|    Jul 22 Sat, 2017 8:41 am
Home   >  Pravasi  >  Gulf  >  

അഞ്ചുമാസത്തിനിടെ ഖത്തറിലെത്തിയത് 12.8 ലക്ഷം സന്ദര്‍ശകര്‍

Published : 24th July 2016 | Posted By: sdq

ദോഹ: ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്തെത്തിയത് 12.8 ലക്ഷം സന്ദര്‍ശകര്‍. വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആദ്യത്തെ നാല് മാസത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ജനുവരിക്കും ഏപ്രിലിനുമിടയില്‍ ഏകദേശം പത്തര ലക്ഷം സന്ദര്‍ശകരാണ് രാജ്യത്ത് എത്തിയത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്തെത്തിയ സന്ദര്‍ശകരില്‍ ഭൂരിഭാഗവും ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവരാണ്. 5,98,702 പേരാണ് ഇക്കാലയളവില്‍ ജിസിസിയില്‍ നിന്നു ഖത്തറിലേക്ക് പ്രവേശിച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 2,94,983 പേര്‍ രാജ്യം സന്ദര്‍ശിച്ചു. ഓഷ്യാനിയ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 1,99,170 പേരാണ് സന്ദര്‍ശിച്ചത്.
ഖത്തറിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നത് വിനോദ സഞ്ചാരമേഖലയാണ്. രാജ്യത്തെ വിനോദസഞ്ചാരമേഖലയില്‍ മേധാവിത്വം ജിസിസിരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. 2016ന്റെ ആദ്യ പാദത്തില്‍ 4,03,023 പേരാണ് ജിസിസി രാജ്യങ്ങളില്‍ നിന്നായി ഖത്തറില്‍ സന്ദര്‍ശനം നടത്തിയത്.
2015 ആദ്യപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ 3,61,660 പേരാണ് രാജ്യം സന്ദര്‍ശിച്ചത്. സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്.
2015ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2016 ആദ്യ പാദം തന്നെ സൗദിയില്‍ നിന്നു ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം 16 ശതമാനം വര്‍ധിച്ച് 2,80,255 ആയി. 2015 ല്‍ രാജ്യത്തിലെത്തിയ സഞ്ചാരികളുടെ ആകെ എണ്ണം 29.3 ലക്ഷമാണ്. ഇതില്‍ മൂന്നിലൊന്നും സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.
2014നേക്കാള്‍ 2015ല്‍ രാജ്യത്തെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.7ശതമാനം വര്‍ധനയുണ്ട്. 2010നും 2015നും ഇടയിലുള്ള ശരാശരി വാര്‍ഷിക വളര്‍ച്ച 11.5 ശതമാനമാണ്. 2015 ല്‍ 8,55,555 സൗദി പൗരന്‍മാരാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 3,75,910 ഇന്ത്യക്കാരാണ് എത്തിയത്. മൂന്നാം സ്ഥാനത്ത് ബ്രിട്ടനാണ്. 1,35,645 പേരാണ് അവിടെനിന്നും രാജ്യത്തെത്തിയത്.
നാലാം സ്ഥാനത്ത് ബഹ്റൈന്‍, 1,32,913 പേര്‍. 2015ല്‍ രാജ്യത്തെ ഹോട്ടല്‍ മേഖലയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ നാല് നക്ഷത്ര പദവിയിലുളളതുമായ 13 എണ്ണം ആരംഭിച്ചതും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായി. രാജ്യത്ത് ബിസിനസ് ടൂറിസവും ശക്തിപ്രാപിക്കുകയാണ്. ധാരാളം വ്യവസായ സംഗമങ്ങളും മറ്റും നടക്കുന്നതിനാല്‍ ബിസിനസ് ടൂറിസത്തിന്റെ പ്രധാനകേന്ദ്രമെന്ന ഖ്യാതിയും ഖത്തറിനു ലഭിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക