്ങളില്‍ വരുന്നു. ഞങ്ങളെ സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ റിപോര്‍ട്ടില്‍ നിഗമനങ്ങള്‍ അപൂര്‍ണമായിരുന്നു. എന്നാല്‍, ഐആര്‍എഫിനെ നിരോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ‘ശുപാര്‍ശ’ ചെയ്ത വിവരം പുറത്തുവന്നു. അപ്പോള്‍, തെളിവുകളും രേഖകളും ആശ്രയിക്കാതെ നിരോധനം ഏര്‍പ്പെടുത്തുന്നതിന് അന്തരീക്ഷം ഒരുക്കുകയാണോ?
5. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച കഥകള്‍ എങ്ങനെയുണ്ടായി? ആധുനിക യുഗത്തില്‍ ഒരു ശരാശരി സ്ത്രീയെയോ പുരുഷനെയോ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ സാധ്യമല്ല. അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ ഒരാളും ഐആര്‍എഫോ ഞാനോ തങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റി എന്നു മൊഴി കൊടുത്തിട്ടില്ല. വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നതാണ് സത്യം.
ഇതിനു പുറമേ ഉത്തരം കിട്ടാത്ത മറ്റു പല ചോദ്യങ്ങളും എന്റെ മനസ്സിലുണ്ട്: തല്‍ക്കാലം അവ ഞാന്‍ പരാമര്‍ശിക്കുന്നില്ല. എന്റെ നാട്ടുകാരോട് എനിക്കു പറയാനുള്ളത്, ഞാന്‍ തെറ്റു ചെയ്‌തെങ്കില്‍ എന്നെ ശിക്ഷിക്കൂ എന്നാണ്. ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്. എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും.
എന്റെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ ആക്രമണഭീഷണിയിലാണ്. രാജ്യത്ത് പലരും അറസ്റ്റിലാവുകയും അനേകം വര്‍ഷങ്ങള്‍ വിചാരണത്തടവുകാരായി കഴിയുകയും കോടതികള്‍ കുറ്റവിമുക്തരാക്കുമ്പോള്‍ പുറത്തുവരുകയും ചെയ്യുന്നു. കുറ്റം ചെയ്താലും ഇല്ലെങ്കിലും അവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം അതോടെ തുലയുന്നു. തുടര്‍ന്ന് അവര്‍ക്ക് ജോലി ലഭിക്കുന്നില്ല. അവരുടെ പെണ്‍മക്കള്‍ അവിവാഹിതരായി തുടരുന്നു.
ഭരണഘടനയെ തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കരുത്. സര്‍ക്കാരിനോട് എനിക്ക് അപേക്ഷിക്കാനുള്ളത്, അന്വേഷണത്തില്‍ നീതി ഉണ്ടാവണമെന്നാണ്. വസ്തുതകളോട് അധികൃതര്‍ സത്യസന്ധരാവണം. എന്റെ നാട്ടുകാരോട് എനിക്കു പറയാനുള്ളത്, ആരും ഒന്നും നിങ്ങള്‍ക്ക് സത്യം പറയുന്നതിന് തടസ്സമാവരുതെന്നാണ്.
ചിലപ്പോള്‍ ഞാന്‍ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടേക്കാം. അപ്പോള്‍ അല്ലാഹു എനിക്ക് മറ്റെവിടെയെങ്കിലും വാതില്‍ തുറന്നുതന്നേക്കും. എന്നാല്‍, ഇതെന്റെ വ്യക്തിപരമായ ഒരു പ്രതിസന്ധിയല്ല. മഹത്തായ ഒരു ദേശത്തിന്റെ ധര്‍മങ്ങളും മൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ദേശഗാത്രത്തില്‍ മതാന്ധതയും അനീതിയും അരിച്ചിറങ്ങുകയാണെങ്കില്‍ ഇന്ത്യക്ക് എന്തു സംഭവിക്കും?
ഇതിനുള്ള മറുപടി പേടിപ്പെടുത്തുന്നതാണ്. അതേയവസരം മതം, വിശ്വാസം എന്നിവയ്‌ക്കൊക്കെ അതീതമായി നീതിക്കും സൗഹാര്‍ദത്തിനുമായി എഴുന്നേറ്റുനിന്നവരോട് എനിക്ക് അനല്‍പമായ കൃതജ്ഞതയുണ്ട്. നിങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയിലും നീതി, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ്. മുസ്‌ലിം സഹോദരീസഹോദരന്‍മാരോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഈ പരീക്ഷണങ്ങള്‍ നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലമാക്കരുത്. അല്ലാഹു നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാവുക തന്നെ ചെയ്യും. ചരിത്രം സാക്ഷി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക