|    Apr 20 Fri, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അഞ്ചുവര്‍ഷത്തിനിടെ 31 രാഷ്ട്രീയ കൊലപാതകങ്ങള്‍; 14ലും പ്രതികള്‍ സിപിഎമ്മുകാര്‍

Published : 19th July 2016 | Posted By: sdq

cpm kola

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന 31 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 14 കേസിലും പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍. 12 കൊലക്കേസുകളിലെ പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. മൂന്ന് കേസില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേസിലും പ്രതികളാണ്. മൂന്നു കേസുകളിലെ പ്രതികളെ ഇതുവരെയായും പിടികൂടാനായിട്ടില്ല.
19 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. എസ്ഡിപിഐ സംസ്ഥാനത്ത് ആളുകളെ കൊല്ലാന്‍ പരിശീലിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. കോഴിക്കോട് കുറ്റിയാടി വേളത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കുത്തേറ്റുമരിച്ച സംഭവത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപ്രസ്താവന നടത്തിയത്.
എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍പ്രകാരം ഒരു കൊലക്കേസില്‍പോലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. അതേസമയം, ഭൂരിപക്ഷം കേസുകളിലും പ്രതികളായവര്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂരില്‍ നടന്ന രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ സ്ഥിരീകരിച്ചിരുന്നു.
പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയായ ധനരാജിനെ ബിജെപി പ്രവര്‍ത്തകരായ 10 പേര്‍ രാഷ്ട്രീയവിരോധം കാരണം വെട്ടിക്കൊലപ്പെടുത്തി. ഈ സംഭവത്തിനോടുളള വിരോധത്തില്‍ ബിജെപി പയ്യന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അംഗമായ രാമചന്ദ്രനെയും കൊലപ്പെടുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അഷ്‌റഫ്- കതിരൂര്‍, അബ്ദുല്‍ ഷുക്കൂര്‍- കണ്ണപുരം, അനീഷ് രാജന്‍- നെടുങ്കണ്ടം, വിനീഷ്- ചെര്‍പ്പുളശ്ശേരി, എം ബി ബാലകൃഷ്ണന്‍-ബേക്കല്‍, ഷജിന്‍ ഷാഹുല്‍- പാറശ്ശാല, ഫാസില്‍- ഗുരുവായൂര്‍, നാരായണന്‍ നായര്‍-വെള്ളറട, ഹംസ, നൂറുദ്ദീന്‍- മണ്ണാര്‍ക്കാട്, ഷിബിന്‍-നാദാപുരം, ഒനിയന്‍ പ്രേമന്‍- കണ്ണവം, ഷിഹാബുദ്ദീന്‍- പാവറട്ടി, വിനോദന്‍ (ബോണ്ട വിനു)- കൊളവല്ലൂര്‍, വിജയന്‍- വടക്കഞ്ചേരി, നാരായണന്‍-അമ്പലത്തറ, മുഹമ്മദ് കുഞ്ഞി-തളിപ്പറമ്പ് എന്നിവരാണ് അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ട സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.
ഷാരോണ്‍- പാവറട്ടി, മനോജന്‍- പയ്യോളി, വിനോജ്കുമാര്‍- പയ്യന്നൂര്‍, അനൂപ്- കുറ്റിയാടി, രാജന്‍പിള്ള- കൊട്ടാരക്കര, സുരേഷ്‌കുമാര്‍- കതിരൂര്‍, മനോജ്- കതിരൂര്‍, കെകെ രാജന്‍- തളിപ്പറമ്പ്, അഭിലാഷ്- വെള്ളിക്കുളങ്ങര എന്നിവരാണ് ഇതിന്റെ പ്രതികാരമെന്നോണം ഇക്കാലയളവില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രാദേശികതലത്തില്‍ സിപിഎം- ആര്‍എസ്എസ് സംഘട്ടനത്തിന്റെ ഭാഗമായി നിരവധി കൊലപാതകങ്ങളും ഇക്കാലയളവില്‍ നടന്നിട്ടുണ്ട്. ഇതിലൊക്കെ പ്രതികളായവര്‍ സിപിഎം, ഡിവൈഎഫ്‌ഐ അല്ലെങ്കില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ആകെ 485 രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നതായാണ് പോലിസിന്റെ കണക്ക്. ഇതില്‍ നാലു സംഘട്ടനങ്ങള്‍ മാത്രമാണ് എസ്ഡിപിഐ പ്രവര്‍ത്തകരുമായി നടന്നിട്ടുള്ളത്. ബിജെപി, ആര്‍എസ്എസ്, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരുമായാണ് ബാക്കി 481 സംഘട്ടനങ്ങളും നടന്നിട്ടുള്ളത്. ഇതില്‍ 384 കേസിലെയും പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ അല്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണിയില്‍പ്പെട്ട കക്ഷികളാണ്. മൊത്തം 1,081 പ്രതികളെ അറസ്റ്റ് ചെയ്തു.
294 അക്രമങ്ങളില്‍ സിപിഎമ്മും 90 എണ്ണത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍പ്പെട്ട കക്ഷികളുമാണ് പ്രതികള്‍. 221 അക്രമങ്ങളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. 244 സംഘട്ടനങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികളാണ്. മലപ്പുറത്ത് ആകെ നടന്ന 78 അക്രമങ്ങളില്‍ 76 കേസിലും സിപിഎമ്മുകാര്‍ പ്രതികളാണ്. കോഴിക്കോട്ട് 74 കേസില്‍ 63ലും കാസര്‍കോട്ട് 56ല്‍ 50 കേസിലും സിപിഎം ഉള്‍പ്പെടുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss