|    Oct 22 Sun, 2017 8:39 am

അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ നെല്ലുല്‍പാദനം ഇരട്ടിയാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

Published : 20th March 2017 | Posted By: fsq

 

പേരാമ്പ്ര: യന്ത്രവല്‍ക്കരണം ത്വരിതപ്പെടുത്തി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ  നെല്ലുല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് കൃഷി   മന്ത്രി വി എസ് സുനില്‍കുമാര്‍. ആവളപാണ്ടിയില്‍ ജനകീയ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 30000 ഏക്കര്‍ സ്ഥലത്ത് ഇത്തവണ കൂടുതലായി കൃഷിയിറക്കാനാണ് പദ്ധതി.
27 ശതമാനം ഫണ്ട് കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരുടെ ഇന്‍ഷുറന്‍സ് തുക 12500 ല്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. രോഗം വന്ന് മുറിച്ചുമാറ്റുന്ന തെങ്ങ് ഒന്നിന് 750 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. നെല്ല്, വാഴ, തെങ്ങ് തുടങ്ങിയ വിളകളുടെ ഇന്‍ഷുറന്‍സ് തുക ഇരട്ടിയായി വര്‍ധിപ്പിക്കും. ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി രോഗവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും യുവാക്കള്‍ കൂടുതല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എറെ പ്രതീക്ഷ നല്‍കുന്നതായും മന്ത്രി പറഞ്ഞു.
അതിരപ്പള്ളി പദ്ധതിക്ക് പ്രതീക്ഷിക്കുന്ന തുക ഗ്രാമമേഖലകളില്‍ സോളാര്‍ കണക്ഷന് വേണ്ടി നീക്കിവച്ച് പരിസ്ഥിതി ചൂഷണമില്ലാത്ത വികസന സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് ചടങ്ങില്‍ തുടര്‍ന്ന് സംസാരിച്ച നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിച്ചു.
മന്ത്രി എ കെ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ സി സതി (പേരാമ്പ്ര) കെ കുഞ്ഞിരാമന്‍ (മേലടി) വിവിധ ഗ്രാപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ റീന (മേപ്പയൂര്‍), കെ എം റീന (പേരാമ്പ്ര), ഷെരീഫ (തുറയൂര്‍), കെ പി ഗോപാലന്‍ നായര്‍ (കീഴരിയൂര്‍), സി രാധ (അരിക്കുളം), പി എം കുഞ്ഞിക്കണ്ണന്‍ (നൊച്ചാട്) എന്‍ പത്മജ (കായണ്ണ) ഷീജ ശശി (ചക്കിട്ടപ്പാറ) കെ പി അസ്സന്‍ കുട്ടി (കൂത്താളി) ആയിഷ (ചങ്ങരോത്ത്), ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍ പങ്കെടുത്തു. മന്ത്രി ടി പി രാമകൃഷ്ണന്റെ സന്ദേശം അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി പി സലിം ചടങ്ങില്‍ വായിച്ചു.
നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് എന്ന സന്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നെല്ല് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് കൊയ്ത്തുല്‍സവം നടന്നത് . തരിശുരഹിതമണ്ഡലമാക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര  മണ്ഡലത്തിലെ 2182 ഏക്കര്‍ സ്ഥലത്താണ് ജനകീയ കുട്ടായ്മയില്‍ കൃഷി ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക